HOME
DETAILS

കായികവിദ്യാഭ്യാസം നമുക്ക് വേണ്ടേ?

  
backup
February 04 2024 | 00:02 AM

do-we-not-need-physical-education

ഡോ. അബേഷ് രഘുവരൻ

കായികരംഗത്തു ധാരാളം പ്രഗത്ഭരെ സംഭാവനചെയ്ത സംസ്ഥാനമാണ് കേരളം. പി.ടി ഉഷ, ഷൈനി വില്‍സണ്‍, ടി.യു ചിത്ര, സഞ്ജു സാംസണ്‍ എന്നിവര്‍ വിവിധ കായികയിനങ്ങളില്‍ കേരളത്തിന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാലും, കുട്ടികളുടെ കായികാഭിരുചി ഏറെ പ്രകടമാകുന്ന സ്‌കൂള്‍ കാലഘട്ടത്തില്‍ അവരുടെ ഈ ശേഷികളെ പരിപോഷിപ്പിക്കാന്‍ എന്തു ശ്രമങ്ങളാണ് നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്? സ്‌കൂളുകളില്‍നിന്ന് കായികപഠനം ഏതാണ്ട് പടിയിറങ്ങുന്ന അവസ്ഥയിലാണ്.

ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതില്‍ സ്‌കൂളുകളുടെ പങ്കിനെക്കുറിച്ചും നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
‘ടോട്ടല്‍ ഫിസിക്കല്‍ ഫിറ്റ്‌നസ് പ്രോഗ്രാം’ അഞ്ചുമുതല്‍ ഒമ്പതുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കായികക്ഷമതയും വ്യക്തിത്വവികാസവുമൊക്കെ അളക്കാനും പഠിക്കാനുമായി 2008ല്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ആരംഭിച്ച പദ്ധതിയാണ്.

ആ പദ്ധതിറിപ്പോർട്ട് പ്രകാരം കേരളത്തിലെ സ്‌കൂള്‍ കുട്ടികളില്‍ 85 ശതമാനം പേര്‍ക്കും കായികക്ഷമതയില്ല എന്ന കണ്ടെത്തല്‍ പൊതുജനങ്ങളില്‍ ഞെട്ടല്‍ ഉളവാക്കിയെങ്കിലും അതിനുപിന്നാലെ സര്‍ക്കാര്‍ തലത്തിലോ, അല്ലാതെയോ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കേരളത്തെ സംബന്ധിച്ച് കായികതാരങ്ങളെ വാര്‍ത്തെടുക്കുവാന്‍ കഴിയുന്ന ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെ ഉണ്ടായിരുന്നിട്ടും പലപ്പോഴും നാം പിന്നോക്കം പോകുന്ന കാഴ്ചയാണുള്ളത്.
കായികക്ഷമത എന്നത് കായികതാരങ്ങള്‍ക്കു മാത്രം ആവശ്യമുള്ള കാര്യമാണെന്നും മറ്റുവിഷയങ്ങള്‍ പഠിക്കുന്നവര്‍ക്കു കായികക്ഷമതയുടെ ആവശ്യമില്ല എന്നുമുള്ള ധാരണ നമുക്കിടയില്‍ വേരൂന്നിയിട്ട് കാലം ഏറെയായി.

അതുകൊണ്ടുതന്നെ സ്‌കൂളുകളില്‍ അതിന്റെ പ്രാധാന്യം കുറയുകയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുപോലും പ്രോത്സാഹനം ലഭിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. പഠിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് സ്‌കൂളുകള്‍ എന്നും കായികമായ അഭിരുചിയുള്ളവര്‍ക്ക് സ്‌കൂള്‍പഠനശേഷം വേണമെങ്കില്‍ അതാകാം എന്നുമാണ് അധ്യാപകരും രക്ഷാകര്‍ത്താക്കളും കുട്ടികളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ, കായികക്ഷമത എന്നത് ചെറുപ്രായം മുതല്‍തന്നെ മെല്ലെമെല്ലെ വളര്‍ത്തിക്കൊണ്ടുവരേണ്ട ഒന്നാണെന്നും അതുവഴി കുഞ്ഞുങ്ങള്‍ക്കു ശോഭനമായ കരിയര്‍ തന്നെ കരസ്ഥമാക്കാമെന്നുമുള്ള വീണ്ടുവിചാരം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇല്ലാതെപോകുന്നു.


കേരളത്തിലെ സ്‌കൂളുകള്‍ വിലപ്പെട്ട വിഭവങ്ങളുടെ കലവറയാണ്. പഠനകാര്യത്തിലെ അതുല്യമായ തലച്ചോറുകളുടെയും കലാപരമായ കഴിവുകളുടെയും കായികമായ ശേഷിയുടെയുമൊക്കെ റിസര്‍വോയര്‍. കുട്ടികളുടെ കായികപരമായ കഴിവുകള്‍ ആദ്യം കണ്ടുതുടങ്ങുന്നത് അവര്‍ കൂട്ടുകാരുമൊത്തു കളിക്കുമ്പോഴാണ്. ദിവസത്തില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഫിസിക്കല്‍ ട്രെയിനിങ് പിരീഡുകളില്‍ കുട്ടികള്‍ അവര്‍പോലുമറിയാതെ ഉയര്‍ന്ന കായികക്ഷമത പ്രകടിപ്പിക്കാറുണ്ട്.

