ഗരീബ് നവാസ്: ഇന്ത്യൻ ബഹുസ്വരതയുടെ പ്രതീകം
എം.എ സലാം റഹ്മാനി കൂട്ടാലുങ്ങൽ
ഇന്ത്യൻ ബഹുസ്വരതയുടെ പരിച്ഛേദവും വൈവിധ്യങ്ങളുടെ പ്രതീകവുമായി നിലകൊള്ളുന്ന അജ്മീർ ദർഗയും അവിടെ അന്ത്യവിശ്രമം കൊള്ളുന്ന സുൽത്വാനുൽ ഹിന്ദ് ഗരീബ് നവാസ് ഖാജാ മുഈനുദ്ദീൻ ചിശ്തി(റ)യും പുതിയകാലത്ത് നമ്മുടെ ജീവിതവഴികളിൽ പകർത്തിയെഴുതാനുള്ള വലിയ പാഠങ്ങളാണ്. "എല്ലാവരെയും സ്നേഹിക്കുക, ആരെയും വെറുക്കരുത്' എന്നതായിരുന്നു ഖാജയുടെ ഏറ്റവും വലിയ സന്ദേശം. വിശന്നവന് ഭക്ഷണം നൽകുക, വിഷമിക്കുന്നവന് സാന്ത്വനമേകുക, നിരാശ്രയന് ആശ്രയം നൽകുക എന്നീ മൂന്ന് മാർഗങ്ങൾ ദൈവശിക്ഷയിൽനിന്ന് മോചനം നേടാൻ സ്വീകരിക്കണമെന്ന് ശിഷ്യരെ ഖാജ എപ്പോഴും ഉപദേശിക്കുമായിരുന്നു.
ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ അജ്മീർ ദർഗ ചെലുത്തുന്ന സ്വാധീനം നിർണായകമാണ്. നാനാജാതി മതസ്ഥരുടെയും അധഃസ്ഥിത വിഭാഗത്തിന്റെയും പ്രതീക്ഷയും ആശ്രയവുമാണത്. എട്ടുനൂറ്റാണ്ടായി അജ്മീറിൽ അന്ത്യവിശ്രമം കൊള്ളുന്ന ഒരാളാണ് ഇന്ത്യയെ ഭരിക്കുന്നത്' എന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭു മേലധികാരിക്ക് എഴുതിയത് ഇവിടെ ചേർത്തുവായിക്കാം. ഖാജ വിടപറഞ്ഞ് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ആശ്വാസംതേടി ദിനേന ആയിരങ്ങൾ ഒഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമാണ് അജ്മീർ ദർഗാ ശരീഫ്.
ഇന്ത്യയിലെ എല്ലാ ഭരണാധികാരികളും അജ്മീർ ദർഗയെ ഏറെ ആദരവോടെയാണ് കണ്ടത്. അക്ബർ, ഷാജഹാൻ, ജഹാംഗീർ, ഔറംഗസേബ് തുടങ്ങിയ ചക്രവർത്തിമാർ ഖാജയോടുള്ള ആദര സൂചകമായി നിർമിച്ച പള്ളികളും കെട്ടിടങ്ങളും ഇന്നും ശേഷിക്കുന്നുണ്ട്. അക്ബർ ചക്രവർത്തി കാൽനടയായി ആഗ്രയിൽനിന്ന് അജ്മീർ ദർഗ സന്ദർശിച്ചതായി ചരിത്രത്തിൽ കാണാം. ദർഗയുടെ ചെലവിനുള്ള എല്ലാ സഹായങ്ങളും ഭരണാധികാരികൾ നൽകിയിരുന്നു. മുഗൾഭരണശേഷം അജ്മീർ ഗ്വാളിയാർ ദേശത്തെ ഹിന്ദുരാജാക്കന്മാരും ദർഗയുടെ മഹത്വവും വിശുദ്ധിയും കാത്തുസൂക്ഷിക്കാൻ മുന്നിലുണ്ടായിരുന്നു. പല ഹൈന്ദവ രാജാക്കന്മാരും ദർഗയുടെ പരിപാലനത്തിനുവേണ്ടി ഗ്രാമങ്ങളിലെ വരുമാനങ്ങൾ നീക്കിവച്ചതായും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1911ൽ ബ്രിട്ടീഷ് രാജ്ഞി ദർഗ സന്ദർശിക്കുകയും സഹായം നൽകുകയുമുണ്ടായി. ഇന്ത്യ സന്ദർശിക്കുന്ന പ്രമുഖരെല്ലാം അജ്മീറിലെത്തി അനുഗ്രഹം വാങ്ങുന്നത് പതിവുകാഴ്ചയാണ്. മത, രാഷ്ട്രീയ ഭേദമന്യേ ഇന്ത്യയിലെ എല്ലാ ഭരണാധികാരികളും ആശീർവാദം തേടിയെത്തുന്നത് അദ്ദേഹത്തിന്റെ ശക്തമായ അദൃശ്യസാന്നിധ്യത്തെ അംഗീകരിക്കുന്നതിനാലാണ്.
