HOME
DETAILS

കരുതലിന്റെ കരുത്തുമായി നൂറ്റാണ്ടിന്റെ ആകാശത്തേക്ക്

  
backup
January 29 2024 | 00:01 AM

to-the-sky-of-the-century-with-the-strength-of-care

പ്രവര്‍ത്തനവീഥിയില്‍ ഒരു നൂറ്റാണ്ട് പൂര്‍ത്തീകരിക്കുകയാണ് സമസ്ത കേരള ജംഇയതുല്‍ ഉലമ. മതകീയ അടിത്തറയിലൂന്നി ആദര്‍ശക്കരുത്തുമായി കേരളത്തിലെ ന്യൂനപക്ഷ മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക അസ്തിത്വവും തനിമയും സംരക്ഷിച്ച പണ്ഡിത കൂട്ടായ്മ, 1926 ജൂണ്‍ 26നാണ് രൂപവത്കൃതമായത്. പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയുംകൂടി ചരിത്രമാണ് പിന്നിട്ട ദശാബ്ദങ്ങൾ. ഒരു നൂറ്റാണ്ടുനീണ്ട പ്രയാണത്തിനിടെ, രാജ്യവും കേരളവും സാക്ഷ്യംവഹിച്ച ഒട്ടനവധി പോരാട്ടങ്ങളിലും വെല്ലുവിളികളിലും കാലിടറാതെ പൊരുതിനില്‍ക്കാനും വിഘ്‌നങ്ങള്‍ മറികടക്കാനും സാധിച്ചത് നിഷ്‌കാമകര്‍മികളായ നേതാക്കളുടെയും ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെയും കരുത്തുറ്റ പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനകളും ഉദാരഹസ്തരുടെ കൈത്താങ്ങുകൊണ്ടും മാത്രമാണ്.


കേരളക്കരയിലെ മുസ് ലിംകള്‍ക്കിടയില്‍ സമസ്ത ചെലുത്തിയ സ്വാധീനവും സാന്നിധ്യവും തിരിച്ചറിയാന്‍, ഇതരദേശ മതാന്തരീക്ഷങ്ങളിലേക്ക് കണ്ണോടിച്ചാല്‍ മാത്രം മതി. പാരമ്പര്യത്തിലധിഷ്ഠിതമായ മതത്തിന്റെ സംരക്ഷണമാണ് സമസ്തയുടെ തുടക്കംമുതലുള്ള ലക്ഷ്യം. ആധുനികതയുടെ മുഖംമൂടികള്‍ക്കു പിന്നിലൊളിച്ച് മതത്തെ വിചാരണ ചെയ്യുന്നതിനെ സമസ്ത എക്കാലത്തും എതിര്‍ത്തുപോന്നിട്ടുണ്ട്. കാലത്തിന് അനുസരിച്ച് അഹ് ലുസുന്നയില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താന്‍ സംഘടന ഒരിക്കലും തയാറായിട്ടില്ല. ആക്ഷേപങ്ങളും അവഗണനകളും പലതുണ്ടായെങ്കിലും അവയൊക്കെ കാലാന്തരത്തില്‍ എതിരാളികള്‍ക്ക് വീഴ്ച പറ്റിയെന്ന തിരിച്ചറിവിലേക്ക് കണ്ണുതുറപ്പിക്കുന്ന ക്രാന്തദര്‍ശിത്വമായിരുന്നു സമസ്തയുടെ തീരുമാനങ്ങളത്രയും.


അനിവാര്യതയുടെ സൃഷ്ടിയെന്ന് സമസ്തയുടെ രൂപവത്കരണത്തെ വിലയിരുത്താറുണ്ട്. പുത്തനാശയവേരുകള്‍ കേരളത്തിന്റെ അസംഘടിത മുസ്‌ലിം മണ്ണില്‍ വേരു മുളപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ജൈവിക പോരാട്ടത്തിനിറങ്ങുകയായിരുന്നു പണ്ടുകാലത്തെ പണ്ഡിതര്‍. ഇറക്കുമതി ചെയ്ത വിശ്വാസവൈകല്യങ്ങൾ ഇവിടെ വേണ്ടെന്ന് അവര്‍ തീരുമാനിച്ചതിന്റെ പ്രതിഫലനമാണ് ഇന്ന് കാണുന്ന കേരളത്തിന്റെ മഹിതമായ മുസ്‌ലിം സംസ്‌കൃതി. ‘മണ്‍സൂണ്‍ ഇസ്‌ലാം’ എന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ ഇസ്‌ലാം ചരിത്രം രേഖപ്പെടുത്തിയ സെബാസ്റ്റ്യന്‍ ആര്‍. പ്രാന്‍ജെ നമുക്ക് കാട്ടിത്തരുന്നത് സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും വഴി തെക്കേ ഇന്ത്യയില്‍ എത്തി തദ്ദേശീയമായി വികസിച്ച ഇസ്‌ലാമിനെയാണ്.

വൈകല്യമോ വിദ്വേഷമോ ഇല്ലാത്ത കേരളത്തിലെ ഈ ‘മണ്‍സൂണ്‍ ഇസ്‌ലാമി’ന്റെ കരുത്തും കാതലും സമസ്തയാണ് എന്നത് നിഷേധിക്കാനാവില്ല.
ഇസ്‌ലാമിന്റെ ഋജുവായ മാര്‍ഗസംരക്ഷണത്തിന് തുടക്കത്തില്‍ പ്രാമുഖ്യം നല്‍കിയിരുന്ന സമസ്ത പിന്നീട് സമുദയത്തിന്റെയും വിശ്വാസികളുടെയും നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1950കള്‍ക്കുശേഷം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങി. ഈ മേഖലയില്‍ പരിമിതികള്‍ ഏറെ ഉണ്ടായിരുന്നു.

വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഒരു സമൂഹത്തെ മോഹനവാഗ്ദാനങ്ങളില്ലാതെ മതവിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കല്‍ ഒട്ടും എളുപ്പമായിരുന്നില്ല. ഊഷരമായ സാമൂഹിക പരിസരത്തെ നിസ്വാര്‍ഥതയുടെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും കരുത്തില്‍ ഉര്‍വരമാക്കുകയായിരുന്നു സംഘടന.


കേരളം പോലെയുള്ള ബഹുസ്വര സമൂഹത്തില്‍ സമസ്ത പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ ലോകത്തിന് മാതൃകയാണ്. വിദ്യാഭ്യാസത്തെ ജനകീയവല്‍ക്കരിക്കുന്നതിനൊപ്പം ഉപരിപഠന കലാലയങ്ങളും സര്‍വകലാശാലകളും സ്ത്രീ-_പ്രീ പ്രൈമറി വിദ്യാഭ്യാസ പദ്ധതികളുമെല്ലാം സാധ്യമാക്കാനും ഇൗ നൂറ്റാണ്ടിനിടെ സമസ്തയ്ക്കു കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. ഇസ് ലാമിക സ്വത്വബോധത്തിന്റെ നിലനില്‍പ്പിനുവേണ്ടി 14 പോഷക സംഘടനകള്‍, അതില്‍തന്നെ വിവിധ ഉപവിഭാഗങ്ങള്‍, പതിനായിരത്തിലേറെ മദ്‌റസകള്‍, ആയിരത്തിലേറെ മഹല്ലുകള്‍, അറബിക് കോളജുകള്‍… അങ്ങനെ സമസ്തയുടെ തലപ്പൊക്കത്തിന് നിദാനമായ ഒട്ടനവധി വിജയസ്തംഭങ്ങള്‍ ഇന്ന് രാജ്യമൊട്ടുക്കുമായി നമുക്ക് കാണാനാവും.

കേരളത്തിന്റെ വൈജ്ഞാനിക, സാമൂഹിക മുന്നേറ്റത്തിന്റെ വജ്രശോഭ അതിര്‍ത്തി കടന്ന് ഇതര പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ പദ്ധതികളും സമസ്ത നടപ്പാക്കിവരുന്നു.
സമുദായ പുരോഗതിക്കുവേണ്ടി നിരന്തരം ഇടപെടുമ്പോഴും രാജ്യത്തിന്റെ സുരക്ഷിത സാമൂഹികാന്തരീക്ഷം നിലനിര്‍ത്തുന്നതിലും സമസ്ത സക്രിയമായി ഇടപെട്ടിട്ടുണ്ട്. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് വിഘാതമാവുന്ന അപശബ്ദങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുന്നതിനൊപ്പം മതസൗഹാര്‍ദത്തിനും ക്ഷേമരാഷ്ട്ര നിര്‍മാണത്തിനും ശക്തമായ പിന്‍ബലവും നല്‍കിപ്പോരുന്നു.

സ്വന്തം സമുദായത്തില്‍ പെട്ടവരെയും, അവർ രാഷ്ട്രത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് തടസം നില്‍ക്കുന്നുവെങ്കിൽ അറുത്തുമാറ്റാനും അവരില്‍നിന്ന് സമുദായത്തെ ജാഗ്രതയോടെ കാത്തുപോരാനും സാധിച്ചത് സമസ്തയുടെ പണ്ഡിത നേതൃത്വത്തിന്റെ കര്‍ക്കശ ഇടപെടലുകള്‍ കൊണ്ടാണ്. അതേസമയം, രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കന്ന അവകാശാധികാരങ്ങള്‍ക്ക് മുകളില്‍ അധികാരത്തിന്റെ ദണ്ഡ് ഉയരുമ്പോഴൊക്കെ ജനാധിപത്യമാര്‍ഗത്തില്‍ പ്രതിരോധിക്കാനും പരമോന്നത കോടതിവരെ ഈ ശബ്ദമെത്തിക്കാനും സമസ്തയ്ക്കു സാധിച്ചിട്ടുണ്ട്. ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന്റെ മുന്നണിയില്‍ എന്നും സംഘടനയുണ്ടായിരുന്നു.


ഒരുകാലത്തും ഒരുതരം ഭരണ പങ്കാളിത്തവുമില്ലാതെ അസ്തിത്വം ഉയര്‍ത്തി, അതിജീവനം സാധിച്ച സംഘടന സമസ്ത മാത്രമാണ്. സമസ്തയുടെ ജനകീയതയാണ് ഇത് വെളിപ്പെടുത്തുന്നത്. ഒരു സമൂഹത്തിന്റെ സമഗ്ര പുരോഗതിയെക്കുറിച്ച് നിരന്തര ജാഗ്രത പുലര്‍ത്തുന്ന നേതൃത്വമുണ്ടാകുമ്പോഴാണ് ആ സമൂഹത്തിന് സുരക്ഷിതത്വം അനുഭവപ്പെടുന്നത്. ഒരു നൂറ്റാണ്ടായി സമസ്ത നിര്‍വഹിക്കുന്നത് ആ ദൗത്യമാണ്. കേരള മുസ്‌ലിമിന്റെ കലര്‍പ്പില്ലാത്ത, കനിവും കരുതലും കരുത്തും സമംചേര്‍ന്ന മാതൃക നിര്‍മിച്ചെടുത്ത സമസ്ത കേരള ജംഇയതുല്‍ ഉലമയുടെ ദേശാതിര്‍ത്തികള്‍ കടന്നുള്ള പകര്‍ച്ചയ്ക്കും പടർപ്പിനും സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം വീണ്ടെടുക്കാന്‍ കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  18 days ago
No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  18 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago