HOME
DETAILS

വൈരുധ്യാത്മക സി.പി.എം വാദം

  
backup
February 08 2024 | 00:02 AM

contradictory-cpm-argument

റജിമോൻ കുട്ടപ്പൻ

വിദേശ സർവകലാശാലകളെയും സ്വകാര്യ സർവകലാശാലകളെയും കേരളത്തിൽ കാംപസുകൾ ആരംഭിക്കാൻ സ്വാഗതം ചെയ്തിരിക്കുകയാണ് കേരളാ ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിന്റെ നാലാമത് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു ഈ പ്രഖ്യാപനം. ഇതിന്റെ ആദ്യഘട്ടമെന്നോണം രാജ്യത്തിനു പുറത്ത് നാല് വിദ്യാഭ്യാസ കോൺക്ലേവുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധരെയും വിദേശ രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്നവരെയും ഉൾക്കൊള്ളിച്ചുകൊണ്ടായിരിക്കും ഈ ആശയം നടപ്പിൽ വരുത്തുന്നതിനുള്ള തുടർനടപടികളെന്നും വ്യക്തമാക്കി.

കേരളത്തിലേക്ക് വിദേശ വിദ്യാർഥികളെ ആകർഷിക്കുന്നതിനും ഉപരിപഠനത്തിന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളെ സഹായിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള മാറ്റങ്ങളെന്നും ബാലഗോപാൽ വിശദമാക്കി. ബജറ്റവതരണത്തിൽ കേരളത്തിലേക്ക് വിദേശ-സ്വകാര്യ സർവകലാശാലകളെ ക്ഷണിച്ചുള്ള പ്രസംഗം കേട്ടപ്പോൾ ഒാർമ വന്നത് 1994ലെ കൂത്തുപറമ്പ് വെടിവയ്പ്പാണ്. അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

അന്നു ഞാനൊരു എസ്.എഫ്.ഐക്കാരനും എന്റെ അടുത്ത ബന്ധുക്കളിൽ ചിലർ ഡി.വൈ.എഫ്.ഐയുടെ ജില്ലാനേതാക്കാന്മാരുമായിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി(യു.ഡി.എഫ്)യുടെ, സർക്കാർ ക്വാട്ടാ സീറ്റുകൾ മാനേജമെന്റിനു നൽകാനുള്ള വിദ്യാഭ്യാസ നയത്തിനെതിരേ ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അന്നത്തെ മന്ത്രി എം.വി രാഘവനെ പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് പൊലിസ് വെടിവയ്പ്പ് ആരംഭിച്ചത്. ‘കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് സെൽഫ് ഫിനാൻസിങ് സ്ഥാപനമായി ആരംഭിക്കുന്നതിനും സർക്കാർ ക്വാട്ടാ സീറ്റുകൾ മാനേജ്മെന്റിനു നൽകുന്നതിനും നീക്കം നടത്തിയ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി(സി.എം.പി) നേതാവും മന്ത്രിയുമായ എം.വി രാഘവനെതിരേയായിരുന്നു തങ്ങളുടെ പ്രതിഷേധം’ എന്നാണ് ഡി.വൈ.എഫ്.ഐ അന്ന് പറഞ്ഞിരുന്നത്.


ആ സമരവും അതിന്റെ വേദനയും മറക്കാവുന്നതല്ല. ‘പാലക്കാട്ടെ പട്ടന്മാർക്കും പാലാനാട്ടിലെ പാതിരിമാർക്കും ശ്രീ നാരായണ ശിഷ്യന്മാർക്കും സമസ്ത കേരള നായന്മാർക്കും കോഴിക്കോട്ടെ കോയമാർക്കും അടിയറവച്ച വിദ്യാഭ്യാസം, അതിന്റെ മോചന കാഹളമോതി ഞങ്ങൾ വരുന്നു എസ്.എഫ്.ഐ’ എന്ന 1990കളിലെ മുദ്രാവാക്യം ഉറക്കെ വിളിച്ചുകൊണ്ടായിരുന്നു സമരം. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യവത്കരണം കയറിക്കൂടുന്ന തൊണ്ണൂറുകളിലാണ് ഈ മുദ്രാവാക്യം രൂപംകൊള്ളുന്നത്. വിദ്യാഭ്യാസ മേഖലയെ ജാതി-മത സംഘടനകളുടെ കൈപ്പിടിയിൽ നിന്ന് മോചിപ്പിച്ച് സാമൂഹികനീതി സംരക്ഷിക്കേണ്ട കടമ അന്നത്തെ ഇടതുപക്ഷമാണ് ഏറ്റെടുത്തത്.

