ഗ്യാന്‍വാപി മസ്ജിദില്‍ ബ്രിട്ടീഷ് ഭരണകാലം മുതല്‍ തെക്കേ നിലവറയില്‍ പൂജനടന്നെന്ന വാദം തെറ്റ്; നിലവില്‍ പള്ളിയില്‍ നിസ്‌ക്കാരം പതിവു പോലെ തുടരുന്നുവെന്നും മസ്ജിദ് കമ്മിറ്റി
ഗ്യാന്‍വാപി മസ്ജിദില്‍ ബ്രിട്ടീഷ് ഭരണകാലം മുതല്‍ തെക്കേ നിലവറയില്‍ പൂജനടന്നെന്ന വാദം തെറ്റ്; നിലവില്‍ പള്ളിയില്‍ നിസ്‌ക്കാരം പതിവു പോലെ തുടരുന്നുവെന്നും മസ്ജിദ് കമ്മിറ്റി
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ ബ്രിട്ടീഷ് ഭരണകാലം മുതല്‍ തെക്കേ നിലവറയില്‍ പൂജനടന്നുവെന്നും മുലായം സിങ് സര്‍ക്കാറാണ് അത് നിര്‍ത്തിയതെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് അന്‍ജുമന്‍ മസാജിദ് ഇന്‍തിസാമിയ കമ്മിറ്റി ജോ. സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീന്‍. തെളിവുകള്‍ മറച്ചുവെച്ചാണ് അത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
1942ലെ അലഹബാദ് ഹൈക്കോടതി വിധി ഗ്യാന്‍വാപി മസ്ജിദാണെന്ന് സ്ഥിരീകരിച്ചതാണ്. പള്ളിയും അസ്തിവാരവും വഖഫ് ഭൂമിയാണെന്നും അന്ന് കോടതി വ്യക്തമാക്കി. എന്നിട്ടും ഇന്നത്തെ കോടതികള്‍ അത് അംഗീകരിക്കുന്നില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി. മസ്ജിദില്‍ നമസ്‌കാരം മുടക്കാന്‍ ഹിന്ദു വിഭാഗം നല്‍കിയ പരാതി പരിഗണിച്ച് വാരാണസി കോടതി നമസ്‌കരിക്കാന്‍ എത്തുന്നവരുടെ എണ്ണം 20 ആയി നേരത്തേ ചുരുക്കിയിരുന്നത് 2022 മേയ് 17ലെ ഉത്തരവില്‍ സുപ്രിം കോടതി നീക്കിയെന്നും നിയന്ത്രണമില്ലാതെ നമസ്‌കാരം നടക്കുന്നതായും യാസീന്‍ പറഞ്ഞു.
പടിഞ്ഞാറേ മതിലിനോടു ചേര്‍ന്നുള്ള രണ്ട് ഖബറുകളില്‍ എല്ലാവര്‍ഷവും ഉറൂസ് നടന്നിരുന്നു. എന്നാല്‍ ബ്രിട്ടീഷ് കാലത്ത് സംഘാടകര്‍ അവരുടെതായ കാരണങ്ങളാല്‍ അത് പിന്നീട് നിര്‍ത്തിവെച്ചു. ഇത് വീണ്ടും ആരംഭിക്കാന്‍ രണ്ടു വര്‍ഷം മുമ്പ് സംഘാടകര്‍ കോടതിയെ സമീപിച്ചിരുന്നു. തെക്കേ നിലവറയില്‍ പൂജക്ക് അനുമതി നല്‍കിയ കോടതി പക്ഷേ, ഉറൂസിന് അനുമതി നല്‍കിയില്ലെന്നും യാസീന്‍ പറയുന്നു.
മസ്ജിദിന്റെ അടിഭാഗത്തെ നിലവറയില്‍ പൂജ ആരംഭിച്ചെങ്കിലും വ്യാഴാഴ്ചയും പതിവ് പോലെ നമസ്‌കാരം നടന്നതായും ഇന്തയാ റിറുമാറോക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. നമസ്‌കാരം തടയാന്‍ അധികൃതരുടെയോ, പുറത്തുനിന്നുള്ളവരുടെയോ ഭാഗത്ത് നിന്ന് നീക്കമൊന്നുമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മസ്ജിദിനകത്താണ് വിഗ്രഹം സ്ഥാപിച്ചതെന്നും ഇവിടെ മുസ്‌ലിംകള്‍ക്ക് ആരാധന മുടങ്ങിയെന്നുമുള്ള സമൂഹമാധ്യമ പ്രചാരണം തെറ്റാണെന്നും അത് അവസാനിപ്പിക്കണമെന്നും സയ്യിദ് മുഹമ്മദ് യാസീന്‍ പറഞ്ഞു.
ബുധനാഴ്ചയാണ് ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ വരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രദേശവാസികള്‍ മസ്ജിദ് കോംപ്ലക്‌സിനകത്തെ നിലവറയില്‍ പൂജ തുടങ്ങിയിരുന്നു.
അതേസമയം, പൂജക്ക് അനുമതി നല്‍കിയ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. നിയമപോരാട്ടം തുടരുമെന്നും നീതി വേണമെന്നും മുഹമ്മദ് യാസീന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."