അസ്ലം വധം; കൈവിരലും രക്തംപുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു
നാദാപുരം: അസ്ലം വധക്കേസിലെ പ്രതികളുടേതെന്നു കരുതുന്ന വിരലിന്റെ ഭാഗവും രക്തംപുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിച്ച കാര്‍ പരിശോധിക്കുന്നതിനിടെയാണ് കാറിനുള്ളില്‍നിന്ന് ഇവ കണ്ടെടുത്തത്.
അസ്ലമിനെ വാളുകൊണ്ടു വെട്ടിയായിരുന്നു മുറിവേല്‍പ്പിച്ചത്. ഒന്നിലധികം പേര് ചേര്‍ന്നു വെട്ടുന്നതിനിടെ പ്രതികളിലൊരാള്‍ക്കു വെട്ടേറ്റിരിക്കാമെന്നും മുറിഞ്ഞ കൈവിരല്‍ കാറില്‍ പതിച്ചതായിരിക്കാമെന്നുമാണ് പൊലിസിന്റെ നിഗമനം. ഇവ ഫോറന്‍സിക് പ രിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അതിനിടെ, അസ്ലം വധത്തിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം എങ്ങുമെത്തിയിട്ടില്ല. കാര്‍ വാടകയ്ക്കെടുത്ത വളയംചുഴലിയിലെ ബസ് ഡ്രൈവറെ കണ്ടെത്താന്‍ കഴിയാത്തതാണ് അന്വേഷസംഘത്തെ കുഴക്കുന്നത്. ഇയാളാണ് പ്രതികള്‍ക്കു വാഹനം കൈമാറിയത്. സംഭവം നടന്ന അന്നു മുതല്‍ ഇയാള്‍ ഒളിവിലാണ്. യഥാര്‍ഥ പ്രതികളെ പിടിക്കാതിരിക്കാന്‍ അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം മുറുകിയതായും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം സി.പി.എം ഏരിയാ സെക്രട്ടറി പി.പി ചാത്തുവിന്റെ വീട്ടില്‍ പൊലിസ് നടത്തിയ റെയ്ഡിനെതിരേ പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നു പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഈ വിഷയം ഉയര്‍ത്തിക്കാട്ടി പൊലിസിനെ നിഷ്ക്രിയമാക്കാനാണ് ശ്രമം. കേസിന്റെപുരോഗതി വിലയിരുത്താന്‍ ഐ.ജി വിരേന്ദ്ര കശ്യപ് ഇന്നലെ വീണ്ടും നാദാപുരത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അന്വേഷണം ശരിയായ ദിശയിലാണെന്ന് അദ്ദേഹംപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."