ഹജ്ജ് യാത്ര; സാങ്കേതിക പഠനം (1)
ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിപോവാന്‍ ഭാഗ്യം ലഭിച്ചവര്‍ക്ക് ഞങ്ങളുടെ ഹജ്ജ് യാത്രയില്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ചില നിര്‍ദേശങ്ങള്‍ ഇവിടെ കുറിക്കുന്നു.
ഹജ്ജിന് പോവാന്‍ ഭാഗ്യം ലഭിച്ചാല്‍ പിന്നെ ക്ഷമ ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന ഘട്ടമാണ് ഹജ്ജ്‌യാത്ര. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും മറ്റും മാറ്റിവെച്ച് ക്ഷമയോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. യാത്രയിലുടനീളം ഇത് നാം കാത്ത് സൂക്ഷിക്കേണ്ടതാണ്.
സൗകര്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ നടത്തം പോലെയുള്ള കാര്യങ്ങള്‍ നാം പലരും ഒഴിവാക്കിയിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഒത്ത് കൂടുന്ന ഈ ലോക മുസ്‌ലിം സമ്മേളന സ്ഥലത്ത് നമുക്ക് ധാരാളം നടക്കേണ്ടതായി വരും. അത് പോലെ യൂറോപ്പ്യന്‍ ക്ലോസറ്റ്, എസ്‌കലേറ്റര്‍, ലിഫ്റ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കുന്ന രീതി മനസ്സിലാക്കുക.
ആരോഗ്യം കാത്ത് സൂക്ഷിക്കുക. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ കൃത്യമായി പരിശോധനകളും മറ്റും നടത്തി രോഗത്തിന് ചികിത്സ തേടുക. സഊദി അറേബ്യയിലെ നിയമങ്ങളും രീതികളും അനുസരിച്ച് അവിടെ ജീവിക്കണമെന്ന കാര്യം മനസ്സിലോര്‍ക്കുക.
നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള (HAT BOOK) ഹെല്‍ത്ത് ആന്റ് ട്രെയിനിംങ്ങ് ബുക്ക് ഹാറ്റ് കാര്‍ഡ് നിങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഡോക്ടറെ കാണിച്ച് പരിശോധിച്ച് എഴുതിപ്പിക്കുകയും ഡോക്ടറുടെ ഒപ്പും രജിസ്റ്റര്‍ നമ്പര്‍ അടക്കം സീലും ചെയതു എന്ന് ഉറപ്പാക്കുക. കാര്‍ഡിന്റെ മറുവശത്ത് മെനിഞ്ചൈറ്റിസ് കുത്തിവെപ്പും, പോളിയോ തുള്ളിമരുന്നും എടുത്ത് ഹോസ്പിറ്റലില്‍ നിന്നും സീലും ഒപ്പും വാങ്ങി നിങ്ങള്‍ ഗവണ്‍മെന്റ് ഹജ്ജ് കമ്മിറ്റി നടത്തിയ മൂന്ന് ട്രെയിനിങ് ക്ലാസുകളില്‍ പങ്കെടുത്തു എന്ന ഹാറ്റ് ബുക്കില്‍ നിങ്ങളുടെ ട്രെയ്‌നര്‍മാരില്‍ നിന്നും എഴുതിക്കുകയും ചെയ്ത്- ഹാറ്റ് കാര്‍ഡ് ഫോട്ടോസ്റ്റാറ്റോട്കൂടി സൂക്ഷിയ്‌ക്കേണ്ടതാണ്. ഈ ഹാറ്റ് കാര്‍ഡില്ലാതെ ഒരു ഹാജിക്ക് ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് കടക്കാന്‍ പ്രയാസമായിരിക്കും.
ഓരോ കവറിലുള്ളവരുടെയും യാത്രാ തിയതിയും സമയവും പത്രങ്ങളിലൂടെയും വളണ്ടിയര്‍മാര്‍ മുഖേനെയും മറ്റും അറിയിക്കുന്നതാണ്. അതനുസരിച്ച് വീട്ടില്‍ നിന്ന് പുറപ്പെടേണ്ട സമയം ക്രമീകരിക്കുക. ഹജ്ജ് ക്യാംപില്‍ എത്തി ചേരാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സമയത്തിനകം തന്നെ എത്തേണ്ടതാണ്. യാത്രക്കാവശ്യമായ ലഗേജുകളും മറ്റും ഹാജിമാരുടെ സാന്നിധ്യത്തില്‍ തയാറാക്കുക.
ലഗേജ്-22 കിലോ വീതം തൂക്കമുള്ള രണ്ട് ബേഗേജ് നീളം, വീതി, ഉയരം എന്നിവ 158 സെ.മീ കൂടരുത്. ഹാന്റ് ബേഗേജ്- 10 കി. സൈസ് 22'' ഃ 16'' ഃ 8''. ഒരു കവറിലുള്ള മുഴുവന്‍ ആളുകളുടെ ബേഗുകള്‍ ഒരേപോലെയുള്ളതാക്കാന്‍ ശ്രദ്ധിക്കുക. ഓരോരുത്തരുടെയും കവര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള അഡ്രസ് പ്രിന്റ് ചെയ്ത ഫ്‌ളക്‌സ് ഹജ്ജ് കമ്മിറ്റി നല്‍കിയിട്ടുണ്ട്. ഇത് നിര്‍ബന്ധമായും ബാഗിന്റെ ഇരുവശത്തും തുന്നിപ്പിടിപ്പിക്കുകയും ഫോട്ടോ പതിക്കുകയും ചെയ്യേണ്ടതാണ്. ലഗേജ് എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് മേല്‍പറഞ്ഞ കാര്യങ്ങള്‍ സഹായകമാവും.
മൂന്നോ നാലോ ജോഡി ഡ്രസുകള്‍, ചെരുപ്പ്, വിരിപ്പ്, ഒന്നോ രണ്ടോ ജോഡി ചെരുപ്പ് കണ്ണട ഉപയോഗിക്കുന്നവര്‍ ഒരെണ്ണം അധികം, തുടങ്ങിയവയും കുറിയരി, അവില്‍, അവലോസ് പൊടി, അണ്ടിപ്പരിപ്പ് പോലെയുള്ള ഡ്രൈഫ്രൂട്‌സ്, ചുക്ക്-കുരുമുളക് പൊടി എന്നിവയും ലഗേജില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ നിരോധിക്കപ്പെട്ട യാതൊരു സാധനങ്ങളും (നാളികേരം, എണ്ണ, സ്റ്റൗ, സിഗര്‍ലറ്റ്, മറ്റു മതസ്ഥരുടെ ചിഹ്‌നങ്ങള്‍, ഇസ്‌ലാമികമല്ലാത്ത ഗ്രന്ധങ്ങള്‍, കറുത്ത തസ്ബീഹ് മാല, കസ്‌കസ്, പച്ചക്കറികള്‍, വേവിച്ച ഭക്ഷണങ്ങള്‍ മുതലായവ) കൊണ്ട് പോകരുത്.
കത്തി, കത്രിക, സൂചി, സേഫ്റ്റിപിന്‍, ബ്ലേഡ്, നെയില്‍ കട്ടര്‍, കോണ്‍ക്രീറ്റ് ആണി, പ്ലാസ്റ്റിക് കയര്‍ എന്നിവ ലഗേജില്‍ മാത്രമേ കൊണ്ട് പോകാന്‍ പാടുള്ളൂ. കൈയിലുള്ള ബാഗില്‍, ഇഹ്‌റാം വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍ ഖുര്‍ആന്‍, ദുആകളുടെയും ഹജ്ജ് കര്‍മ്മത്തെ കുറിച്ചുള്ള മനാസിക്കുകള്‍, മരുന്നുകള്‍ (ഡോക്ടറുടെ കുറിപ്പോട് കൂടി) യാത്ര രേഖകളായ, ഹാറ്റാകാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വയ്ക്കാവുന്നതാണ്. ഒന്നോ രണ്ടോ നേന്ത്രപ്പഴവും ആപ്പിളും കൂടി കരുതുന്നത് നല്ലതാണ്.
സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍, ഡോക്ടറുടെ ശീട്ട് സഹിതം 20 ദിവസത്തേക്കുള്ള മരുന്ന് ഒരു പേക്കറ്റിലാക്കി അത്തരം മൂന്ന് പേക്കറ്റുകള്‍ രണ്ടെണ്ണം ലഗേജിലും ഒരെണ്ണം ഹാന്റ് ബേഗേജിലും കൊണ്ട് പോകേണ്ടതാണ്. മൊത്തം 60 ദിവസത്തെ മരുന്ന് എടുക്കേണ്ടതാണ്. വിദേശത്തുള്ളവര്‍ക്ക് നല്‍കുന്നതിനായി സമ്മാനപൊതികള്‍ ആരില്‍ നിന്നും യാത്രയുടെ യാതൊരു ഘട്ടത്തിലും സ്വീകരിക്കരുത്. അതുവഴി നിങ്ങള്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."