കെ.എസ്.ആര്‍.ടി.സി: 20 ബസുകളുടെ ബോഡി നിര്‍മാണം ആരംഭിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പുതിയതായി വാങ്ങിയ 20 ബസുകളുടെ ബോഡി നിര്‍മാണം സ്വകാര്യ സ്ഥാപനത്തില്‍ ആരംഭിച്ചു. അശോക് ലെയ്‌ലന്‍ഡ് കമ്പനിയില്‍നിന്നു വാങ്ങിയ ഷാസികളില്‍ ബോഡി നിര്‍മാണത്തിന് ആ കമ്പനിയെതന്നെയാണ് കെ.എസ്.ആര്‍.ടി.സി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ഷാസിയും ബോഡി നിര്‍മാണവും ഉള്‍പ്പെടെ ഒന്നിന് 26 ലക്ഷം രൂപ ചെലവില്‍ സര്‍വിസ് നടത്താന്‍ പാകത്തിലായിരിക്കും ബസ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുന്നത്. ഇവ നിര്‍മാണം പൂര്‍ത്തിയാക്കി ജനുവരി മധ്യത്തോടെ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള കൊണ്ടോട്ടിയിലെ സ്ഥാപനത്തെയാണ് ലെയ്‌ലന്‍ഡ് കമ്പനി കെ.എസ്.ആര്‍.ടി.സി ബസുകളുടെ ബോഡി നിര്‍മാണത്തിന് തെരഞ്ഞെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ മാത്രമേ കെ.എസ്.ആര്‍.ടി.സി ബസുകളുടെ ബോഡി നിര്‍മിക്കാവൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണ് പറയുന്നത്.
എന്നാല്‍, ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടായിട്ടും ജീവനക്കാരില്‍ വിശ്വാസമില്ലാത്തതിനാലാണ് ബോഡി നിര്‍മാണം കെ.എസ്.ആര്‍.ടി.സി പുറത്തുകൊടുത്തതെന്നും ആരോപണമുണ്ട്. ബോഡി നിര്‍മാണം സ്വകാര്യമേഖലക്ക് നല്‍കിയതോടെ ഈ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 600ഓളം താല്‍ക്കാലിക ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടിരുന്നു.
സ്വകാര്യ കമ്പനിക്ക് ബോഡി നിര്‍മാണം നല്‍കുന്നതാണ് ലാഭകരം എന്നുവന്നതോടെയാണ് കെ.എസ്.ആര്‍.ടി.സി ഈ തീരുമാനമെടുക്കുന്നത്. മാത്രമല്ല നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തമായി ബസിന്റെ രൂപകല്‍പ്പന ഇല്ല.
പുതിയതായി രൂപകല്‍പ്പന ഉണ്ടാക്കി അനുമതി വാങ്ങിയാല്‍ മാത്രമേ ബോഡി നിര്‍മാണത്തിനു കഴിയൂ. ഇതിലൂടെയെല്ലാം ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുകൂടിയാണ് സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."