ഗാന്ധിയെന്ന പ്രതിരോധം
പി.ബി ജിജീഷ്
‘ഒരു ഭ്രാന്തൻ അദ്ദേഹത്തിന്റെ ജീവനെടുത്തിരിക്കുന്നു. ഇത് ചെയ്തവനെ ഭ്രാന്തനെന്ന് മാത്രമേ എനിക്ക് വിളിക്കാൻ കഴിയൂ. എങ്കിലും കഴിഞ്ഞ കുറെ കാലങ്ങളായി ഈ രാജ്യത്ത് വിഷം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ വിഷത്തിന് മനുഷ്യമാനസങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്. നമുക്ക് ആ വിഷത്തെ നേരിട്ടേ മതിയാവൂ. അതിനെ ഉന്മൂലനം ചെയ്തേ മതിയാവൂ…’ _ഗാന്ധിജിയുടെ വധത്തിൽ നെഞ്ചുപിടയുന്ന വേദനയോടെ ജവഹർലാൽ നെഹ്‌റു നമ്മളോട് പറഞ്ഞ വാക്കുകളാണിത്.
76 വർഷങ്ങൾ പിന്നിടുന്നു. ഉന്മൂലനം ചെയ്യണമെന്ന് നെഹ്‌റു ഉദ്‌ബോധിപ്പിച്ച വിഷം നാടാകെ പടർന്നിരിക്കുന്നു. ഗാന്ധിയെ വധിച്ച ഭീകരവാദിയെ പ്രകീർത്തിക്കുന്നവർ പാർലമെന്റിൽ എത്തിയിരിക്കുന്നു. ‘നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നതിനും രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്നു’ എന്ന് കണ്ട് ഒരിക്കൽ നിരോധിച്ച, രാഷ്ട്രീയ സ്വയം സേവക് സംഘ് രാജ്യസ്നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്നു നമ്മളോട് പറയുന്നു. രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങളെന്നു ഭരണഘടനയിൽ കുറിച്ചതൊക്കെയും ആൾക്കൂട്ടനീതിയുടെ അധികാരഘടനയിൽ അധികപ്പറ്റാവുന്ന കാലത്ത് നമ്മൾ ഗാന്ധിയെ തേടുകയാണ്.
എവിടെയാണ് ഗാന്ധി?
ഈ മാസം ആറിന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, കാവി വസ്ത്രങ്ങളണിഞ്ഞു ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്തത് വാർത്തയായിരുന്നു. ‘രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ്, രാഷ്ട്രചരിത്രത്തിലെ ഈ സവിശേഷ ഘട്ടത്തിൽ തന്റെ ക്ഷേത്രസന്ദർശനം ഇത്ര പബ്ലിസിറ്റിയോടെ നടത്തുന്നത് അസ്വസ്ഥതയുളവാക്കുന്ന ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്’ എന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ ദി ടെലഗ്രാഫിൽ എഴുതിയിരുന്നു. ഗാന്ധിയുടെ ആദർശങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്നതെന്നും അങ്ങനെ ജുഡിഷ്യറി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കാനും പരിഹാരം കണ്ടെത്താനുമാണ് ശ്രമിക്കുന്നതെന്നും ഗുജറാത്ത് സന്ദർശനവും അതിന്റെ ഭാഗമാണെന്നും ചീഫ് ജിസ്റ്റിസ് പറഞ്ഞു.
