HOME
DETAILS

കേരളം ഒറ്റയ്ക്കല്ല

  
backup
February 05 2024 | 00:02 AM

kerala-is-not-alone

കെ.എൻ.ബാല​ഗോപാൽ

സംസ്ഥാനങ്ങൾക്ക്‌ അർഹമായ സാമ്പത്തികാവകാശങ്ങൾ കേന്ദ്രം നിഷേധിക്കുന്നുവെന്നത്‌ കേരളം വർഷങ്ങളായി പറഞ്ഞുവരുന്ന കാര്യമാണ്‌. എൽ.ഡി.എഫ്‌ സർക്കാരുകൾ ഈ പ്രശ്‌നം ഉന്നയിക്കുമ്പോൾ ബി.ജെ.പിയെ കൂട്ടുപിടിച്ച്‌ അതിനെ പരിഹസിക്കുന്ന നിലപാടാണ്‌ കേരളത്തിൽ കോൺഗ്രസും യു.ഡി.എഫും സ്വീകരിച്ചുവന്നിരുന്നത്‌. പല കേന്ദ്രപദ്ധതികളും സഹായങ്ങളും ആവശ്യമില്ലെന്ന അഭിപ്രായപ്രകടനങ്ങൾ പോലുമുണ്ടായി. അവകാശങ്ങൾ നിഷേധിക്കുന്നതിൽ ഭരണപരമായ പ്രശ്‌നങ്ങൾ മാത്രമല്ല, രാഷ്‌ട്രീയ കാരണങ്ങളാണ്‌ പ്രധാനമെന്ന കേരളത്തിന്റെ ആക്ഷേപം ശരിവയ്‌ക്കുന്നതാണ്‌ ഇപ്പോൾ രാജ്യത്താകെ ഉയർന്നുവരുന്ന അഭിപ്രായങ്ങൾ. അഗവണിക്കപ്പെടുന്നുവെന്ന പരാതി പല സംസ്ഥാനങ്ങളും പരസ്യമായി ഉന്നയിക്കുന്നുണ്ട്.


‘കേന്ദ്ര വിവേചനവും പ്രതികാര മനോഭാവവു’മാണ്‌ കേരളം നേരിടേണ്ടിവരുന്നത്‌. സാമ്പത്തികാവകാശങ്ങൾ സംരക്ഷിക്കണമെന്നും അർഹതപ്പെട്ട ധനവിഭവങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട്‌ കേരളം പലതവണ കേന്ദ്രത്തിന്‌ കത്തെഴുതി. ബന്ധപ്പെട്ടവരെയെല്ലാം നേരിൽകണ്ട്‌ പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തി. ഇതെല്ലാം പ്രതികാര ബുദ്ധിയോടെ അവഗണിക്കപ്പെട്ട സാഹചര്യത്തിലാണ്‌ സുപ്രിംകോടതിയെ സമീപിക്കാനും കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം സമരരൂപത്തിൽ ഡൽഹിയിൽ പ്രകടിപ്പിക്കാനും കേരളം തീരുമാനിച്ചത്‌.


കേരളം ഉന്നയിക്കുന്ന വിഷയങ്ങൾക്ക്‌ ആധികാരികത പകരുന്നതാണ്‌ നീതി ആയോഗ്‌ സി.ഇ.ഒയുടെ അടുത്തകാലത്തെ വെളിപ്പെടുത്തൽ. സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട ഫണ്ട്‌ വെട്ടിക്കുറയ്‌ക്കാൻ കേന്ദ്രസർക്കാർ രഹസ്യനീക്കം നടത്തിയെന്നാണ്‌ അദ്ദേഹം തുറന്നുപറഞ്ഞത്‌. ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമായ ഈ വാർത്തയെ ഒരു കേന്ദ്രത്തിൽനിന്നും നിഷേധിച്ചതായി കണ്ടില്ല.


കേരളത്തിനുള്ള കേന്ദ്രനികുതി വിഹിതത്തിലും വായ്പാ അനുമതിയിലും വലിയ വെട്ടിക്കുറവുണ്ടാകുന്നു. കേന്ദ്രസർക്കാരിന്റെ ധനനയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്റെ വിഭവങ്ങളെ ചോർത്തുന്നു. ഇത്തരം കാര്യങ്ങളാണ്‌ സുപ്രിംകോടതിയിൽ കേരളം ഉന്നയിക്കുന്നത്‌. ഡൽഹിയിൽ ഈ മാസം എട്ടിന്‌ കേരളം നടത്തുന്ന സമരത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്‌.
വിഭവവിഭജനത്തിൽ കേരളം നേരിടുന്ന കടുത്ത വിവേചനത്തിന്റെ യാഥാർഥ്യങ്ങൾ മനസിലാക്കാൻ 15-ാം ധനകമ്മിഷന്റെ ശുപാർശകൾ പരിശോധിച്ചാൽ മതിയാകും.

നികുതി വിഹിതത്തിന്റെ 17.939 ശതമാനം ഉത്തർപ്രദേശിന്‌ ലഭിക്കുന്നു. ബിഹാറിന്‌ 10.058 ശതമാനവും മധ്യപ്രദേശിന്‌ 7.85 ശതമാനവും മഹാരാഷ്‌ട്രയ്‌ക്ക്‌ 6.317 ശതമാനവും ഗുജറാത്തിന്‌ 3.478 ശതമാനവും ലഭിക്കുന്നു. കേരളത്തിനാകട്ടെ 1.925 ശതമാനവും. ഈ കുറവ്‌ തുറന്നുകാട്ടുമ്പോൾ, കേരളത്തിന്‌ റവന്യു കമ്മി ഗ്രാന്റ്‌ അനുവദിച്ചിട്ടുണ്ടെന്നും ഉയർന്ന വിഹിതം ലഭിച്ച സംസ്ഥാനങ്ങൾക്ക്‌ ഈ ഗ്രാന്റ്‌ ഇല്ലെന്നുമാണ്‌ മറുപടി. കേരളത്തിന്‌ അനുവദിച്ച ആകെ റവന്യു കമ്മി ഗ്രാന്റ്‌ 37,814 കോടി രൂപയാണ്‌. പുറമെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ദുരന്ത നിവാരണം,

തദ്ദേശ സ്ഥാപനങ്ങൾവഴി നടത്തുന്ന ആരോഗ്യപ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രത്യേക മേഖലാ ഗ്രാന്റായി 14,899 കോടി രൂപയും അനുവദിച്ചു. ഇതിൽ ഈ വർഷത്തെ വിഹിതവും നിഷേധിക്കപ്പെടുകയാണ്‌. എന്നാൽ, 17.939 ശതമാനം നികുതി വിഹിതം ലഭിക്കുന്ന ഉത്തർപ്രദേശിന്‌ അനുവദിച്ച പ്രത്യേക മേഖലാ ഗ്രാന്റ്‌ 83,995 കോടി രൂപ. മഹാരാഷ്‌ട്രയ്‌ക്ക്‌ കിട്ടിയത്‌ 61,904 കോടി. പത്തു ശതമാനത്തിലേറെ നികുതിവിഹിതം കിട്ടിയ ബിഹാറിനും 46,624 കോടിയുണ്ട്‌. മധ്യപ്രദേശിനും കിട്ടി 40,766 കോടി. വലിയ വരുമാനമുള്ള സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന്‌ മുന്നര ശതമാനം നികുതിവിഹിതവും 30,549 കോടിയുടെ പ്രത്യേക മേഖലാ ഗ്രാന്റുകളും കിട്ടി.
മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക ദീർഘകാല വായ്‌പാ പദ്ധതിയിലും കേരളത്തോടുള്ള കടുത്ത വിവേചനം പ്രകടമാണ്‌.

സംസ്ഥാനങ്ങൾക്ക്‌ ഒരു ലക്ഷം കോടി രൂപയുടെ ദീർഘകാല പലിശരഹിത വായ്‌പാ പദ്ധതി കഴിഞ്ഞദിവസത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. നടപ്പു സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിച്ച്‌ നടപ്പാക്കിയ ഇതേ പദ്ധതിയിൽ കേരളത്തിന്‌ ഒരുരൂപപോലും അനുവദിച്ചില്ല. കഴിഞ്ഞ ഡിസംബർ 13വരെ 98,156 കോടി രൂപ കേന്ദ്രം സംസ്ഥാനങ്ങൾക്ക്‌ വിതരണം ചെയ്‌തു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അടുത്ത ഘട്ടം, കെ ഫോണുവഴി എല്ലാ കുടുംബത്തിനും ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പാക്കൽ അടക്കം ഈവർഷം നാലായിരത്തിലേറെ കോടി രൂപയുടെ പദ്ധതി കേരളം സമർപ്പിച്ചിരുന്നു.