കൂടെയുള്ള കുട്ടികള്‍ക്ക് അതു തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. എങ്കിലും ഒരു മികച്ച കായികാധ്യാപകന് അത്തരം കഴിവുകള്‍ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. എന്നാൽ അവ തിരിച്ചറിഞ്ഞതുകൊണ്ടുമാത്രം ഒരു കുട്ടിയ്ക്കും മികച്ച കായികതാരമായി ഉയര്‍ന്നുവരാനാവില്ല. അത് പരിപോഷിപ്പിക്കുന്നതിനുള്ള അവസരംകൂടി അവര്‍ക്കു നല്‍കേണ്ടതുണ്ട്. സംസ്ഥാനത്തെ 45 ശതമാനം സര്‍ക്കാര്‍ സ്‌കൂളുകളിലും കായികാധ്യാപകരില്ല എന്നതാണ് വസ്തുത.

ചിലയിടങ്ങളില്‍ താല്‍ക്കാലികമായി അധ്യാപകര്‍ ഉണ്ടെങ്കിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നില്ല. എല്‍.പി, വി.എച്ച്.എസ്.ഇ തലങ്ങളില്‍ പൂര്‍ണമായും കായികാധ്യാപകര്‍ ഇല്ലാത്ത അവസ്ഥയാണ്. ഇവിടങ്ങളില്‍ ഫിസിക്കല്‍ ട്രെയിനിങ്ങിനും കായികയിനങ്ങള്‍ക്കും യാതൊരു പ്രാധാന്യവും ലഭിക്കാറില്ല. അധ്യാപകര്‍ ഉള്ളയിടത്തുതന്നെ അവര്‍ക്കു സ്‌കൂളിലെ മറ്റുപല ജോലികളും നല്‍കി കായികപരിശീലനത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.


സ്‌കൂളുകളിലെ കളിസ്ഥലങ്ങളുടെ വ്യാപ്തിയും അവസ്ഥയും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യമർഹിക്കുന്നുണ്ട്. ഒട്ടുമിക്ക സ്‌കൂളുകളിലും അവിടുത്തെ കുട്ടികളുടെ അനുപാതത്തിന് അനുസരിച്ച് കളിസ്ഥലങ്ങളില്ല എന്നുതന്നെ പറയാം. കേരളത്തിലെ ഒരു സ്‌കൂളുകളിലും 200 മീറ്റര്‍ ട്രാക്ക് നേരെവരയ്ക്കാന്‍ കഴിയുന്നതരത്തില്‍ വലുപ്പമുള്ള കളിസ്ഥലമില്ല എന്നാണ് പറയപ്പെടുന്നത്. കളിസ്ഥലങ്ങള്‍ പലതും കൃത്യമായി ഉപയോഗപ്പെടുത്താതെ പോകുകയും ചെയ്യുന്നു.

ദേശീയതലത്തില്‍ മത്സരങ്ങളോ, അത്‌ലറ്റിക്‌സോ നടത്തണമെങ്കില്‍ പോലും വിരലിലെണ്ണാവുന്ന ഗ്രൗണ്ടുകളെ മാത്രം നമുക്ക് ആശ്രയിക്കേണ്ടിവരുന്നു. സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ ഉണ്ടെങ്കില്‍തന്നെ അവിടെ പരിശീലിക്കുന്ന നമ്മുടെ കുട്ടികള്‍ക്കു ഇതര സംസ്ഥാനങ്ങളില്‍ മത്സരത്തിനു പോകുമ്പോള്‍ മാറ്റുരയ്ക്കേണ്ടി വരുന്നത് സിന്തറ്റിക് ട്രാക്കുകളിലും ടര്‍ഫ് ഗ്രൗണ്ടുകളിലുമാണ്.

മണ്ണിലും കല്ലിലും മാത്രം കളിച്ചുപരിചയമുള്ള കുട്ടികള്‍ അവിടെ പരാജയപ്പെടുന്നു. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയാണെന്നു പറയേണ്ടിവരുന്നത്, ഒഡിഷ പോലെയുള്ള സംസ്ഥാനങ്ങളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നിലവാരമേറിയ എണ്ണമറ്റ കളിസ്ഥലങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ്. അത് ഒരര്‍ഥത്തില്‍ ഫലം കാണുകയും അവിടെനിന്ന് ധാരാളം പ്രതിഭാധനരായ കായികതാരങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ട്.