ഗാന്ധിയെക്കുറിച്ചുള്ള പരാമർശം, തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്ന് രാമചന്ദ്രഗുഹ. ‘ഏതൊരു ഇന്ത്യക്കാരനും രാജ്യത്തെ മനസിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനെ ഗാന്ധി അഭിനന്ദിക്കും. എന്നാൽ ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്ന് പരസ്യമായി ക്ഷേത്രദർശനങ്ങൾ നടത്തുകയും അവിടെവച്ച് ഫോട്ടോയെടുക്കാനും വിഡിയോ ദൃശ്യങ്ങൾ പകർത്താനും അഭിമുഖം നടത്താനും അനുവദിക്കുന്നതിനെയും സംബന്ധിച്ച് ഗാന്ധി ചിന്തിച്ചിട്ടുപോലുമുണ്ടാവുമോ?’ താനൊരു സനാതന ഹിന്ദുവാണെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അദ്ദേഹം ഏതെങ്കിലും ക്ഷേത്രസന്ദർശനം നടത്തിയിരുന്നതായി നമുക്കറിയില്ല. അദ്ദേഹത്തിന്റെ പ്രാർഥനായോഗങ്ങളിലെല്ലാം സർവമത പ്രാർഥനകളായിരുന്നു.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സർവമത പ്രാർഥനകൾ നടത്തണമെന്നൊന്നും ഗാന്ധി വിചാരിക്കില്ലായിരിക്കാം. എന്നാൽ പള്ളി പൊളിച്ചിടത്തു പണിതീർത്ത, ഹിന്ദുഭൂരിപക്ഷത്തിന്റെ രാഷ്ട്രീയചിഹ്നമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ദിവസങ്ങൾക്കു മുൻപ് കാവിവസ്ത്രം ധരിച്ച് ഇതുപോലൊരു ക്ഷേത്രസന്ദർശനം നടത്തുന്നതിനെ ഗാന്ധിയോട് ചേർത്തുവായിക്കാൻ കഴിയില്ലെന്ന് രാമചന്ദ്ര ഗുഹ എഴുതുന്നു.
കാവിയും ധ്വജവും നമ്മളെ ഒന്നിപ്പിക്കുകയും ഭരണഘടനാധാർമികതയെ വ്യവസ്ഥാപിതവൽക്കരിക്കുകയും ചെയ്യുന്നുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഔചിത്യത്തിന്റെ സർവസീമകളും ലംഘിക്കുന്നതാണെന്ന് മാത്രമല്ല, ചരിത്രവിരുദ്ധവുമാണ്. എല്ലാ ഇന്ത്യക്കാരെയെന്നല്ല, എല്ലാ ഹിന്ദുക്കളെപ്പോലും ക്ഷേത്രത്തിനു മുകളിൽ പാറുന്ന പതാകകൾ ഒന്നിപ്പിച്ചിട്ടില്ലെന്നു കാണാം. ഭരണഘടനയാണ് ക്ഷേത്രങ്ങളെ എല്ലാവർക്കും പ്രാപ്യമാക്കിയത്. അത് സനാതനധർമത്തിനും ആത്മീയതയ്ക്കും തടസമാണെന്ന വാദമാണ് കാവിക്കൊടിയേന്തിയവർ ഉന്നയിച്ചിട്ടുള്ളത്.
ഭരണഘടന നിലവിൽവന്നതിനുശേഷംപോലും ദേവാലയങ്ങൾ പൊതുജനത്തിന് തുറന്നുകൊടുക്കാൻ ഇക്കൂട്ടർ തയാറായിരുന്നില്ല. അന്നെല്ലാം ഈ കാവിക്കൊടിയാണ് അവിടെ പറന്നിരുന്നത്; ഭരണഘടനയ്ക്കും മാനവികതയ്ക്കും വിരുദ്ധമായി. ഈ കൊടിക്കൂറയ്ക്കു കീഴെ ഗാന്ധിയെ അന്വേഷിക്കുന്ന ചീഫ് ജസ്റ്റിസ് സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തിന്റെ നേർക്കാഴ്ചയാണ്.
‘ലൈവ് ലോ’യ്ക്ക് നൽകിയ അഭിമുഖത്തിൽ,സുപ്രിംകോടതി ബാർ അസോസിയേഷന്റെ മുൻ പ്രസിഡന്റുകൂടിയായ അഡ്വ. ദുഷ്യന്ത് ദവെ ഉന്നയിക്കുന്നത് ‘
കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യൻ കോടതികൾ, കീഴ്‌ക്കോടതികൾ മുതൽ പരമോന്നത നീതിപീഠംവരെ ഭൂരിപക്ഷ രാഷ്ട്രീയാധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്നുവെന്ന ശക്തമായ വിമർശനമാണ്. നീതിയുടെ അവസാന അഭയകേന്ദ്രമായ ജുഡിഷ്യറിയിൽ പോലും ഗാന്ധിയെ തേടേണ്ടതില്ലെന്ന സാഹചര്യം ജനാധിപത്യവാദികളെ നിരാശപ്പെടുത്തുന്നതാണ്.
ഗാന്ധിയും നീതിയും
ഗാന്ധിയുടെ പല നിലപാടുകളോടും നമുക്ക് വിയോജിപ്പുകളുണ്ടാവും. എന്നാൽ, ആത്യന്തികമായി ആ മനുഷ്യൻ നീതിക്കൊപ്പം നിലകൊള്ളുവാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു എന്ന കാര്യത്തിൽ ആർക്കും തർക്കം ഉന്നയിക്കാനാവില്ല. രാമരാജ്യം എന്നതിലൂടെ അദ്ദേഹം മുന്നോട്ടുവച്ചത് പാശ്ചാത്യ മാതൃകയിലുള്ള സങ്കുചിത ദേശീയവാദമല്ല. എല്ലാ വൈവിധ്യങ്ങളെയും ഒന്നിപ്പിക്കുന്ന, മാനവികതയുടെ മഹാവെളിച്ചമായാണ് അദ്ദേഹം ദേശീയതയെ മനസിലാക്കുന്നത്. അടിച്ചമർത്തപ്പെടുന്ന മനുഷ്യരോടെല്ലാം ഐക്യപ്പെടുന്ന ഗാന്ധിയെ നമുക്ക് കാണാം.
ചമ്പാരനിൽ ദേശീയപ്രസ്ഥാനത്തെ ആദ്യമായി രാജ്യത്തെ സാധാരണ മനുഷ്യന്റെ വേദനയോട് ചേർത്തുകെട്ടിയ ഗാന്ധി, ഫലസ്തീനിലും സ്വാതന്ത്ര്യത്തിന് പൊരുതുന്ന മറ്റെല്ലായിടങ്ങളിലും അധിനിവേശത്തിനെതിരേ അടിയുറച്ച നിലപാടെടുത്ത ഗാന്ധി, സ്വാതന്ത്ര്യലബ്ധിയുടെ ആഘോഷവേളയിലും നവഖാലിയിൽ വർഗീയ കലാപത്തിന്റെ തീ കെടുത്താൻ സ്വയം സമർപ്പിച്ച ഗാന്ധി. 1948 ജനുവരി 13ന് അദ്ദേഹം ആരംഭിച്ച തന്റെ അവസാന സത്യഗ്രഹ സമരംവരെ എല്ലാ വിഭാഗീയതകൾക്കും ദേശീയതകൾക്കും ഉപരിയായി ആത്മാവിൽ നീതിയെ പ്രതിഷ്ഠിച്ച ഒരു മനുഷ്യനെയാണ് അടയാളപ്പെടുത്തുന്നത്. ധാരണപ്രകാരം ഇന്ത്യ പാകിസ്താന് നൽകേണ്ടിയിരുന്ന പണം നൽകണമെന്ന ആവശ്യമായിരുന്നു ഗാന്ധി ഉന്നയിച്ചത്.
