അറസ്റ്റിലായാല്‍ ഭാര്യ കല്‍പനയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവുമായി ഹേമന്ത് സോറന്‍; എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിച്ചു
അറസ്റ്റിലായാല്‍ ഭാര്യ കല്‍പനയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവുമായി ഹേമന്ത് സോറന്‍; എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിച്ചു
ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനിടെ ഒരു മുഴം നീട്ടിയെറിഞ്ഞ് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെ.എം.എം.) നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍. താന്‍ അറസ്റ്റിലായാല്‍ ഭാര്യ കല്‍പനയെ മുഖ്യമന്ത്രിയാക്കാനാണ് സോറന്റെ നീക്കം.
ഇതിന് മുന്നോടിയായി കല്‍പനയെ പിന്തുണക്കുന്ന കത്ത് പാര്‍ട്ടി എം.എല്‍.എമാരില്‍ നിന്ന് ഹേമന്ത് സോറന്‍ വാങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എം.എല്‍.എമാരുടെ യോഗം നടന്നിരുന്നു. യോഗത്തില്‍ കല്‍പന സോറന്‍ പങ്കെടുത്തിരുന്നു. എം.എല്‍.എമാരോട് തലസ്ഥാനം വിടരുതെന്ന് സോറന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, രാജിക്കത്ത് തയാറാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
'ഭരണസഖ്യത്തിലെ മുഴുവന്‍ എം.എല്‍.എമാരും മുഖ്യമന്ത്രിയെ പിന്തുണക്കും' കോണ്‍ഗ്രസുകാരനായ സംസ്ഥാന ആരോഗ്യ മന്ത്രി ബന്ന ഗുപ്ത വ്യക്തമാക്കി. അതേസമയം കല്‍പനക്ക് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിയമപരമായ പ്രശ്‌നങ്ങളുണ്ടായേക്കാം. കല്‍പന മുഖ്യമന്ത്രിയായാല്‍ ആറു മാസത്തിനിടെ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതുണ്ട്. എന്നാല്‍ നിയമസഭയുടെ കാലാവധി ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിക്കുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് ഭരണഘടനാ വ്യവസ്ഥകള്‍ പറയുന്നു. ഈ വര്‍ഷം നവംബറിലാണ് ഝാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഈ സാഹചര്യത്തില്‍ കല്‍പന സോറന് എം.എല്‍.എ ആവുക എന്നത് പ്രയാസകരമായിരിക്കും. അതേസമയം, ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ നിയമോപദേശം സ്വീകരിക്കുകയോ അല്ലെങ്കില്‍ മറ്റാരെങ്കിലും ഉന്നത പദവി ഏറ്റെടുക്കുകയോ ചെയ്യാമെന്നും വൃത്തങ്ങള്‍ പറയുന്നു.
കല്‍പന സോറനെ മുഖ്യമന്ത്രിയാക്കുന്നതില്‍ ഹേമന്ത് സോറന്റെ സഹോദരന് എതിര്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ അവസരം മുതലാക്കി ജെ.എം.എം. എം.എല്‍.എമാരെ മറുകണ്ട് ചാടിച്ച് ഭരണം അട്ടിമറിക്കാനുള്ള നീക്കം ബി.ജെ.പി നടത്തുന്നുമുണ്ട്.
അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് വീണ്ടും ഇ.ഡി ചോദ്യം ചെയ്യും. ഡല്‍ഹിയിലെ സോറന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 36 ലക്ഷവും ബി.എം.ഡബ്ല്യു കാറും നിര്‍ണായക രേഖകളും ഇന്നലെ ഇ.ഡി പിടിച്ചെടുത്തിരുന്നു.
അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇ.ഡി ആരോപണം. കേസില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 14 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."