രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ഡല്‍ഹി എയിംസ് നാളെ ഉച്ചക്ക് 2.30 വരെ അടച്ചിടും; സര്‍ക്കാര്‍ ഓഫിസുകളും തുറക്കില്ല
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ഡല്‍ഹി എയിംസ് നാളെ ഉച്ചക്ക് 2.30 വരെ അടച്ചിടും; സര്‍ക്കാര്‍ ഓഫിസുകളും തുറക്കില്ല
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനാല്‍ ജനുവരി 22ന് ഉച്ചക്ക് 2.30 വരെ ഡല്‍ഹി എയിംസ് അടച്ചിടും. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് വ്യക്തമാക്കി എയിംസ് അധികൃതര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാറിന് കീഴിലുള്ള മറ്റ് ഏജന്‍സികള്‍ തുടങ്ങിയവയെല്ലാം ഉച്ചവരെ അടച്ചിടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
''അയോധ്യയിലെ രാം ലല്ല പ്രാണപ്രതിഷ്ഠ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട് 2024 ജനുവരി 22 തിങ്കളാഴ്ച ഉച്ചക്ക് 2.30 വരെ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അതുകൊണ്ട് എയിംസ് ജനുവരി 22ന് ഉച്ചക്ക് 2.30 വരെ അടച്ചിടുമെന്ന് മുഴുവന്‍ ജീവനക്കാരെയും അറിയിക്കുന്നു''ഡല്‍ഹി എയിംസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം എല്ലാ തീവ്രപരിചരണ വിഭാഗങ്ങളും പ്രവര്‍ത്തിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി അടച്ചിടുന്നതിനെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. പ്രാണപ്രതിഷ്ഠയുടെ ഭാഗമായി രാജ്യത്തെ മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉച്ചവരെ അവധി നല്‍കിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, യു.പി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."