ഖാന്‍ യൂനിസില്‍ കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ഒപ്പം കൂട്ടക്കുടിയൊഴിപ്പിക്കലും, 5.15 ലക്ഷം പേരോട് ഉടന്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം
ഖാന്‍ യൂനിസില്‍ കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; കൂട്ടക്കുടിയൊഴിപ്പിക്കലും, 5.15 ലക്ഷം പേരോട് ഉടന്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം
ഗസ്സ: അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗസ്സയിലെ ഖാന്‍ യൂനിസില്‍ കൂട്ടക്കൊലയും കിടിയൊഴിപ്പിക്കലും തുടര്‍ന്ന് സയണിസ്റ്റ് സേന. 5.15 ലക്ഷം പേരോട് ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അധിനിവേശ സേന. ഖാന്‍ യൂനിസിലെ 4 ചതുരശ്ര കിലോമീറ്ററിലധികം വരുന്ന സ്ഥലത്ത് താമസിക്കുന്ന ഏകദേശം 90,000 പ്രദേശവാസികളോടും 4,25,000 അഭയാര്‍ഥികളോടും ഉടന്‍ പോകണമെന്നാണ് ഇസ്‌റാഈല്‍ സൈന്യം ഉത്തരവിട്ടത്. ഇവിടെ വ്യാപക നശീകരണം നടത്തുന്നതിന്റെ മുന്നോടിയായാണ് ഈ നീക്കമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധത്തില്‍ വീടുനഷ്ടപ്പെട്ട ആളുകള്‍ക്കായി ഐക്യരാഷ്ട്ര സഭ നടത്തുന്ന 24 അഭയാര്‍ഥി ക്യാമ്പുകള്‍, ഗസ്സയില്‍ ഇപ്പോഴും ഭാഗികമായി പ്രവര്‍ത്തിക്കുന്ന 15 ആശുപത്രികളില്‍ മൂന്നെണ്ണം, മൂന്ന് ക്ലിനിക്കുകള്‍ എന്നിവക്കും കുടിയൊഴിഞ്ഞുപോകാന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
നഗരത്തിലെ ആശുപത്രികള്‍ വളഞ്ഞ സൈന്യം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം തുടരുകയാണ്. ഖാന്‍ യൂനിസിലെ നാസര്‍, അല്‍ അമല്‍, അല്‍ അഖ്‌സ എന്നീ ആശുപത്രികള്‍ക്ക് സമീപമാണ് ഇസ്‌റാഈല്‍ കനത്ത ബോംബാക്രമണം നടത്തുന്നത്. തിങ്കളാഴ്ച ഖാന്‍ യൂനിസിന്റെ പടിഞ്ഞാറുള്ള അല്‍ ഖീര്‍ ഹോസ്പിറ്റലില്‍ ഇരച്ചുകയറിയ സൈന്യം ജീവനക്കാരെ പിടിച്ചുകൊണ്ടുപോവുകയും ആശുപത്രിയില്‍ അഭയം തേടിയവരെ തെക്കന്‍ ഗസ്സയിലേക്ക് തുരത്തുകയും ചെയ്തു.
ആശുപത്രിയില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കല്‍ അസാധ്യമാണെന്ന് അല്‍നാസിര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനങ്ങളുടെ സുരക്ഷയെ കുറിച്ച് ഞങ്ങള്‍ അതിയായ ആശങ്കയിലാണ്. അവര്‍ക്കെല്ലാവര്‍ക്കും സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, 24 മണിക്കൂറിനിടെ 200 ഫലസ്തീനികള്‍ കൂടി ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യു.എന്‍ അറിയിച്ചു. 354 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം നടന്ന ഹമാസ് ആക്രമണത്തില്‍ 24 ഇസ്‌റാഈലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കൊല്ലപ്പെട്ട ഇസ്‌റാഈല്‍ സൈനികരുടെ എണ്ണം 219 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."