ഇറാനിലെ സഞ്ചർ എന്ന ഗ്രാമത്തിൽ ഹസ്രത്ത് ഗിയാസുദ്ദീൻ(റ), ഉമ്മുൽവറ മാഹിനൂർ ബീവി എന്നിവരുടെ മകനായി ഹിജ്റ 537 റജബ് പതിനാലിനാണ് ഖാജയുടെ ജനനം. പണ്ഡിതനും സൂഫിയുമായിരുന്ന പിതാവിന്റെ മേൽനോട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം ഹസ്റത്ത് ഹുസാമുദ്ദീൻ(റ)വിന്റെ അടുക്കൽവച്ച് ഖുർആൻ ഹൃദിസ്ഥമാക്കി. പതിനാലാം വയസിൽ പിതാവിന്റെയും ശേഷം മാതാവിന്റെയും മരണത്തോടെ ഒറ്റപ്പെട്ട ജീവിതത്തിൽ വഴിത്തിരിവായത് അക്കാലത്തെ പ്രമുഖ സൂഫിയും ജ്ഞാനിയുമായിരുന്ന ഇബ്രാഹിം ഖൻദൂസി(റ)മായുള്ള കൂടിക്കാഴ്ചയാണ്.
പിതാവിൽനിന്ന് അനന്തരമായി ലഭിച്ച മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്തു ജീവിക്കുന്നതിനിടയിൽ അവിടെയെത്തിയ ഇബ്രാഹിം ഖൻദൂസി(റ)ഖാജക്ക് തന്റെ ഭാണ്ഡത്തിൽനിന്ന് അൽപം ഭക്ഷണം നൽകുകയും ആത്മീയ ഉപദേശങ്ങൾ നൽകുകയും ചെയ്തു. ഭക്ഷണം കഴിച്ചയുടൻ ഖാജ ദിവ്യാനുഭൂതിയിൽ ലയിച്ചു. ഇതോടെ മനസിൽ വലിയ പരിവർത്തനങ്ങൾ ഉണ്ടാകുകയും ഭൗതികലോകത്തോടുള്ള താൽപര്യം നശിക്കുകയും ഇലാഹി ചിന്തയിലേക്ക് ആകൃഷ്ടനാവുകയും ചെയ്തു. മുന്തിരിത്തോട്ടം പാവങ്ങൾക്ക് ദാനം ചെയ്തശേഷം ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങൾ തേടിയുള്ള യാത്ര ആരംഭിച്ചു. അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരുടെ അടുക്കലെത്തി ശിഷ്യത്വം സ്വീകരിക്കുകയും എല്ലാ വിജ്ഞാനശാഖകളിലും വ്യുൽപ്പത്തി നേടുകയും ചെയ്തു.
ഖാജയുടെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഗുരുവാണ് ശൈഖ് ഉസ്മാനുൽ ഹാറൂനി(റ). നീണ്ട ഇരുപത് വർഷമാണ് അദ്ദേഹത്തിന്റെ കൂടെ ഖാജയുണ്ടായിരുന്നത്. ആത്മീയതയുടെ ഉന്നതങ്ങളിലേക്ക് ഗുരു കൈപിടിച്ചുയർത്തി. പിന്നീട് ഗുരുവിനോടൊപ്പം മക്കയും മദീനയും സന്ദർശിച്ചു. വിശുദ്ധ റൗളയിൽനിന്ന് ഇന്ത്യയിലേക്ക് മതപ്രബോധനത്തിന് തന്നെ തെരഞ്ഞെടുത്തതിനെക്കുറിച്ചുള്ള നിർദേശം ലഭിക്കുകയും നബി(സ്വ) നിർദേശിച്ച ദൗത്യമേറ്റെടുത്ത് പുറപ്പെടുകയും ചെയ്തു.
ബുഖാറ, ഡമസ്കസ്, ലാഹോർ, ബൽഖ് തുടങ്ങിയ സ്ഥലങ്ങൾ വഴി ഡൽഹിയിലെത്തി. പൃഥ്വിരാജ് ചൗഹാന്റെയും ശിഹാബുദ്ദീൻ ഗോറിയുടെയും അനുയായികൾ തമ്മിൽ യുദ്ധം നടക്കുന്ന സമയമായിരുന്നു അത്. ഡൽഹിയിലെത്തിയ ഖാജയുടെ ജീവിതവിശുദ്ധി അനുഭവിച്ചറിഞ്ഞ നിരവധി ആളുകൾ ഇസ് ലാം സ്വീകരിച്ച് ശിഷ്യന്മാരായി. ഹിജ്‌റ 561 മുഹറം പത്തിനാണ് അദ്ദേഹം അജ്മീറിൽ എത്തിയത്. ഭരണാധികാരിയായ പൃഥ്വിരാജ് ചൗഹാൻ ഖാജയുടെ വരവിനെ സംശയത്തോടെയാണ് വീക്ഷിച്ചത്. ഖാജ താമസിച്ചത് പൃഥ്വിരാജന്റെ ഒട്ടകങ്ങൾ രാത്രി തങ്ങുന്ന സ്ഥലത്തായിരുന്നു. ഒട്ടകങ്ങളെ മേയ്ക്കുന്നവർ അദ്ദേഹത്തെ അവിടെനിന്ന് പുറത്താക്കുകയും പിന്നീട് ഒട്ടകങ്ങൾക്ക് എഴുന്നേൽക്കാൻ സാധിക്കാതെ വന്നതും ഖാജയുടെ അടുത്തുചെന്ന് അവർ മാപ്പുപറഞ്ഞശേഷം ഒട്ടകങ്ങൾ എഴുന്നേറ്റുപോയതും അദ്ദേഹത്തിന്റെ മഹത്വം ബോധ്യപ്പെടുത്തുന്നതിനിടയാക്കി.
ഇതുപോലെ ഖാജയുടെ ജീവിതത്തിൽ പ്രകടമായ നിരവധി അത്ഭുതസംഭവങ്ങൾ അജ്മീറിലേക്ക് ആളുകൾ ഒഴുകുന്നതിനിടയാക്കി. അദ്ദേഹത്തിന്റെ സ്നേഹമസൃണമായ പെരുമാറ്റവും ജീവിതത്തിൽ ഉയർത്തിപ്പിടിച്ച മാനവികമൂല്യങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ശൂദ്രസമൂഹമടക്കമുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകി.
ഇന്ത്യയിലെ ഇസ്‌ലാമിക വ്യാപനത്തിലും പ്രബോധനത്തിലും സൂഫികൾ വഹിച്ച പങ്ക് വലുതാണ്. അതിൽ നിർണായക സംഭാവനകളർപ്പിച്ച വ്യക്തിത്വമാണ് അജ്മീർ തങ്ങൾ. പൃഥ്വിരാജ് ചൗഹാൻ വിരോധം മൂത്ത് ഖാജക്കെതിരേ പലവിധത്തിൽ തിരിഞ്ഞെങ്കിലും എല്ലാം പരാജയപ്പെട്ടു. അജയ്പാൽ എന്ന അക്കാലത്തെ ഏറ്റവും വലിയ മാരണക്കാരൻ ഖാജക്ക് മുന്നിൽ പരാജയപ്പെട്ടത് ചരിത്രത്തിൽ പ്രസിദ്ധമാണ്. സുൽത്താൻ ശിഹാബുദ്ദീൻ മുഹമ്മദ് ഗോറിയുമായുള്ള യുദ്ധത്തിൽ പൃഥ്വിരാജ് ചൗഹാൻ തോറ്റതോടെ അജ്മീറിൽ ഇസ്‌ലാമിക പ്രബോധനത്തിനും വ്യാപനത്തിനും കൂടുതൽ കളമൊരുങ്ങി. ശിഹാബുദ്ദീൻ ഗോറി ഡൽഹിയുടെ ഭരണം ഏറ്റെടുക്കുകയും അജ്മീറിൽവന്ന് ഖാജയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. പ്രമുഖ പണ്ഡിതൻ സയ്യിദ് വജീഹുദ്ദീൻ മഷ്ഹദ് എന്നവരെ അജ്മീർ ഗവർണറായി നിശ്ചയിച്ചു.
1193 മുതൽ 1206 വരെയാണ് ഗോറിയുടെ ഇന്ത്യയിലെ ഭരണകാലം.1206ൽ കുത്തുബുദ്ധീൻ ഐബക്കിനെ ഇന്ത്യയുടെ ഭരണമേൽപ്പിച്ച് ഗോറി സ്വദേശത്തേക്ക് തിരിച്ചുപോയി.
ഖാജയുടെ പ്രശസ്തിയും ഹിന്ദുസ്ഥാന്റെ വിവിധഭാഗങ്ങളിലേക്ക് പരക്കാൻ തുടങ്ങി. ഇന്നത്തെ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് അടക്കമുള്ള പ്രദേശമായിരുന്നു അന്നത്തെ ഹിന്ദുസ്ഥാൻ. ജീവിതത്തിലുടനീളം പാവങ്ങളെ സഹായിക്കാനും കണ്ണീരൊപ്പാനും അവശത അനുഭവിക്കുന്നവർക്ക് അത്താണിയാവാനും ഖാജ ജീവിതം നീക്കിവച്ചു. പട്ടിണിപ്പാവങ്ങളുടെ വിശപ്പടക്കുന്നതിൽ വലിയ ആനന്ദം കണ്ടെത്തി.
പാവങ്ങൾക്ക് തണലൊരുക്കി ജീവിതം നയിച്ച കാരണത്താലാണ് ഗരീബ് നവാസ് എന്ന പേരിൽ പ്രസിദ്ധനായത്. ദിനംതോറും രണ്ടുവട്ടം ഖുർആൻ ഖത്മ് തീർക്കുകയും പ്രവാചക സുന്നത്തുകൾ കൃത്യമായി പാലിക്കുകയും ചെയ്ത് ഒരേസമയം അല്ലാഹുവിന്റെ യഥാർഥ അടിമയും ഇന്ത്യൻ ജനതയുടെ സുൽത്താനുമായി ജീവിച്ച അദ്ദേഹം ഹിജ്റ 633 റജബ് 6 തിങ്കളാഴ്ചയാണ് വിടപറയുന്നത്. അദ്ദേഹം അനുധാവനം ചെയ്ത ചിശ്തി സൂഫീ വഴി ശിഷ്യരിലൂടെ തലമുറകൾക്ക് ആത്മീയവെളിച്ചമേകി ഇന്നും അഭംഗുരം തുടരുന്നുണ്ട്. ഖാജയുടെ ജീവിതവഴികളെ തലമുറകളായി നെഞ്ചേറ്റുന്നവരാണ് കേരളീയ മുസ്‌ലിംകൾ. കേരളീയ മുസ്‌ലിംകളുടെ ആത്മീയ, വൈജ്ഞാനിക നവോത്ഥാനത്തിൽ ഖാജാ തങ്ങളുടെയും അജ്മീർ ദർഗയുടെയുടെയും സ്വാധീനം നിസ്തുലമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."