ഇന്റര്‍നെറ്റ് ഇല്ലാതെയും ഇ-റുപ്പി സംവിധാനം ഉപയോഗിക്കാം, പുതിയ ചുവടുവയ്പിനൊരുങ്ങുന്നു ആര്‍ബിഐ
മുംബൈ: ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും എത്താത്ത സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ പേമെന്റ് നടത്താന്‍ പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ആര്‍ബിഐ. ഓഫ്‌ലൈനായി പ്രവര്‍ത്തിക്കുന്ന ഇ-റുപ്പി (ഡിജിറ്റല്‍ കറന്‍സി) പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നു. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സി.ബി.ഡി.സി) പൈലറ്റ് പ്രൊജക്റ്റിന്റെ ഭാഗമായാകും ഈ സംവിധാനവും അവതരിപ്പിക്കുക. ഈ സംവിധാനം ഉപയോഗിച്ച് പരിമിതമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ള പ്രദേശങ്ങളിലും ഇറുപ്പി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
2022 ഡിസംബറിലാണ് റിസര്‍വ് ബാങ്ക് 'റീട്ടെയില്‍ സി.ബി.ഡി.സി' യുടെ പൈലറ്റ് പദ്ധതി ആരംഭിച്ചത്. ഒരു വര്‍ഷത്തിനിപ്പുറം 2023 ഡിസംബറില്‍ തന്നെ ഡിജിറ്റല്‍ കറന്‍സി പ്രതിദിനം 10 ലക്ഷം ഇടപാടുകള്‍ നടത്തുക എന്ന ലക്ഷ്യം കൈവരിച്ചു.
പ്രോക്‌സിമിറ്റി, നോണ്‍ പ്രോക്‌സിമിറ്റി എന്നിങ്ങനെ ഉള്‍പ്പെടുന്ന രണ്ട് ഓഫ്‌ലൈന്‍ സാധ്യതകളാണ് പരീക്ഷിക്കുന്നതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. മലയോര മേഖലകളിലും ഗ്രാമങ്ങളിലുമാകും ഈ പരീക്ഷണം നടക്കുക. നിലവില്‍ പൈലറ്റ് ബാങ്കുകള്‍ നല്‍കുന്ന ഡിജിറ്റല്‍ രൂപ വാലറ്റുകള്‍ ഉപയോഗിച്ച് പേഴ്‌സണ്‍ ടു പേഴ്‌സണ്‍ (പി2പി), പേഴ്‌സണ്‍ ടു മര്‍ച്ചന്റ് (പി2എം) ഇടപാടുകള്‍ നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനമായ എ.ഇ.പി.എസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നടത്തി. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. നിലവില്‍ സുരക്ഷയ്ക്കായി എസ്.എം.എസ് ഉപയോഗിക്കുന്നുണ്ടെങ്കിലും സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി പുതിയ സംവിധാനങ്ങള്‍ തുറന്നിട്ടുണ്ടെന്നും ദാസ് പറഞ്ഞു.
ഇന്റര്‍നെറ്റ് ഇല്ലാതെയും ഇ-റുപ്പി സംവിധാനം ഉപയോഗിക്കാം, പുതിയ ചുവടുവയ്പിനൊരുങ്ങുന്നു ആര്‍ബിഐ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."