മറ്റു ക്ലാസുകളില്‍ പേരിനെങ്കിലും കായികവിദ്യാഭ്യാസം നല്‍കുന്നുണ്ടെങ്കിലും പത്താംതരംപോലെ പൊതുപരീക്ഷകള്‍ നടക്കുന്ന ക്ലാസുകളില്‍ കായികപരിശീലനമോ, അതിനായി പിരീഡുകളോ മാറ്റിവയ്ക്കാറില്ല. വിദ്യാർഥികൾക്കു കായികയിനങ്ങളോട് താല്‍പര്യമുണ്ടെങ്കില്‍പോലും ആ മേഖലയിലേക്ക് തിരിയാന്‍ കഴിയാത്ത അവസ്ഥയിലാണ് നമ്മുടെ പാഠ്യപദ്ധതി ഫ്രെയിം ചെയ്തുവച്ചിരിക്കുന്നത്. കായികയിനങ്ങളോട് കൂടുതൽ ആഭിമുഖ്യം പുലർത്തുന്ന കുട്ടികളുടെ ശേഷി പരിപോഷിപ്പിക്കുന്നതിനുള്ള അവസരങ്ങളും നമ്മുടെ സ്‌കൂളുകളില്‍ ലഭ്യമല്ല.

ഒരര്‍ഥത്തില്‍ അവര്‍ ഇങ്ങോട്ടു തേടിവരികയല്ല വേണ്ടത്, നാം അങ്ങോട്ട് അവരെ തേടിച്ചെല്ലുകയാണ് വേണ്ടത്. അങ്ങനെയാണെങ്കില്‍ മാത്രമേ കഴിവുള്ള കുട്ടികളെ കണ്ടെത്താനും അവരുടെ കഴിവിനെ പരിപോഷിപ്പിക്കാനും അതുവഴി ശക്തമായ ഒരു കായികസംസ്‌കാരം കെട്ടിപ്പടുക്കാനും നമുക്കു കഴിയുകയുള്ളൂ.
കേരളത്തില്‍ കായികപഠനത്തിനു പ്രാധാന്യം കുറഞ്ഞതില്‍ വിവരസാങ്കേതികരംഗത്തെ കുതിച്ചുചാട്ടത്തിനും വലിയ പങ്കുണ്ട്. കംപ്യൂട്ടറിനു മുന്നില്‍മാത്രം ഇരുന്നുകൊണ്ട് പണിയെടുക്കേണ്ട തൊഴിലിന് എന്തിനാണ് കായികക്ഷമതയെന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം നല്‍കാനാവില്ല.

എന്നാല്‍ അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന പഠനങ്ങളെ നാം മനപ്പൂർവം മറക്കുകയാണ് ചെയ്യുന്നത്. വ്യായാമം ഇല്ലാതെ, ജങ്ക് ആഹാരങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന യുവത്വം ഇന്ന് സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ക്ക് ഒപ്പമാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വലുതാകുമ്പോള്‍ എന്താകാനാണ് ആഗ്രഹമെന്നു ചോദിക്കുമ്പോള്‍ ഒരു കായികതാരമാകണമെന്ന് പറയുന്നവര്‍ വളരെ വിരളമാണ്. അങ്ങനെയൊരു ആഗ്രഹം അവരുടെ മനസില്‍ ഉണ്ടായാലും അതിനെ നിരുത്സാഹപ്പെടുത്താനാകും രക്ഷാകര്‍ത്താക്കളുടെ ശ്രമവും.

ഇങ്ങനെയൊരു സംസ്‌കാരം നമ്മില്‍ നിലനില്‍ക്കുമ്പോള്‍ കായികരംഗത്തേക്ക് കടന്നുവരാന്‍ ആര്‍ക്കാണ് താല്‍പര്യമുണ്ടാവുക, ആര്‍ക്കാണ് ധൈര്യമുണ്ടാവുക?
ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസ് ഉണ്ടാകൂ എന്നു പറയാറുണ്ട്. നല്ലത് ചിന്തിക്കണമെങ്കില്‍ നമ്മുടെ ശരീരവും അതുവഴി മനസും പൂര്‍ണ ആരോഗ്യത്തോടെ നിലനില്‍ക്കണം.

അതിനുവേണ്ടി സ്‌കൂളുകളില്‍ കായികവിദ്യാഭ്യാസം നിര്‍ബന്ധമായും നടപ്പാക്കേണ്ടത് അനിവാര്യമാണ്. കേരളത്തെ കായികഭൂപടത്തില്‍ അടയാളപ്പെടുത്തുക എന്നതുമാത്രമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, മുഴുവന്‍ വിദ്യാര്‍ഥികളുടെയും ആരോഗ്യവും കൂടിയാണ്. അതുവഴി കൂടുതല്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പരിശീലനങ്ങളും സൗകര്യങ്ങളും പ്രോ ത്സാഹനവും സര്‍ക്കാര്‍ നല്‍കുകയും വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago