ശൈഖ് ഹസീന വീണ്ടും അധികാരത്തിലെത്തുമ്പോൾ
ബംഗ്ലാദേശിൽ അഞ്ചാമതും അധികാരം പിടിച്ചിരിക്കുകയാണ് ശൈഖ് ഹസീന. ആകെയുള്ള 300 സീറ്റിൽ 222 സീറ്റുകളിലും വിജയിച്ച് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് അധികാരത്തിലെത്തുമ്പോൾ ഇത് തുടർച്ചയായ നാലാമത്തെ വിജയമാണ് ശൈഖ് ഹസീനക്ക്. ഗോപാൽഗഞ്ച് മണ്ഡലത്തിൽ മത്സരിച്ച അവർ രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) പ്രഖ്യാപിച്ച വോട്ടെടുപ്പ് ബഹിഷ്‌കരണത്തിനും പണിമുടക്കിനും ഇടയിൽ ഹസീനയുടെ വിജയം ഉറപ്പായിരുന്നു.
തെരഞ്ഞെടുപ്പിൽ 40 ശതമാനം പേർ മാത്രമാണ് വോട്ടു ചെയ്തത്. 1991ൽ ബംഗ്ലദേശിൽ ജനാധിപത്യം പുനഃസ്ഥാപിച്ചശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറവ് വോട്ടിങ് ശതമാനമാണിത്. 63 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളാണ് വിജയിച്ചത്. ലോകത്തിനു മുന്നിൽ തെരഞ്ഞെടുപ്പിലെ മത്സരസ്വഭാവം കാണിക്കാൻ അവാമി ലീഗുതന്നെ നിർത്തിയ ഡമ്മിസ്ഥാനാർഥികളാണ് സ്വതന്ത്രരെന്നാണ് ആരോപണം.
ശൈഖ് ഹസീനക്ക് കീഴിൽ നിഷ്പക്ഷ തെരഞ്ഞെടുപ്പുണ്ടാകില്ലെന്നും നിഷ്പക്ഷ സർക്കാരാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നുമായിരുന്നു പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നത്.
പ്രതിപക്ഷമില്ലാത്ത തെരഞ്ഞെടുപ്പെന്ന പ്രതിഭാസം ബംഗ്ലാദേശിൽ പൊടുന്നനെയുണ്ടായതല്ല. രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നും ജനാധിപത്യം അട്ടിമറിക്കപ്പെടുന്നുവെന്നുമുള്ള ആശങ്ക പ്രതിപക്ഷം ഏറെക്കാലമായി ഉയർത്തുന്നുണ്ട്. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ നേതാക്കളിൽ ഭൂരിഭാഗവും ഇപ്പോൾ ജയിലിലാണ്. അതിൽ പാർട്ടി ചെയർപേഴ്‌സൺ ഖാലിദാ സിയയും ഉൾപ്പെടും. തെരഞ്ഞെടുപ്പിനുമുമ്പ് പതിനായിരക്കണക്കിന് പ്രതിപക്ഷ രാഷ്ട്രീയപാർട്ടി നേതാക്കളെയും പ്രവർത്തകരെയുമാണ് സർക്കാർ അറസ്റ്റ് ചെയ്തത്.
ഭീകരവാദികൾ എന്നാണ് പ്രതിപക്ഷത്തെ ശൈഖ് ഹസീന വിശേഷിപ്പിക്കുന്നത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നായി 100 ലേറെ അന്താരാഷ്ട്ര വിദഗ്ധരുടെ നിരീക്ഷണത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ജനാധിപത്യധ്വംസനവും പ്രതിപക്ഷത്തെ അടിച്ചമർത്തലും രാജ്യത്ത് ശക്തമാകുന്നുവെന്നാണ് യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണ ഹസീനയ്ക്കുണ്ട്.
ഏഷ്യാ_പസഫിക്കിലെ 32 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ബംഗ്ലാദേശ്. കൊവിഡുണ്ടാക്കിയ സാമ്പത്തിക തകർച്ചയ്ക്കുശേഷവും 7.2 ശതമാനമാണ് വളർച്ചാ നിരക്ക്. 2009 മുതൽ അധികാരത്തിലുള്ള ഹസീനയുടെ അവാമി ലീഗ് സർക്കാരിനായിരുന്നു ഇൗ നേട്ടത്തിന്റെ അംഗീകാരം. എന്നാൽ, 2022 മുതൽ രാജ്യത്തിന്റെ കരുതൽശേഖരത്തിൽ കുറവുണ്ടായിട്ടുണ്ട്. അക്രമാസക്തമായ നിരവധി സമരങ്ങൾക്കും സാക്ഷ്യംവഹിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു എന്നത് ബംഗ്ലാദേശിൽ ആദ്യത്തെ സംഭവമല്ല.
ഇതിനു തൊട്ടുമുൻപ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും അവാമി ലീഗിന്റെ വിജയം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. 2014ലെ തെരഞ്ഞെടുപ്പ് ബി.എൻ.പി ബഹിഷ്‌കരിച്ചപ്പോൾ 2018ലെ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നുവെന്ന് ആരോപണമുയർന്നിരുന്നു. സമാന ആരോപണങ്ങൾ ഇപ്പോഴുമുണ്ട്. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ച് അവരുടെ ബഹിഷ്‌കരണം ഉറപ്പാക്കുന്ന തെരഞ്ഞെടുപ്പ് ജനാധിപത്യപരമല്ല. പാശ്ചാത്യരാജ്യങ്ങൾ ഈ വിജയത്തെ അഭിനന്ദിക്കുന്നുമില്ല. ജനങ്ങൾ തെരഞ്ഞെടുക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷം ബഹിഷ്‌കരിച്ചത് എന്നാണ് അവാമി ലീഗിന്റെ പ്രതികരണം.
എന്നാൽ, 1996ൽ അന്ന് പ്രതിപക്ഷത്തായിരുന്ന അവാമി ലീഗ് തെരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചിരുന്നു. ബഹിഷ്‌കരണത്തെ രാഷ്ട്രീയ നീക്കമായാണ് പാർട്ടി കണ്ടത്.
ബംഗ്ലാദേശിലെ രാഷ്ട്രീയം ഏറ്റവും സൂക്ഷ്മതയോടെ നോക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ചതാണ്. ശൈഖ് ഹസീനയുടെ ഭരണകാലത്ത് ഈ ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. പശ്ചിമബംഗാൾ, അസം, മേഘാലയ, ത്രിപുര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളുമായി ബംഗ്ലാദേശ്, ഇന്ത്യയുമായി 4096 കിലോമീറ്റർ അതിർത്തി പങ്കിടുന്നു.
ശൈഖ് ഹസീന അധികാരമേറ്റതുമുതൽ അതിർത്തിയിലെ സുരക്ഷാ കാര്യങ്ങളിൽ ഇന്ത്യയുമായി സഹകരിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചുവരുന്നത്. ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതു സംബന്ധിച്ചും മറ്റു സുരക്ഷാ കാര്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ മികച്ച ഏകോപനമുണ്ട്.
ദക്ഷിണേഷ്യയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബംഗ്ലാദേശ്. കൊവിഡ് പ്രതിസന്ധിയുണ്ടായ കാലത്തും ഉഭയകക്ഷി വ്യാപാരത്തിൽ 44 ശതമാനത്തിന്റെ വളർച്ചയുണ്ടായി. 2020-_21ൽ ഇത് 1078 കോടി ഡോളർ ആയിരുന്നെങ്കിൽ അടുത്ത സാമ്പത്തിക വർഷം 1814 കോടി ഡോളറായി വർധിച്ചു. 2020-_21ൽ കയറ്റുമതി 960 കോടി ഡോളറായിരുന്നെങ്കിൽ 2021-_22ൽ 1600 കോടി ഡോളറായി ഉയർന്നു.
ബംഗ്ലാദേശുമായി ഇന്ത്യക്കുണ്ടായിരുന്ന അതിർത്തി തർക്കങ്ങൾ നേരത്തെ പറഞ്ഞുതീർത്തിട്ടുണ്ട്. കൂടുതൽ മികച്ച അതിർത്തിക്കായുള്ള പ്രവർത്തനങ്ങൾ ഇരുരാജ്യങ്ങളും തുടരുന്നുണ്ട്. ആ അർഥത്തിൽ ഇന്ത്യക്ക് വിശ്വസിക്കാവുന്ന പങ്കാളിയായി ബംഗ്ലാദേശ് തുടരുന്നു. എന്നാൽ, ജനാധിപത്യത്തെ അടിച്ചമർത്താനുള്ള ശൈഖ് ഹസീനയുടെ നീക്കം ബംഗ്ലാദേശിൽ അരക്ഷിതാവസ്ഥയുണ്ടാക്കുകയേയുള്ളൂ. അത് മേഖലയിലെ സുരക്ഷയെയും ബാധിക്കും.
മുൻ പ്രധാനമന്ത്രിയും ബി.എൻ.പി നേതാവുമായ ബീഗം ഖാലിദാ സിയ 2018 മുതൽ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്നാണ് പ്രതിപക്ഷ ആരോപണം. ബി.എൻ.പി നേതൃത്വത്തിലെ മിക്കവരെയും വിവിധ കേസുകളിൽപെടുത്തി ശൈഖ് ഹസീന സർക്കാർ തുറുങ്കിലടച്ചു. പുറത്തുള്ളവരെ രാഷ്ട്രീയമായി ദ്രോഹിക്കുന്നു. പ്രതിപക്ഷത്തിന്റെ അഞ്ചു ദശലക്ഷം അംഗങ്ങളിൽ പകുതിയും വിവിധ കേസുകൾ നേരിടുന്നു.
വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രതിപക്ഷത്തെ ഇല്ലാതാക്കൽ, വിമതസ്വരങ്ങളെ അടിച്ചമർത്തൽ തുടങ്ങിയവയാണ് ഹസീന സർക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ. ഇതെല്ലാം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണമായി തള്ളിക്കളയാനാവാത്തതാണ്.
ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട് പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരം ഇല്ലാതാക്കൻ ശൈഖ് ഹസീന സർക്കാർ പ്രതിപക്ഷത്തെ അടിച്ചമർത്തി. പതിനായിരത്തോളം പ്രവർത്തകരെ ജയിലിലടച്ചു. നിരവധി രാഷ്ട്രീയ കൊലകളുണ്ടായി. സ്ഥിരതയുള്ള അയൽക്കാരെന്ന നമ്മുടെ താൽപര്യത്തെ അട്ടിമറിക്കുന്നതാണ് ഇതെല്ലാം.
Content Highlights:When Sheikh Hasina comes back to power
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."