3000 കോടി രൂപ ലഭിക്കേണ്ടതിൽ, ആദ്യഘട്ട അലോട്ട്‌മെന്റിൽ സംസ്ഥാനത്തിന്‌ 1908 കോടി അനുവദിക്കുന്നതായി അറിയിച്ചു. പിന്നീട്‌, മറ്റു ചില കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ ബ്രാൻഡിങ്‌ മാനദണ്ഡം പാലിച്ചില്ലെന്ന പേരിൽ, അനുവദിച്ച വായ്‌പയും നിഷേധിച്ചു. ഇതേ പദ്ധതിയിൽ ഉത്തർപ്രദേശിന്‌ അനുവദിച്ചത്‌ 18,936 കോടി രൂപയാണ്‌. ബിഹാറിന്‌ 9932 കോടിയും. മധ്യപ്രദേശിന്‌ 8134 കോടിയും മഹാരാഷ്‌ട്രയ്‌ക്ക്‌ 6745 കോടിയും രാജസ്ഥാന്‌ 6026 കോടിയും ലഭിച്ചു. ഈ സംസ്ഥാനങ്ങളുടെ ഭരണനേതൃത്വം ആർക്കാണെന്നത്‌ എല്ലാവർക്കും അറിയാവുന്നതുമാണ്‌.


സാമ്പത്തികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരേ കേരളം സമർപ്പിച്ച ഹരജി സുപ്രിംകോടതിയിൽ പരിഗണിക്കവെ, കേരളത്തിനുമാത്രമേ പരാതിയുള്ളൂവെന്നാണ്‌ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ പറഞ്ഞത്‌. ഇപ്പോൾ അത്തരം സംശയങ്ങൾ മാറിക്കാണുമെന്നാണ്‌ പ്രതീക്ഷ. കേരളത്തിലെ ജനങ്ങൾക്ക്‌ അവകാശപ്പെട്ട അധികാരങ്ങളും സമ്പത്തും ഉറപ്പാക്കാനുള്ള പോരാട്ടത്തിലെ മറ്റൊരു ഉപാധിയായാണ്‌ ഫെബ്രുവരി എട്ടിന്‌ കേരള മന്ത്രിസഭയും എം.പിമാരും

എം.എൽ.എമാരും ഉൾപ്പെടെ ഡൽഹിയിൽ സമരം നടത്താൻ നിശ്ചയിച്ചത്‌. അതിലേക്ക്‌ സംസ്ഥാനത്തെ പ്രതിപക്ഷത്തെയും ഒപ്പം ഇൻഡ്യാ മുന്നണിയുടെ ദേശീയ നേതാക്കളെയും കക്ഷികളുടെ പ്രതിനിധികളെയും ക്ഷണിച്ചു. തൊട്ടുപിന്നാലെ, സംസ്ഥാനത്തിനെതിരായ കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരേ ഡൽഹിയിൽ സമരം ചെയ്യുമെന്ന്‌ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു. തെലങ്കാന, ഡൽഹി സർക്കാരുകളും കേന്ദ്രസർക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന്റെ പാതയിലാണ്‌. ഇതിനിടയിലാണ്‌ ശനിയാഴ്‌ച കർണാടകയിൽനിന്ന്‌ പ്രധാന പ്രഖ്യാപനമുണ്ടായത്‌. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.എൽ.എമാരും എം.എൽ.സിമാരും ഏഴാം തീയതി ഡൽഹിയിൽ സമരം നടത്തുകയാണ്.

വിഷയം കേരളം ഉന്നയിക്കുന്നതുപോലെ ‘കേന്ദ്രത്തിന്റെ വിവേചനവും പ്രതികാര മനോഭാവവും’. കർണാടകയിലെ പ്രതിപക്ഷത്തോട് സമരത്തിൽ പങ്കെടുക്കാനും സിദ്ധരാമയ്യ അഭ്യർഥിച്ചിട്ടുണ്ട്‌. ഇത്‌ പ്രതിപക്ഷ സംസ്ഥാനങ്ങളുടെ മാത്രം പ്രശ്‌നമല്ല. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും സമാന സ്ഥിതിയിലാണ്‌. സംസ്ഥാന ധനമന്ത്രിമാർ ഒത്തുകൂടുന്ന ജി.എസ്‌.ടി കൗൺസിലിൽ അനൗദ്യാഗിക ആശയവിനിമയങ്ങളിൽ ഇവരെല്ലാം ഇത്തരം പ്രശ്‌നങ്ങൾ ഉന്നയിക്കുന്നു. പൂച്ചയ്‌ക്ക്‌ ആര്‌ മണികെട്ടുമെന്ന ചോദ്യമാണ്‌ മിക്ക സംസ്ഥാനങ്ങളെയും അലട്ടുന്നത്‌.


കേരളത്തിനോടുള്ള വിവേചനങ്ങൾ വിവരണാതീതമാണ്‌. ഈവർഷം കേന്ദ്രാവിഷ്‌കൃത പദ്ധതി ചെലവുകളുമായി ബന്ധപ്പെട്ട്‌ കേരളത്തിന്‌ നിഷേധിക്കപ്പെടുന്നത്‌ 7,490 കോടി രൂപയാണ്‌. യു.ജി.സി ശമ്പള പരിഷ്കരണ വിഹിതം – 750 കോടി, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് – 1,921 കോടി, നെല്ല് സംഭരണം ഉൾപ്പെടെ ഭക്ഷ്യസുരക്ഷാ പദ്ധതിക്കുള്ള വിഹിതം– 1,100 കോടി, ദുരിതാശ്വാസങ്ങൾക്കുള്ള വിഹിതം – 139 കോടി, സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ട് – 69 കോടി, ക്യാപിറ്റൽ ഇൻവസ്റ്റ്മെന്റ് സ്പെഷൽ അസിസ്റ്റൻസ് (ക്യാപക്സ്) – 3,000 കോടി, ജി.എസ്.ടി നഷ്ടപരിഹാരം – 511 കോടി.


കേന്ദ്രത്തിൽനിന്ന്‌ ലഭിക്കുന്ന തുകകളിലും വായ്‌പാനുവാദത്തിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഉണ്ടായ കുറവ് 57,400 കോടി രൂപയാണ്‌. റവന്യു കമ്മി ഗ്രാന്റിൽ 8400 കോടി കുറഞ്ഞു. ജി.എസ്‌.ടി നഷ്ടപരിഹാരം നിർത്തലാക്കിയതുമൂലമുള്ള കുറവ് 12,000 കോടിയാണ്‌. നികുതിവിഹിതം 3.58 ശതമാനത്തിൽനിന്ന്‌ 1.925 ശതമാനമായി കുറച്ചതിലൂടെ ഉണ്ടാകുന്ന നഷ്ടം 18,000 കോടിയും. പബ്ലിക്‌ അക്കൗണ്ടിലെ നീക്കിയിരിപ്പ്‌, കിഫ്‌ബി, സാമൂഹികസുരക്ഷാ പെൻഷൻ കമ്പനി എന്നിവ സമാഹരിച്ച പണം തുടങ്ങിയവയുടെ പേരിൽ വായ്‌പാനുമതിയിൽ 19,000 കോടിയിൽപരം രൂപ വെട്ടിക്കുറച്ചു.

2022–23ൽ ജി.എസ്‌.ഡി.പിയുടെ 2.5 ശതമാനമാണ്‌ കടമെടുക്കാൻ അനുവദിച്ചത്‌. ഈവർഷം അതിലും കുറയും. അർഹമായ വായ്‌പ എടുക്കാൻ അനുവദിക്കണമെന്നതാണ്‌ കേരളത്തിന്റെ പ്രധാന ആവശ്യം. ഒപ്പം, ഒരു ശതമാനം അധിക കടം അനുവദിക്കണമെന്നതും പരിഗണിക്കപ്പെടുന്നില്ല. കേരളത്തെ തകർക്കാനായുള്ള മനപ്പൂർവ ഇടപെടലായേ ഇതിനെ കാണാനാകൂ.


രാഷ്‌ട്രീയ വിരോധം കാണിക്കുന്നതുവഴി കേരളീയരുടെ ആകെ സാമ്പത്തിക അവകാശങ്ങളാണ്‌ ഹനിക്കപ്പെടുന്നത്‌. ജനങ്ങളോട്‌ ഉത്തരവാദിത്വമുള്ള രാഷ്‌ട്രീയ പാർട്ടികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചേ മതിയാകൂ. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം എൽ.ഡി.എഫ്‌ സർക്കാരിനോടല്ല, കേരളത്തോട്‌ ആകെയാണ്‌. ഇവിടെയാണ്‌ നാടിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ കേരളീയരുടെയാകെ ഐക്യം കാലം ആവശ്യപ്പെടുന്നത്‌.
(സംസ്ഥാന ധനമന്ത്രിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  8 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  8 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  8 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  8 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  8 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  8 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago