ഇസ്റാഈല്‍ യുനെസ്കോയില്‍നിന്ന് പിന്‍വാങ്ങി
യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടനയായ യുനെസ്കോയില്‍നിന്ന് ഇസ്റാഈല്‍ പിന്‍വാങ്ങി. കിഴക്കന്‍ ജറൂസലമില്‍ ഇസ്റാഈല്‍ നടത്തുന്ന അധിനിവേശത്തിനെതിരേ യുനെസ്കോ തുടരുന്ന വിമര്‍ശനത്തില്‍ പ്രതിഷേധിച്ചാണു നടപടി. ഫലസ്തീന് സമിതിയില്‍ അംഗത്വം നല്കിയതും അവരെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇസ്റാഈല്‍ നടപടിയില്‍ യുനെസ്കോ മേധാവി ഖേദം രേഖപ്പെടുത്തി. വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര വിഷയങ്ങളില്‍ പ്രതിജ്ഞാബന്ധമായി പ്രവര്‍ത്തിക്കുന്ന യുനെസ്കോയില്‍ 1949 മുതല്‍ അംഗമായ ഇസ്റാഈലിന് അവരുടെതായൊരു ഇടം സമിതിയിലുണ്ട്. ഇത്തരമൊരു തീരുമാനം ഉണ്ടാകാന്‍ പാടില്ലായിരുന്നു-ഡയരക്ടര്‍ ജനറല്‍ ഔഡ്രെ അസൂലായ് പറഞ്ഞു.
നേരത്തെ അമേരിക്കയും യുനെസ്കോയില്‍നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം അറിയിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ഇരുരാജ്യങ്ങളും യുനെസ്കോക്ക് ഔദ്യോഗിക നോട്ടിസ് നല്‍കിയത്. സമിതിയില്‍ സ്ഥിര നിരീക്ഷകരായി തുടരുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചിട്ടുണ്ട്. 2018 ഡിസംബര്‍ 31ഓടെയാണ് ഇവരുടെ അംഗത്വം ഔദ്യോഗികമായി ഇല്ലാതാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."