ചരിത്രത്തുടര്‍ച്ചയുടെ ഒരു നൂറ്റാണ്ട്
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രവര്‍ത്തനവീഥിയില്‍ വിജയകരമായ നൂറു വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ അനിവാര്യതയുടെ സൃഷ്ടിയായാണ് സമസ്ത പിറവിയെടുത്തത്. ഒരു പണ്ഡിത കൂട്ടായ്മയായാണ് പിറവിയെടുത്തതെങ്കിലും മുസ് ലിം സമൂഹത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചുകൊണ്ടുള്ള മുന്നേറ്റങ്ങളാണ് 100 വര്‍ഷക്കാലമായി സമസ്ത നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
ഇസ് ലാമിന്റെ ആവിര്‍ഭാവ കാലത്തുതന്നെ കേരളത്തിന്റെ തീരപ്രദേശങ്ങളിലേക്ക് പ്രബോധനത്തിന്റെ സന്ദേശമെത്തിയിട്ടുണ്ട്. അക്കാലംമുതല്‍ തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും പ്രാപ്തമായ മതനേതൃത്വത്തിന്റെ തണല്‍ അനുഭവിക്കാന്‍ കേരളീയര്‍ക്ക് സാധ്യമായിട്ടുണ്ട്. പണ്ഡിതരും ആത്മജ്ഞാനികളായ സാദാത്തുക്കളും സൂഫികളുമടങ്ങുന്ന വിശുദ്ധ നേതൃത്വങ്ങളുടെ തണലിലാണ് കേരളീയ മുസ് ലിംകള്‍ നൂറ്റാണ്ടുകള്‍ നീണ്ട പ്രബുദ്ധതയെ കാത്തുസൂക്ഷിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇസ് ലാമിക സമൂഹത്തിനകത്ത് മതനവീകരണശ്രമങ്ങളും യുക്തിവാദവും പുരോഗമനവാദവും വ്യാപകമാവുകയും ചെയ്തു. പലയിടങ്ങളിലും അധികാരരാഷ്ട്രീയത്തിന്റെയും സാമ്രാജ്യത്വശക്തികളുടെയും പിന്‍ബലത്തോടെ നൂറ്റാണ്ടുകളായി നിലനിന്ന ഇസ് ലാമിക ഖിലാഫത്തിനെ തകര്‍ത്ത് ഇത്തരം കക്ഷികള്‍ മുസ് ലിം സമൂഹത്തില്‍ മേധാവിത്വം നേടിയെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സമാന ഇടപെടലുകള്‍ കേരളത്തിലും രൂപപ്പെട്ട പശ്ചാത്തലത്തിലാണ് മുസ് ലിം സമൂഹം നൂറ്റാണ്ടുകളായി സൂക്ഷിച്ചുപോന്ന പാരമ്പര്യ വിശ്വാസ_കര്‍മ രീതികള്‍ സംരക്ഷിക്കപ്പെടാന്‍ സക്രിയവും ആസൂത്രിതവുമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് പണ്ഡിത നേതൃത്വം തിരിച്ചറിയുന്നത്.
ഏതാനും ആളുകള്‍ ചേര്‍ന്ന് ഒരു സംഘടന രൂപവത്കരിക്കുക എന്നതിനേക്കാള്‍ ആ സംഘടനക്ക് ജനകീയാടിത്തറ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ശ്രമകരം. നിരന്തര ബഹുജന സമ്മേളനങ്ങളിലൂടെയും ഗ്രാമപ്രദേശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സാധാരണക്കാര്‍ക്കിടയില്‍ നടത്തിയ പ്രബോധന ശ്രമങ്ങളിലൂടെയും വിശ്വാസിഹൃദയങ്ങളില്‍ അജയ്യമായ സ്ഥാനമുറപ്പിക്കാന്‍ സമസ്തക്ക് സാധ്യമായി. അതിസൂക്ഷ്മമായ ജീവിതയാനങ്ങളിലൂടെയുള്ള യാത്രയും ആദര്‍ശപ്പൊരുത്തവും കൊണ്ട് ആരെയും ആകര്‍ഷിക്കുന്നതായിരുന്നു സമസ്തയുടെ അക്കാലത്തെ പണ്ഡിതരുടെ ജീവിതശൈലി. പ്രസംഗങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കുമപ്പുറം, ഇസ് ലാമിക ജീവിതത്തിന്റെ നേര്‍പകര്‍പ്പുകളായിരുന്നു അവര്‍. പകര്‍ത്തപ്പെടാന്‍ പറ്റാത്തതായി ഒന്നുമുണ്ടായിരുന്നില്ല അവരുടെ ഓരോ ചലനത്തിലും ശ്വാസത്തിലും. മതത്തോടൊപ്പം വിദ്യാഭ്യാസ, സാംസ്‌കാരിക, കാരുണ്യപ്രവര്‍ത്തനങ്ങളെയും കോര്‍ത്തിണക്കാന്‍ അവരാണ് നമ്മളെ ശീലിപ്പിച്ചത്. അതില്‍ രാജ്യസ്‌നേഹവും മതസൗഹാര്‍ദവും മനുഷ്യരെ സ്‌നേഹിക്കാനുള്ള സന്ദേശങ്ങളും ഉണ്ടായിരുന്നു. വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചില്ല, തീവ്രവാദ സമീപനങ്ങളെ അവര്‍ പൊറുപ്പിച്ചില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ആ പണ്ഡിതവരേണ്യര്‍, വരുംകാലത്തെ നവീനമായ ആശയങ്ങളെയും ശാസ്ത്രത്തെ തന്നെയും വ്യാഖ്യാനിക്കാന്‍ മാത്രം ധൈഷണിക വൈഭവമുള്ളവരായിരുന്നു. അവരാണ് സമസ്തയുടെ ഊടും പാവും നിര്‍ണിയിച്ചത്. അതേ വഴി പിന്തുടര്‍ന്ന് അണുകിട വ്യത്യാസമില്ലതെത്തന്നെയാണ് പുതിയ കാലത്തെ പണ്ഡിതര്‍ സമസ്തയെ നയിക്കുന്നത്.
1950കള്‍ക്കുശേഷം നിര്‍മാണാത്മക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലേക്ക് സമസ്ത ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തെ ജനകീയവല്‍ക്കരിക്കുകയെന്ന, അസാധ്യമെന്ന് കരുതപ്പെട്ട ഉദ്യമത്തിന് സമസ്ത മുന്‍കൈയെടുക്കുമ്പോള്‍ പരിമിതികള്‍ ഏറെ ഉണ്ടായിരുന്നു. വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന ഒരു സമൂഹത്തെ ഭൗതിക മോഹന വാഗ്ദാനങ്ങളില്ലാതെ മതവിദ്യാഭ്യാസ മേഖലയിലേക്ക് ആകര്‍ഷിക്കല്‍ ഒട്ടും എളുപ്പമായിരുന്നില്ല. ഊഷരമായി കിടന്ന സാമൂഹിക പരിസരത്തെ നിസ്വാര്‍ഥതയുടെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും കരുത്തില്‍ പുഷ്പിച്ചെടുക്കുകയായിരുന്നു സമസ്ത.
ലോകത്തിനുതന്നെ വിസ്മയകരവും അതോടൊപ്പം പ്രചോദനവുമാണ് സമസ്തയുടെ വിദ്യാഭ്യാസ ശ്രമങ്ങള്‍. അധികാരത്തിന്റെ പിന്‍ബലമില്ലാത്ത ഒരു കൊച്ചുദേശത്ത് വിദ്യാഭ്യാസ ശ്രമങ്ങള്‍ക്ക് മുന്‍ഗണനകള്‍ നിശ്ചയിക്കുകയും ആദ്യഘട്ടത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തെ ജനകീയവല്‍ക്കരിക്കുകയും പിന്നീട് സമന്വിത വിദ്യാഭ്യാസകേന്ദ്രങ്ങളും ഉപരിപഠന കലാലയങ്ങളും ദേശാന്തര കീര്‍ത്തിയുള്ള സര്‍വകലാശാലകളും സ്ത്രീവിദ്യാഭ്യാസത്തിന് മാത്രമായി പ്രത്യേക സംവിധാനങ്ങളും ഉയര്‍ന്ന ഭൗതിക കലാലയങ്ങളും പ്രീ പ്രൈമറി വിദ്യാഭ്യാസ പദ്ധതികളുമെല്ലാം ഈ കാലയളവില്‍ നടപ്പില്‍വന്നു. 14 പോഷക സംഘടനകള്‍, അതില്‍തന്നെ വിവിധ ഉപവിഭാഗങ്ങള്‍, പതിനായിരത്തിലേറെ മദ്‌റസകള്‍, ആയിരത്തിലേറെ മഹല്ലുകള്‍, നൂറുക്കണക്കിന് അറബിക് കോളജുകള്‍… നൂറാം വാഷികത്തോടനുബന്ധിച്ച് വ്യത്യസ്തമായ ദേശീയ വിദ്യാഭ്യാസ പദ്ധതികളും സമസ്ത നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യ പോലെയുള്ള സെക്കുലര്‍ പരിസരത്ത് മതസംഘടന എന്ന നിലക്കുള്ള പരിമിതികളുണ്ടായിട്ടും ഇത്തരം നേട്ടങ്ങള്‍ നേടിയെടുക്കാന്‍ സമസ്തക്ക് സാധ്യമായതില്‍ പലരും അതിശയംകൊണ്ടിട്ടുണ്ട്. യാഥാസ്ഥിതികരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കൂട്ടായ്മക്ക് എങ്ങനെയാണ് ഇത്രയധികം ഫലപ്രദ വിജയവഴികള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത്. സമസ്തയുടെ ഭരണഘടനയിലെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍നിന്നുതന്നെ അത് വ്യക്തമാണ്. പരിശുദ്ധ ഇസ് ലാമിന്റെ ശരിയായ മാര്‍ഗം പരിചയപ്പെടുത്തി പ്രബോധനം നടത്തുകയും അപഭ്രംശങ്ങളെ പ്രതിരോധിച്ച് ചെറുത്തുതോല്‍പ്പിക്കുകയും ചെയ്യുക എന്നതാണ് പ്രഥമവും പ്രധാനവുമായ ലക്ഷ്യം. അതോടൊപ്പം മുസ് ലിം സമുദായത്തിന് മതപരവും സാമുദായികവുമായി ഉണ്ടായിരിക്കേണ്ട അവകാശാധികാരങ്ങള്‍ സംരക്ഷിക്കുകയും മതവിദ്യാഭ്യാസത്തിനും മതപരമായ ശീലങ്ങള്‍ക്ക് ഹാനികരമാകാത്ത ലൗകിക വിദ്യാഭ്യാസങ്ങള്‍ക്കും ആവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുക എന്നതും സമസ്തയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ഇത്ര സമഗ്രമായ കാഴ്ചപ്പാടുകളെയും ദീര്‍ഘവീക്ഷണത്തെയും ഉള്‍ക്കൊള്ളുകയും അതിനെ നടപ്പാക്കാന്‍ നിസ്വാര്‍ഥ ശ്രമങ്ങള്‍ നടത്തുകയും ചെയ്തതുകൊണ്ടാണ് മുസ് ലിം സമുദായത്തിന്റെ മുഖ്യധാരാ നേതൃത്വമായി വിശ്വാസികള്‍ സമസ്തയെ ഉള്‍ക്കൊള്ളുന്നത്.
സമുദായ പുരോഗതിക്കുവേണ്ടി നിരന്തരമായി ഇടപെടുമ്പോഴും ഈ രാജ്യത്തെ സുരക്ഷിത സാമൂഹികാന്തരീക്ഷം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ക്ഷേമരാഷ്ട്ര നിര്‍മാണപ്രക്രിയയില്‍ ഭാഗമാകുന്ന ഒരു മാതൃകാ കൂട്ടായ്മകൂടിയാണ് സമസ്ത. ഇന്ത്യയുടെ പ്രഫുല്ല പാരമ്പര്യം ബഹുസ്വരതയുടേതാണ്. ഒരുമയിലും സൗഹാര്‍ദത്തിലുമാണ് അതിനെ സംരക്ഷിക്കേണ്ടത്. ആ പൈതൃകത്തെ മറവിക്കു വിട്ടുകൊടുത്ത് അവിടെ ഫാസിസത്തിന് കൂടുകൂട്ടാന്‍ അനുവദിക്കാതെ നിതാന്ത ജാഗ്രത പുലര്‍ത്തുകയാണ് സമസ്ത. ഭരണഘടനാപരമായ അവകാശനിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍ അതൊരു മതത്തിന്റെ പ്രശ്‌നമായി കാണാതെ രാജ്യത്തിന്റെ പൊതുപ്രശ്‌നമായി കാണുകയും അവ പരിഹരിക്കുന്നതിന് ജനാധിപത്യ മാര്‍ഗത്തില്‍ നിരന്തരമായി ഇടപെടുകയും ചെയ്യുന്ന പാരമ്പര്യമാണ് സമസ്തയുടേത്. പ്രത്യേകിച്ച്, ദലിത്, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഘട്ടങ്ങളിലെല്ലാം അവകാശ സംരക്ഷണത്തിനുവേണ്ടി സുപ്രിംകോടതി വരെ എത്തുകയുണ്ടായി അതിന്റെ ബഹുസ്വരസമീപനം.
തങ്ങള്‍ അധിവസിക്കുന്ന പ്രദേശത്തെ അസ്വസ്ഥപ്പെടുത്താതിരിക്കുകയും സുരക്ഷിത സാമൂഹിക അന്തരീക്ഷത്തെ നിലനിര്‍ത്തുകയും ചെയ്യുക എന്നത് സത്യവിശ്വാസികളുടെ മതപരമായ ബാധ്യത കൂടിയാണ്. ഈ മതബോധത്തെ സമുദായത്തിനകത്ത് നിരന്തരമായി നിലനിര്‍ത്തുന്നത് രാജ്യസുരക്ഷയുടെകൂടി ഭാഗമാണെന്ന് തിരിച്ചറിഞ്ഞ ഭരണകൂടങ്ങള്‍, രാഷ്ട്രനിര്‍മാണത്തിലെ സമസ്തയുടെ ഇടപെടലിന് നന്ദി പറഞ്ഞിട്ടുണ്ട്.
എല്ലാ അര്‍ഥത്തിലും പ്രതികൂല സാഹചര്യങ്ങള്‍ മാത്രം നിറഞ്ഞ സാമൂഹിക പശ്ചാത്തലത്തില്‍ ഒരു മതസംഘടന വിജയകരമായ നൂറ് വര്‍ഷം പൂര്‍ത്തീകരിക്കുക എന്നത് വിസ്മയമുളവാക്കുന്നതാണ്. മുഖ്യധാര മുസ് ലിം സമൂഹം സമസ്തയെയും സേവനങ്ങളെയും അഭിമാനപൂര്‍വം ഏറ്റെടുക്കുകയാണ്. നൂറുവര്‍ഷമായി സമസ്ത അവര്‍ക്കു നല്‍കിവരുന്ന സുരക്ഷിത ബോധമാണ് ഇതിനു പ്രചോദനം.
കേരളത്തില്‍ വിജയകരമായി പൂര്‍ത്തീകരിച്ച ദൗത്യത്തിന്റെ തുടര്‍ച്ചകള്‍ ദേശീയതലത്തില്‍ കൂടി വ്യാപിക്കേണ്ട സമയമാണിപ്പോള്‍. മുസ് ലിം സമൂഹം അപരവല്‍ക്കരിക്കപ്പെടുകയും നിരന്തരം അകാരണമായി വേട്ടയാടപ്പെടുകയും ചെയ്യുന്ന ഈ കാലത്ത്, അവര്‍ രാജ്യ പുരോഗതിയുടെ അവിഭാജ്യ ഘടകങ്ങളാണ്, അവരുടെ വിഭവശേഷികളെ അവഗണിച്ചുകൂടാ എന്ന തിരിച്ചറിവ് ഭരണകൂടങ്ങള്‍ക്കുണ്ടാകുംവിധം വിഭവസമ്പന്നമാവുകയെന്നത് വളരെ പ്രധാനമാണ്. അതിനായി മുസ് ലിം സമുദായത്തെ ക്രിയാത്മക മുന്നേറ്റങ്ങളുടെ ഭാഗമാക്കുകയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. വരും വര്‍ഷങ്ങളില്‍ ദേശീയതലത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലേക്ക് ചുവടുവയ്ക്കുന്നതിന്റെ പ്രഥമപടിയായാണ് സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനങ്ങളുടെ ഉദ്ഘാടനം ബംഗളൂരുവില്‍വച്ചു നടത്തപ്പെടുന്നത്.
ചരിത്രത്തുടര്‍ച്ചയുടെ ഒരു നൂറ്റാണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."