HOME
DETAILS

ജാതി സെന്‍സസില്‍ ഒളിച്ചുകളി വേണ്ട

  
backup
January 31 2024 | 00:01 AM

no-hide-and-seek-in-caste-census

‘ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടുവശത്തും നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണംതന്നെ നായാടി അനീതിക്കിരയായി മാറിക്കഴിഞ്ഞെന്നും എന്തു ചെയ്തിട്ടുണ്ടെങ്കിലും ആ നായാടി നിരപരാധിയാണെന്നും’ നൂറു സിംഹാസനങ്ങള്‍ എന്ന നോവലില്‍ എഴുത്തുകാരന്‍ ജയമോഹന്‍ പറയുന്നുണ്ട്. അധികാരവും സമ്പത്തും മറ്റെല്ലാ സുഖസൗകര്യങ്ങളും ജാതിമേന്‍മയുടെ പേരില്‍മാത്രം പങ്കുവയ്ക്കപ്പെട്ടൊരു കേരളം അതിവിദൂരത്തല്ലാതെ മറഞ്ഞുകിടപ്പുണ്ട്.

കീഴ്ജാതിയില്‍ ജനിച്ചു എന്നതുകൊണ്ടു മാത്രം അധികാരം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍നിന്ന് ആട്ടിയകറ്റപ്പെട്ടവരെയും നമുക്കവിടെ കാണാം. പുറത്തേക്കു കാണില്ലെങ്കിലും മേല്‍ജാതി വേരുകള്‍ ഇന്നും നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ തിടംവച്ചു കിടപ്പുണ്ട്. ഈ നീതികേട് തിരുത്താനും ജാതിയില്‍ പിന്നോക്കമായവരെക്കൂടി മുഖ്യധാരയിലേക്കു കൊണ്ടുവരാനുമാണ് നമ്മുടെ ഭരണഘടനയില്‍ സംവരണത്തെക്കുറിച്ച് സുവ്യക്തമായി എഴുതിവച്ചത്.
ഭരണഘടനാശില്‍പികള്‍ വിഭാവനം ചെയ്ത സംവരണം രാജ്യത്തു കൃത്യമായി നടപ്പാകണമെങ്കില്‍ ആദ്യംവേണ്ടത് ജാതിതിരിച്ചുള്ള കണക്കെടുപ്പു തന്നെ.

രാജ്യം സ്വാതന്ത്ര്യം നേടി ഏഴരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും ജാതിസര്‍വേ നടപ്പായത് ബിഹാറില്‍ മാത്രം. സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായി ഏറെ പ്രബുദ്ധമെന്ന് മേനിനടിക്കുന്ന കേരളംപോലും ജാതിസര്‍വേയുടെ കാര്യത്തില്‍ തീണ്ടാപ്പാടകലം തുടരുകയാണ്. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനോ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാരിനോ സര്‍വേയുടെ കാര്യത്തില്‍ തരിമ്പും താല്‍പര്യമില്ലെന്നു സാരം.


സംസ്ഥാനത്ത് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ സമഗ്ര റിപ്പോര്‍ട്ട് തയാറാക്കണമെന്ന് 2020 സെപ്റ്റംബര്‍ എട്ടിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. 10 വര്‍ഷം കൂടുമ്പോള്‍ അനര്‍ഹരെ ഒഴിവാക്കാന്‍ പാകത്തില്‍ നിലവിലെ സംവരണപ്പട്ടിക പുതുക്കണമെന്നും കോടതി ഓര്‍മിപ്പിക്കുകയുണ്ടായി. പലതവണ സമയം നീട്ടിനല്‍കിയിട്ടും ഉത്തരവു നടപ്പാക്കുന്നതില്‍ ഇരു സര്‍ക്കാരുകളും അനിയന്‍ബാവ ചേട്ടന്‍ബാവ കളി തുടരുകയായിരുന്നു. ജാതി സെന്‍സസ് നടത്തേണ്ടത് സംസ്ഥാനമല്ല, കേന്ദ്ര സര്‍ക്കാരാണെന്നാണ് ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍ കേരളത്തിനുവേണ്ടി ഹാജരായ ചീഫ് സെക്രട്ടറി ഡോ. വി. വേണു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്.

30 വര്‍ഷം കഴിഞ്ഞിട്ടും സംവരണപ്പട്ടിക പുതുക്കാതിരിക്കുന്നത് ഇന്ദിര സാഹ്‌നി കേസിലെ നിര്‍ദേശത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ ബീരാന്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലായിരുന്നു ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം.
മുസ്‌ലിംകള്‍, പട്ടികവിഭാഗക്കാര്‍, മറ്റു പിന്നോക്ക സമുദായങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ ഭരണഘടനാപ്രകാരം നല്‍കിയ സംവരണാവകാശം പിന്നോക്ക പട്ടികയില്‍ തുടരുന്ന മുന്നോക്കവിഭാഗങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന വിഷയമാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.

സാമൂഹികവും സാംസ്‌കാരികവുമായി കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണെന്നു നാം ഊറ്റംകൊള്ളാറുണ്ട്. എന്നാല്‍ ജാതിരാഷ്ട്രീയവും സാമൂഹിക അസമത്വങ്ങളും നിരക്ഷരതയും കളംനിറയുന്ന ബിഹാറില്‍ കഴിഞ്ഞ വര്‍ഷം ജാതിസര്‍വേ നടപ്പാക്കിയത് കേന്ദ്ര സര്‍ക്കാരല്ലെന്നും കേന്ദ്രം നല്‍കിയ വിവരങ്ങളുടെ ബലത്തിലല്ലെന്നും നാഴികയ്ക്കു നാല്‍പ്പതുവട്ടം പുരപ്പുറത്തുകയറി പുരോഗമനം പറയുന്ന കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്ന്. സാമൂഹികവും വിദ്യാഭ്യാസപരവുമായുള്ള പിന്നോക്കാവസ്ഥ കണ്ടെത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന സംസ്ഥാനത്തിന്റെ നിലപാട് വിചിത്രവും പരിഹാസ്യവുമാണ്. ജാതി എന്നത് സാമൂഹിക യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ ജാതിതിരിച്ചുള്ള കണക്കുകള്‍കൂടി ഉള്‍പ്പെടുന്ന സമഗ്രമായ സാമൂഹിക, സാമ്പത്തിക സര്‍വേ അനിവാര്യവുമാണ്.


എന്നാല്‍, ജാതി സെന്‍സസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുമ്പോള്‍ തന്ത്രപരമായ മൗനം തുടരാനാണ് സംസ്ഥാന സര്‍ക്കാരിനു താല്‍പര്യം. കേന്ദ്രം മടിച്ചുനില്‍ക്കുന്നെന്നു കുറ്റംപറയുമ്പോൾപോലും, സ്വന്തം നിലയ്ക്കു ജാതി അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതില്‍നിന്ന് പിണറായി സര്‍ക്കാരിനെ ആരാണ് പിന്നോക്കം വലിക്കുന്നത്. പാര്‍ലമെന്റ് പാസാക്കിയ മുന്നോക്ക സംവരണം ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണെന്നതുകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് ഇക്കാര്യത്തിലെ ഇരട്ടത്താപ്പ് ബോധ്യമാവുക. യാതൊരു സാമൂഹിക പഠനങ്ങളുടെയും പിന്‍ബലമില്ലാതെയാണ് കേരളത്തില്‍ കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ മുന്നോക്ക സംവരണം നടപ്പാക്കിയത്.


ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒരു റിപ്പോര്‍ട്ട് കഴിഞ്ഞദിവസത്തെ മാധ്യമങ്ങളിലുണ്ടായിരുന്നു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംവരണ മാനദണ്ഡങ്ങള്‍ നിരന്തരം അട്ടിമറിക്കപ്പെടുന്നതായും കേരളത്തിലും അതേ സാഹചര്യമാണെന്നുമാണ് ആ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മാത്രമാണ് ജാതിസംവരണം നടപ്പായതെന്നും എയ്ഡഡ് മേഖലയില്‍ ഒരു ശതമാനത്തില്‍ താഴെയാണ് പട്ടികജാതി വര്‍ഗ ജീവനക്കാരുടെ എണ്ണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

8,128 എയ്ഡഡ് സ്ഥാപനങ്ങളിലായി 1,29,653 അധ്യാപകരും 14,760 അനധ്യാപകരുമാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ പട്ടികവിഭാഗത്തില്‍പ്പെട്ട 560 പേര്‍ മാത്രമേ ഉള്ളൂ എന്നറിയുമ്പോഴാണ് ജാതിയുടെ പേരിലുള്ള അകറ്റിനിര്‍ത്തലുകള്‍ ഇക്കാലത്തും എത്ര ഭീതിദമാണെന്നു ബോധ്യമാവുക. ഈയൊരു സാഹചര്യത്തിലാണ് ജാതിസര്‍വേ കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രിംകോടതി പോലും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ വോട്ടുചോര്‍ച്ചയിലെ ഭയമോ സമുദായനേതാക്കളുടെ കണ്ണുരുട്ടലോ അതുമല്ലെങ്കില്‍ കാലങ്ങളായി ഉള്ളില്‍ പേറുന്ന സവര്‍ണബോധമോ ജാതിതിരിച്ചുള്ള കണക്കെടുപ്പില്‍നിന്ന് ഭരണാധികാരികളെ കൈയകലത്തില്‍ നിര്‍ത്തുകയാണ്. ഇടതുവലതു ഭേദമില്ലാതെ രാഷ്ട്രീയനേതൃത്വങ്ങളും ഈ വിഷയത്തില്‍ ഒക്കച്ചങ്ങാതിമാരാണ്.


മുന്നോക്ക സംവരണം നടപ്പാക്കുന്നതിനു മുന്നോടിയായി മേല്‍ജാതിയിലെ ദരിദ്രനെ കണ്ടെത്താന്‍ ഒരു മാനദണ്ഡമുണ്ടായിരുന്നു. ആ മാനദണ്ഡം പരിശോധിച്ചാല്‍പോലും മുന്നോക്കക്കാരനായ ദരിദ്രന്റെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളുടെ ഏഴയലത്തുപോലും ഇന്നാട്ടിലെ പിന്നോക്ക ദലിത് വിഭാഗങ്ങളിലെ മഹാഭൂരിപക്ഷത്തിനും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാം.

അടിസ്ഥാന സൗകര്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട മുപ്പതിനായിരത്തിലധികം കോളനികളില്‍ ഇവിടുത്തെ ദലിതരും ആദിവാസികളും തളയ്ക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ കൊടിയ അസമത്വം നിറഞ്ഞതാണ് കേരളത്തിലെ സാമൂഹിക പരിസരം. എന്നിട്ടും നമ്മുടെ ഭരണാധികാരികളെ അതൊട്ടും അലട്ടുന്നില്ലെന്നത് ആശങ്കാജനകമാണ്.


ഇനിയെങ്കിലും ഈ അനീതി തുടരാതിരിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സത്വരനടപടികള്‍ കൈക്കൊണ്ടേ മതിയാവൂ. അധികാരക്കൊതിയാല്‍ തരംപോലെ മുന്നണിക്കൂടുമാറുന്ന അധമരാഷ്ട്രീയത്തോട് മുഖം തിരിക്കുന്നതിനൊപ്പം, ജാതി സെന്‍സസ് നടപ്പാക്കാന്‍ ബിഹാര്‍ കാണിച്ച ആര്‍ജവം കേരളം പകര്‍ത്തുകതന്നെ വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago