പഞ്ചാബില്‍ നിന്ന് പാരീസില്‍ പോയ 23 വിദ്യാര്‍ഥികളെ കാണാനില്ല; മനുഷ്യക്കടത്തെന്ന് സംശയം
ഗുരുദ്വാര: പഞ്ചാബിലെ രണ്ടു സ്കൂളുകളില്‍ നിന്നായി പാരീസില്‍ പോയ 23 വിദ്യാര്‍ഥികളെ കാണാനില്ല. സംഭവത്തില്‍ സി.ബി.ഐ കേസെടുത്തു. അനധികൃതമായാണ് കുട്ടികളെ ഫ്രാന്‍സിലേക്ക് കൊണ്ടുപോയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. 2016 ഫെബ്രുവരിയിലാണ് ഇവര്‍ യാത്ര പോയത്.
രണ്ട് ട്രാവല്‍ ഏജന്‍സികള്‍ മുഖേനയാണ് കുട്ടികള്‍ പാരീസിലെത്തിയത്. റഗ്ബി പരിശീലനത്തിന്റെ പേരിലാണ് ഇവരെ കടത്തിയത്. സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ഫരീദാബാദിലെ ലലിത് ഡേവിഡ് ഡീന്‍, ഡല്‍ഹിയിലെ സഞ്ജീവ് റോയ്, വരുണ്‍ ചൗധരി എന്നിവരില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
കുട്ടികളെ വിദേശത്ത് എത്തിക്കാന്‍ ഏജന്‍സികള്‍ ഓരോരുത്തരുടെ രക്ഷിതാക്കളില്‍ നിന്നും 25-30 ലക്ഷം രൂപ വരെ കൈപ്പറ്റിയിട്ടുണ്ടെന്നും സി.ബി.ഐ പറഞ്ഞു. 13 മുതല്‍ 18 വരെ പ്രായമുള്ളവരാണ് കുട്ടികള്‍. കുട്ടികളുടെയെല്ലാം മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് യാത്രാ ഏജന്‍സി റദ്ദാക്കിയതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
25 കുട്ടികളെയാണ് പാരീസില്‍ കൊണ്ടുപോയിരുന്നത്. ഇതില്‍ രണ്ടു കുട്ടികള്‍ മടക്കയാത്രാ ടിക്കറ്റ് റദ്ദാക്കുന്നതിനു മുന്‍പ് തന്നെ നാട്ടിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചു. എന്നാല്‍, ഒരു കുട്ടിയെ പാരീസില്‍ പൊലിസ് അറസ്റ്റ് ചെയ്ത് ഇന്റര്‍പോളിന് കൈമാറി. ഇതോടെയാണ് സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."