രാമൻ്റെ മടങ്ങിവരവ്
നൂറ്റാണ്ടുകൾ നീണ്ട സമരപോരാട്ടങ്ങളുടെ പരിണതിയായാണ് രാമരാജ്യത്തിന്റെ രാഷ്ട്രീയധാർമികത, മനുഷ്യരെ തുല്യരായി പരിഗണിക്കുന്ന ഒരു ലോകക്രമത്തിന്റെ ഭാഗമായി ഗാന്ധി പുനർവിഭാവനം ചെയ്തത്. സനാതന ധർമമല്ല ആധുനിക ജനാധിപത്യ മൂല്യബോധം പുലർത്തുന്ന ഒരു സമൂഹത്തെയാണ് ഗാന്ധിജി ആ വാക്കുകൊണ്ട് അർഥമാക്കിയത്. എന്നാൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നീതികേടിനെ ഗാന്ധിയോട് ചേർത്തുവയ്ക്കുന്ന അശ്ലീലക്കാഴ്ചയ്ക്കും നാം സാക്ഷിയായി.
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന വേദിയിൽ ‘ഇത് അനേകായിരം വർഷങ്ങളുടെ പോരാട്ടങ്ങൾക്കും ത്യാഗങ്ങൾക്കും ഒടുവിൽ സംഭവിച്ച ഭഗവാൻ രാമന്റെ മടങ്ങിവരവാണ്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. അത് ഗാന്ധിയുടെ രാമനാണെന്ന് ചരിത്രബോധമുള്ളവർ ആരും കരുതില്ല. അത് പ്രതീകവൽക്കരിക്കുന്നത് സങ്കുചിതമായ, വംശവിദ്വേഷത്തിൽ അധിഷ്ഠിതമായ ഒരു ദേശരാഷ്ട്ര സങ്കൽപത്തെയാണ്.
ഗാന്ധിയുടെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ള സംസാരം നെഹ്റു അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘മഹാദുരന്തങ്ങൾ ഒരു സൂചനയാണ്. നമ്മൾ എപ്പോഴും ആലോചിച്ചുകൊണ്ടിരുന്ന ചെറിയ കാര്യങ്ങളൊക്കെ മറന്ന് ജീവിതത്തിലെ വലിയ കാര്യങ്ങളെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നതിനുള്ള സൂചന. തന്റെ മരണത്തിലൂടെ ഗാന്ധി നമ്മളെ ജീവിതത്തിലെ വലിയ കാര്യങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്നു’. നമുക്ക് ആ ഓർമകളെ മുറുകെ പിടിക്കേണ്ടതുണ്ട്.
ഗാന്ധിജിയെ കേവലം സ്വച്ഛ് ഭാരത് അഭിയാന്റെ ചിഹ്നത്തിലെ കണ്ണടയിലേക്ക് ചുരുക്കുകയും അദ്ദേഹത്തിന്റെ ഘാതകരുടെ ആശയം ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ഗാന്ധിയെ നമ്മൾ വീണ്ടെടുക്കേണ്ടതുണ്ട്.
അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ആശയപ്രപഞ്ചത്തെക്കുറിച്ചും ആവർത്തിച്ച് സംസാരിക്കേണ്ടതുണ്ട്. നമുക്ക് ഒരുമിച്ചുനിന്നേ മതിയാവൂ. ചെറിയ തർക്കങ്ങൾ, അഭിപ്രായ വ്യത്യാസങ്ങൾ, വിശ്വാസ വൈജാത്യങ്ങൾ ഇവയൊന്നും നമുക്കുവേണ്ടി വെടിയേറ്റ് വീണ ആ വലിയ മനുഷ്യൻ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെ ചേർത്തുപിടിക്കുന്നതിൽ തടസ്സമാകരുത്. ഒരു രാഷ്ട്രീയ ഭീരുവിന്റെ വെടിയുണ്ടകൊണ്ടും അവനെ സൃഷ്ടിച്ച ഭീകരസംഘടനയുടെ രാഷ്ട്രീയ പദ്ധതികൾകൊണ്ടും ഇല്ലാതാവുന്നതല്ല ഗാന്ധി പകർന്ന വെളിച്ചം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."