'സമരജ്വാല' രാഹുലിന്റെ അറസ്റ്റിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ്; ജാമ്യാപേക്ഷ തള്ളിയതിനെതിരെ സെഷന്‍സ് കോടതിയെ സമീപിക്കും
'സമരജ്വാല' രാഹുലിന്റെ അറസ്റ്റിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടുകളുമായി യൂത്ത് കോണ്‍ഗ്രസ്, ജാമ്യാപേക്ഷ തള്ളിയതിനെതരിെ സെഷന്‍സ് കോടതിയെ സമീപിക്കും
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. ബുധനാഴ്ച്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലിസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'സമരജ്വാല' എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും അബിന്‍ അറിയിച്ചു.
ജാമ്യാപേക്ഷ തള്ളിയതിനെതിരെ സെഷന്‍സ് കോടതിയെ സമീപിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് അപ്പീല്‍ നല്‍കാനാണ് തീരുമാനം. രാഹുലിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും പൊലിസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കാണിച്ചാണ് അപ്പീല്‍ നല്‍കുക.
വരുംദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായ ശക്തമായ സമരത്തിനും യൂത്ത് കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനും, പൊലിസിന്റെ അസാധാരണ നടപടിക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനുമാണ് തീരുമാനം.
കഴിഞ്ഞമാസം 20ന് നടന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിലെ കേസില്‍ നാലാം പ്രതിയാണ് രാഹുല്‍. പ്രതിപക്ഷനേതാവ് ഒന്നാം പ്രതിയായ കേസില്‍ രാഹുലിന്റെ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അടൂരിലെ വീട്ടില്‍ നിന്നും കന്റോണ്‍മെന്റ് പൊലിസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്കെത്തിച്ചു. ഫോര്‍ട്ട് ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയില്‍ നിന്നുകൊണ്ട് പൊലിസിനെ ആക്രമിച്ചു എന്നാണ് ഇന്നലെ പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്നും രാഹുല്‍ പൊലിസുകാരെ ആക്രമിക്കുന്നതിന് തെളിവില്ലെന്നും പ്രതിഭാഗം കോടതിയെ ധരിപ്പിക്കും. ഒപ്പം രാഹുലിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ നടപടിക്രമങ്ങളൊന്നും പാലിച്ചില്ല എന്നും പ്രതിഭാഗം വാദിക്കും. കസ്റ്റഡിയിലെടുക്കുമ്പോള്‍ നല്‍കേണ്ട നോട്ടിസ് പൊലിസ് നല്‍കിയില്ല. മറിച്ച് നടപടിക്രമങ്ങള്‍ പാലിക്കാതെ പുലര്‍ച്ചെ അഞ്ചുമണിക്ക് രാഹുലിന്റെ വീട് വളഞ്ഞുകൊണ്ടാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 22 വരെ റിമാന്‍ഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."