രണ്ടായിരം വരെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവ പ്രവർത്തനത്തിലുണ്ടായിരുന്നു. ഇക്കാലയളവിൽ ഫോർഡ് ഫൗണ്ടേഷൻ, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് തുടങ്ങിയ സ്ഥാപന സംവിധാനങ്ങളോട് കടുത്ത അവിശ്വാസ്യതയുണ്ടായിരുന്നു. ഇവിടുത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ ‘കേരളാ മോഡലി’നെ തകർക്കാനെത്തിയ മുതലാളിത്ത ഉപകരണങ്ങളാണ് ഈ സ്ഥാപനങ്ങളെന്നായിരുന്നു എന്റെ വിശ്വാസം. അമേരിക്കൻ ധനസഹായത്തോടെ പ്രവർത്തിക്കുന്നൊരു സംഘടന നടത്തിയ വളരെ നിരുപദ്രവകരമെന്നു തോന്നുന്ന സോപ്പ് ഉപയോഗത്തെ സംബന്ധിച്ചുള്ള സർവേയെപ്പോലും അതീവ സംശയത്തോടെയായിരുന്നു അന്നു വീക്ഷിച്ചിരുന്നത്.


ചെഗുവേരയുടെയും ഇപ്പോൾ രംഗത്തില്ലാത്ത ഒരു മാവോയിസ്റ്റ് സംഘടനയുടെയും എഴുത്തുകൾ വായിച്ച് എൻ്റെ വിപ്ലവസ്വപ്നങ്ങൾ വളർന്നുകൊണ്ടിരുന്നു. അങ്ങനെ കമ്യൂണിസ്റ്റ് പ്രാദേശിക കമ്മിറ്റി യോഗങ്ങളിൽ സംശയങ്ങളും ചോദ്യങ്ങളും നിരന്തരമായി ഉന്നയിച്ചു. ഈ അന്വേഷണങ്ങൾ ഏറെ വൈകാതെ പാർട്ടിയിൽനിന്ന് പുറത്താക്കലിൽ ചെന്നവസാനിച്ചു. എന്നാൽ, ഒരു കാലത്തെ തീവ്ര കമ്യൂണിസ്റ്റുകൾ അവർ തള്ളിപ്പറഞ്ഞതിനെയെല്ലാം കൈയും നീട്ടി സ്വീകരിക്കുന്നതു കണ്ടപ്പോഴുണ്ടായ നിരാശ പറഞ്ഞറിയിക്കാൻ സാധിക്കാത്തതായിരുന്നു.

എ.ഡി.ബി ഉദ്യോഗസ്ഥരെ പ്രതിഷേധത്തോടയാണ് അന്ന് നേരിട്ടിരുന്നതെങ്കിൽ ഇന്നവർ ബഹുമാന്യ അതിഥികളായി മാറിയിരിക്കുന്നു. മുമ്പു പേരുപോലും കേട്ടിട്ടില്ലാത്ത പല അമേരിക്കൻ കമ്പനികൾക്കും പല കരാറുകളും നൽകുന്നു. സകല മേഖലകളിലും ഇന്നവരുടെ സ്വാധീനമുണ്ട്. ആഡംബര ഹോട്ടലുകളിൽ അതിസമ്പന്നർക്കൊപ്പം വിരുന്ന് കഴിക്കുന്ന കേരളാ കമ്യൂണിസ്റ്റുകളെയാണ് കാണാനാവുക. മുതലാളിത്ത അമേരിക്കയിലെ ടൈം സ്ക്വയറിലെ കമ്യൂണിസ്റ്റുകളുടെ ഏറ്റവും പുതിയ വിരുന്ന് കണ്ടതോടെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന്റെ കാരണം കൂടുതൽ വ്യക്തമായി.

കമ്യൂണിസ്റ്റുകാർ തൊഴിലാളിവർഗ ആശയങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിനാൽ പുതിയ സാങ്കേതികവിദ്യകളും ആശയങ്ങളും വളരെ പതുക്കെയേ ഉൾക്കൊള്ളൂ എന്നൊരു പൊതുധാരണ ഇന്ത്യയിൽ പരക്കെയുണ്ട്. എന്നാൽ ഏതൊരു മാറ്റങ്ങളെയും ഉൾക്കൊള്ളുന്നതിൽ ഇവർ വളരെ മെല്ലെയാണെന്നതാണ് സത്യം.
1994ൽ യു.ഡി.എഫ് കുറച്ചു സർക്കാർ സീറ്റുകൾ മാനേജ്മെന്റിന് വിട്ടുകൊടുക്കാൻ ശ്രമിച്ചതിനാണ് സമരം നടത്തി അഞ്ച് ജീവനുകൾ കമ്യൂണിസ്റ്റുകാർ കുരുതികൊടുത്തത്. എന്നാൽ ഇന്ന് വിദേശ സർവകലാശാലകളെ ആവേശപൂർവം ക്ഷണിക്കുന്ന കമ്യൂണിസ്റ്റുകാരെ കാണുമ്പോൾ അന്ന് കൂത്തുപ്പറമ്പിൽ കൊല്ലപ്പെട്ടവർ അവരുടെ ബലികൂടീരങ്ങളിൽ കിടന്ന് മനഃസ്തപിക്കുന്നുണ്ടാകുമെന്ന് മനസു പറയുന്നു

. 2001ൽ എ.കെ ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോഴാണ് സ്വകാര്യമേഖലയ്ക്ക് മെഡിക്കൽ, എൻജിനീയറിങ് തുടങ്ങി മറ്റു പ്രൊഫഷനൽ മേഖലകളിൽ സെൽഫ് ഫിനാൻസിങ് മാതൃകയിൽ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള അവസരം ലഭിച്ചത്. ഒരു നിശ്ചിത ശതമാനം സീറ്റുകൾ സർക്കാർ മേഖലയ്ക്ക് സംവരണം ചെയ്തുകൊണ്ട് ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കുന്നതോടെ പണച്ചെലവില്ലാതെ സർക്കാർ സ്ഥാപനങ്ങൾ ലഭിക്കുമെന്നായിരിക്കണം ആന്റണി അന്നു കരുതിയത്. എന്നാൽ നിയമക്കുരുക്കുകളിൽ പെട്ട് അദ്ദേഹത്തിന്റെ പദ്ധതികൾ പരാജയപ്പെട്ടു. തങ്ങൾക്ക് തോന്നുംപടി പ്രവർത്തിച്ച സ്വകാര്യ കോളജുകൾ ഫീസും സംവരണവുമെല്ലാം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാക്കി.


ആന്റണി സർക്കാരിന്റെ വിദ്യാഭ്യാസ നയത്തെ വിമർശിച്ചുകൊണ്ട് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 2003ൽ ഒരു പത്രസമ്മേളനം വിളിച്ചിരുന്നു. ‘സമ്പന്നർക്കു മാത്രമേ ഇന്ന് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലഭ്യമാവൂ’ എന്നാണ് അന്ന് പിണറായി പറഞ്ഞത്. 2006ൽ വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ സി.പി.എം സർക്കാർ അധികാരത്തിൽ വന്നപ്പോൾ കാപിറ്റേഷൻ ഫീസ് ഒഴിവാക്കുകയും തുല്ല്യാവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി പല നിയമനടപടികളും ആവിഷ്കരിച്ചു. എന്നാൽ ഇതിന്റെ പല വിഭാഗങ്ങളും കേരളാ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 2017ൽ പിണറായി സർക്കാർ 2006ലെ നിയമം കേരളാ മെഡിക്കൽ വിദ്യാഭ്യാസ നിയന്ത്രണ നിയമം 2017 എന്ന പേരിൽ പുനഃസ്ഥാപിച്ചു. ഈ നിയമം സംബന്ധിച്ച ഹരജികളിൽ സുപ്രിംകോടതി വാദം. കേട്ടുകൊണ്ടിരിക്കുകയാണ്.


മാർച്ച് 2022ൽ കൊച്ചിയിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ നവകേരളത്തെ സംബന്ധിച്ച പദ്ധതികൾ പ്രസിദ്ധീകരണരൂപത്തിൽ അവതരിപ്പിക്കുകയുണ്ടായി. ഇതിന്റെ മുപ്പത്തിമൂന്നാമത്തെ പേജിൽ പറയുന്നതിങ്ങനെ, ‘കേരളത്തിന്റെ വിദ്യാഭ്യാസമേഖല ആഗോളനിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും സഹകരണ മേഖലയിലും സ്വകാര്യ-പൊതുജന പങ്കാളിത്ത മാതൃകയിലും ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ട്’. 2023 ആയപ്പോഴേക്കും കേരളത്തിലേക്ക് വിദേശ സർവകലാശാലകളുടെ കടന്നുവരവിന് സി.പി.എമ്മും പച്ചക്കൊടി കാട്ടി.

വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്യുന്ന ധനമന്ത്രിയുടെ പ്രഖ്യാപനം കേട്ട് അന്ധാളിക്കേണ്ടതില്ല. അഭിമാനത്തോടെ അമേരിക്കൻ ഹൃദയത്തിലുള്ള ടൈംസ് സ്ക്വയറിൽ കേരളത്തിലെ കമ്യൂണിസ്റ്റുകൾക്ക് യോഗം കൂടാമെങ്കിൽ പിന്നെ, വിദേശ സർവകലാശാലകളെ ക്ഷണിക്കുന്നതിൽ എന്തിനു നാണിക്കണം? ഈ തീരുമാനം ഏറെ വൈകിയെന്നതാണ് വാസ്തവം. ഇത്തരമൊരു തീരുമാനം എന്നോ ഉണ്ടാവേണ്ടതായിരുന്നു. കേരളത്തിലേക്ക് വിദേശ സർവകലാശാലകളുടെ കടന്നുവരവ് വൈകിപ്പിച്ചതിന് ആരെയെങ്കിലും കുറ്റപ്പെടുത്താമെങ്കിൽ അതിനു ന്യായമായും അർഹർ കമ്യൂണിസ്റ്റുകാരല്ലാതെ മറ്റാരുമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago