പാനിപ്പുരി സ്റ്റാളുകള്‍ അന്ന് ബൈക്കിലാണ് എത്തിച്ചിരുന്നതെങ്കില്‍ ഇന്ന് ഥാറില്‍; യുവസംരംഭകയോട് ആനന്ദ് മഹീന്ദ്ര പ്രതികരിച്ചത് ഇങ്ങനെ
ന്യൂഡല്‍ഹി: ഒരു തെരുവോര കച്ചവടക്കാരിയായ തപ്‌സി ഉപാധ്യായയുടെ പാനിപ്പൂരി വില്‍പ്പന ഇപ്പോള്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. യുവ സംരംഭകയെന്ന നിലയില്‍ ഇതിനോടകം തപ്‌സി പേരെടുത്ത് കഴിഞ്ഞു. ഒരു ചെറിയ പാനിപുരി സ്റ്റാളില്‍ നിന്നുമാരംഭിച്ച ബിസിനസ് ഇന്ന് 40 ഓളം സ്റ്റാളുകളിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു. സംരംഭം തുടങ്ങുന്ന കാലത്ത് തപ്‌സി ഒരു മോട്ടോര്‍ സൈക്കിളിലായിരുന്നു സഞ്ചരിച്ചിരുന്നത്. എന്നാലിന്ന് തന്റെ സ്റ്റാളുകള്‍ വിപണന സ്ഥലത്തേയ്ക്ക് എത്തിയ്ക്കാനും കൊണ്ടുപോകാനുമെല്ലാം മഹീന്ദ്രയുടെ ഥാര്‍ ആണ് തപ്‌സി ഉപയോഗിക്കുന്നത്. കഠിനാധ്വാനത്തിലൂടെ ഈ പെണ്‍കുട്ടി നേടിയ വിജയത്തിനു സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
തപ്‌സി ഉപാധ്യായ ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിനിയാണ്. അടുത്തിടെയാണ് തപ്‌സി പുതിയൊരു മഹീന്ദ്ര ഥാര്‍ വാങ്ങിയത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ ആനന്ദ് മഹീന്ദ്ര എക്‌സിലൂടെ പങ്കുവെച്ചിരിക്കുന്നത്. പാനിപ്പൂരി ഉന്തുവണ്ടി ഈ ഥാറിന് പിന്നില്‍ പിടിപ്പിച്ച് സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതാണ് ആനന്ദ് മഹീന്ദ്രയെ അമ്പരപ്പിച്ചത്. ഈ വീഡിയോയില്‍ തപ്‌സി താന്‍ എങ്ങനെ ഇത്രത്തോളം നേട്ടങ്ങള്‍ കൈവരിച്ചുവെന്നും, കഷ്ടപ്പാടുകളെ തരണം ചെയ്തുവെന്നും പറയുന്നുണ്ട്.ഥാര്‍ വരുന്നതിന് മുമ്പ് സ്‌കൂട്ടറിലായിരുന്നു ഈ ഉന്തുവണ്ടി കെട്ടിവെച്ചിരുന്നത്. അത് പിന്നീട് ബുള്ളറ്റിലേക്ക് മാറുകയായിരുന്നു.
അതിന് ശേഷം ബിസിനസില്‍ അടക്കം വലിയ പുരോഗതി തപ്‌സിക്കുണ്ടായി. ഇപ്പോള്‍ അവര്‍ ഒരു ഥാര്‍ വാങ്ങിയിരിക്കുകയാണ്. അതിലാണ് പാനിപ്പൂരി വണ്ടി ഘടിപ്പിച്ചിരുന്നത്. ഥാര്‍ ഓടിച്ചാണ് ഇവ കൃത്യമായ സ്ഥലത്തേക്ക് പാനിപ്പൂരി വണ്ടി എത്തിക്കുക. തുടര്‍ന്നാണ് വില്‍പ്പന. ഒരു ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ അടുത്തിടെ ഷെയര്‍ ചെയ്തത്. വൈറലായിരുന്നു വീഡിയോ. തുടര്‍ന്നാണ് ഇവ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെ അഭിനന്ദിച്ചും, ഥാര്‍ ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരത്തിനും ഉള്ളതാണെന്നും അഭിപ്രായപ്പെടുകയും ചെയ്തു.
ഈ കാര്‍ കൊണ്ട് ആളുകള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ പ്രകാരം ജീവിക്കാനുള്ള അവസരം കൂടിയാണ് നല്‍കുന്നതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. എന്തുകൊണ്ടാണ് ഈ വീഡിയോ താന്‍ ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലായില്ലേ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പാനിപ്പുരി സ്റ്റാളുകള്‍ അന്ന് ബൈക്കിലാണ് എത്തിച്ചിരുന്നതെങ്കില്‍ ഇന്ന് ഥാറില്‍; യുവസംരംഭകയോട് ആനന്ദ് മഹീന്ദ്രയുടെ പ്രതികരിച്ചത് ഇങ്ങനെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."