കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം; കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി
കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം; കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി
കാസര്‍ഗോഡ്: പൊലിസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പൊലിസുകാര്‍ക്കെതിരെ കേസെടുത്തു. കുമ്പള പൊലിസ് സ്റ്റേഷനിലെ എസ്.ഐ എസ്.ആര് രജിത്ത്, സിപിഒമാരായ ടി ദീപു, പി രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് കോടതി കേസെടുത്തത്. മരിച്ച ഫറാസിന്റെ മാതാവിന്റെ പരാതിയിലാണ് കാസര്‍ഗോഡ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പൊലിസുകാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
2023 ആഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം. കാസര്‍ഗോഡ് അംഗഡിമൊഗര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു ഫറാസ്. സ്കൂളിലെ ഓണാഘോഷ പരിപാടിക്കിടെ പുറത്ത് കാറില്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലിസ് വിദ്യാര്‍ഥികള്‍ ഓടിച്ച കാറിനെ പിന്തുടര്ന്നത്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ ഫറാസിന്റെ കുടുംബം അറിയിച്ചിരുന്നു.
കുറ്റാരോപിതരെ സംരക്ഷിക്കുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ പൊലിസുകാര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് കുടുംബം കോടതിയെ സമീപിച്ചത്. പൊലിസിനെതിരെ പ്രാഥമിക തെളിവുകളുണ്ടെന്ന് കണ്ടെത്തിയ കോടതി നേരിട്ട് അന്വേഷണം നടത്തുകയായിരുന്നു. പിന്നീട് സാക്ഷി മൊഴികളും രേഖപ്പെടുത്തി. സിസിടിവി ഉള്‍പ്പെടെയുള്ള തെളിവുകളും നിര്‍ണായകമായി. തുടര്‍ന്നാണ് പൊലിസിനെതിരെ കേസെടുത്തത്. പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. അടുത്ത മാസം 19ന് കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."