'മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട് വെല്‍ക്കം ഹിയര്‍' ആരിഫ് മുഹമ്മദ് ഖാനെതിരെ പൊന്നാനിയിലും ബാനര്‍; ഗവര്‍ണര്‍ വരുന്നത് കോണ്‍ഗ്രസ് നേതാവിന്റെ അനുസ്മരണ സമ്മേളനത്തിന്
'മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട് വെല്‍ക്കം ഹിയര്‍' ആരിഫ് മുഹമ്മദ് ഖാനെതിരെ പൊന്നാനിയിലും ബാനര്‍; ഗവര്‍ണര്‍ വരുന്നത് കോണ്‍ഗ്രസ് നേതാവിന്റെ അനുസ്മരണ സമ്മേളനത്തിന്
മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പൊന്നാനിയിലും ബാനര്‍. 'മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട് വെല്‍ക്കം ഹിയര്‍ 'എന്ന് എഴുതിയ ബാനര്‍ പൊന്നാനി എരമംഗലത്ത് എസ്എഫ്‌ഐ സ്ഥാപിച്ചു. മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ പി.ടി മോഹന കൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തുന്നത് ഇന്ന് പതിനൊന്ന് മണിക്കാണ് ഗവര്‍ണര്‍ ചടങ്ങിനെത്തുക.
ആരിഫ് മുഹമ്മദ് ഖാനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് എതിരെ കോണ്‍ഗ്രസിലും വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. മോഹനകൃഷ്ണന്‍ അനുസ്മരണത്തില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ശാഖാ പ്രമുഖ് ആക്കേണ്ട ഒരാളെ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് വേദിയാകേണ്ട ഒരിടത്ത് പ്രതിഷ്ഠിക്കരുതെന്നായിരുന്നു പോസ്റ്റ്. പിന്നാലെ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പരസ്യപ്രതികരണം വിലക്കി. മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഗവര്‍ണറെ ക്ഷണിച്ചത് വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് യുഡിഎഫും. അനുസ്മരണ ചടങ്ങ് രാഷ്ട്രീയ പരിപാടിയല്ല. ട്രസ്റ്റ് നടത്തുന്ന പരിപാടിയിലേക്കാണ് ഗവര്‍ണറെ ക്ഷണിച്ചതെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ പറഞ്ഞു.
അതേസമയം, രമേശ് ചെന്നിത്തലയും വിഎം സുധീരനും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഗവര്‍ണറാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. പ്രതിഷേധം കണക്കിലെടുത്ത് പൊലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."