വിജിലൻറ് വിഖായ: എസ്‌ഐസി ജുബൈൽ ഫണ്ട് കൈമാറി
കോഴിക്കോട്: എസ് കെ എസ് എസ് എഫ് മുപ്പത്തിയഞ്ചാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സമർപ്പിക്കുന്ന വിജിലൻറ് വിഖായ പദ്ധതിയിലേക്ക് എസ് ഐ സി ജുബൈൽ ഫണ്ട് കൈമാറി. സത്യം, സ്വത്വം, സമർപ്പണം എന്ന നാമധേയത്തിൽ ഫെബ്രുവരി 02, 03, 04 തിയ്യതികളിലായി കോഴിക്കോട് മുഖദ്ദസ് നഗരിയിൽ നടക്കുന്ന എസ് കെ എസ് എസ് എഫ് മുപ്പത്തിയഞ്ചാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് മുപ്പത്തിഅയ്യായിരം വിജിലൻറ് വിഖായ വളണ്ടിയർമാരെയാണ് സമൂഹത്തിനു സമർപ്പിക്കുന്നത്.
ഇതിലേക്ക് സമസ്ത ഇലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി സ്വരൂപിച്ച തുകയാണ് കൈമാറിയത്. വരക്കൽ മഖാം പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ എസ് ഐ സി ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രതിനിധികളായ അബൂബക്കർ ദാരിമി താമരശ്ശേരി, സിദ്ധീഖ് കുന്നമംഗലം, സാദിഖ് കുന്നമംഗലം എന്നിവരുടെ നേതൃത്വത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് കൈമാറി.
എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സിക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, സംസ്ഥാന നേതാക്കളായ സത്താർ പന്തല്ലൂർ, അൻവർ മുഹയുദ്ദീൻ ഹുദവി, ഒ പി അഷ്‌റഫ്, സയ്യിദ് മുബഷിർ ജമലുല്ലൈലി തങ്ങൾ, താജുദ്ധീൻ ദാരിമി പടന്ന, അയ്യൂബ് മാസ്റ്റർ, ഫാറൂഖ് ഫൈസി മണിമൂളി, അബൂബക്കർ യമാനി, ഷഹീർ പുറങ്ങ് തുടങ്ങിയവർ സംബന്ധിച്ചു.
മുപ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തിന് തുടക്കം കുറിച്ച് കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ മുഖദ്ദസ് നഗരിയില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ കോഴിക്കോട് ഇനി വിദ്യാർത്ഥി പടയണിയുടെ കാൽപാടുകൾക്ക് സാക്ഷ്യം വഹിക്കും. മലയാളക്കരയിലെ സുന്നി വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനത്തിന്റെ ചരിത്ര വഴികളില്‍ മറ്റൊരു ചരിത്രം തീര്‍ക്കാന്‍ ഒരുങ്ങുന്ന മുഖദ്ദസ് നഗരിയിൽ അറിവും അന്വേഷണങ്ങളും സംഗമിക്കുന്ന നിരവധി സെഷനുകള്‍, പ്രമുഖ വ്യക്തിത്വങ്ങളുടെ വിവിധങ്ങളായ വിഷയാവതരണങ്ങള്‍ എന്നിവക്ക് പുറമെ സംഘടിത മുന്നേറ്റത്തിന്റെ ഇതിഹാസ ചരിത്രങ്ങള്‍ അയവിറക്കി ഇനിയുള്ള മൂന്ന് ദിനങ്ങള്‍ അഷ്ട ദിക്കുകളില്‍ നിന്നും സുന്നി യുവജന വിദ്യാര്‍ഥി കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ കോഴിക്കോട് നഗരത്തിലെ വിവിധ വേദികളില്‍ സംഗമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."