തെക്കൻ സംസ്ഥാനങ്ങളുടെ രോഷം
എൻ.പി.ചെക്കുട്ടി
നികുതി വരുമാനത്തിൽ തങ്ങൾക്കു ലഭിക്കേണ്ട ന്യായവിഹിതം കേന്ദ്രസർക്കാർ തടഞ്ഞുവയ്ക്കുന്നു എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭരണാധികാരികൾതന്നെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടത്തിയിരിക്കുകയാണ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റു നേതാക്കളും ബുധനാഴ്ചയാണ് ഡൽഹിയിലെത്തി തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. പിറ്റേ ദിവസം കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും ഡൽഹിയിൽ അതേ വിഷയം ഉന്നയിച്ചുകൊണ്ട് സമരം നടത്തി. പ്രത്യക്ഷ സമരത്തിലേക്ക് തമിഴ്‌നാട് ഇറങ്ങിയിട്ടില്ലെങ്കിലും അന്നാട്ടിലെ ഡി.എം.കെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമരത്തിനുള്ള തങ്ങളുടെ രാഷ്ട്രീയ പിന്തുണ ബന്ധപ്പെട്ടവരെ അറിയിക്കുകയുണ്ടായി. ആം ആദ്‌മി പാർട്ടിയുടെ രണ്ടു മുഖ്യമന്ത്രിമാർ കേരളത്തിന്റെ സമരവേദിയിലെത്തി.
ഇതൊരു സുപ്രധാന രാഷ്ട്രീയ സംഭവവികാസമാണ്. അതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകവുമായിരിക്കും. എന്നാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളെ അവരുടെ പ്രതിഷേധ പ്രകടനത്തിന്റെ പേരിൽ കടന്നാക്രമിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചത്. കർണാടക നേതാക്കളുടെ സമരം നടന്ന ദിവസം രാജ്യസഭയിൽ മോദി പറഞ്ഞത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം ഒരു തെക്കു-വടക്കു വിഭജനം ബോധപൂർവം ഉയർത്തിക്കൊണ്ടുവരികയാണ് എന്നാണ്. രാജ്യത്തെ വിഭജിക്കുന്ന രാഷ്ട്രീയ നയങ്ങളിൽ നിന്ന് കോൺഗ്രസ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദീർഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിച്ച കാലത്തെ അനുഭവങ്ങൾ അനുസ്മരിച്ചുകൊണ്ട് മോദി പറഞ്ഞത് അന്നു കേന്ദ്രം ഭരിച്ച യു.പി.എ സർക്കാരുകൾ തനിക്കു മുന്നിൽ നിരവധി പ്രതിസന്ധികൾ നിരത്തിവച്ചു എന്നാണ്."എന്നാൽ സഹകരണാത്മക ഫെഡറൽ നയങ്ങളെയാണ് താനും തന്റെ സർക്കാരും പിന്തുടർന്നത്. ഇന്നത്തെ പ്രതിപക്ഷം വിഭജനത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. ഇത് അത്യന്തം ആപത്കരമാണ്. ഞങ്ങളുടെ നികുതി, ഞങ്ങളുടെ വിഹിതം എന്ന മട്ടിലാവരുത് സംസ്ഥാനങ്ങൾ സംസാരിക്കേണ്ടത്'.
നികുതി വരുമാനം വീതംവയ്ക്കലിന്റെ വിഷയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരിക്കുന്ന സർക്കാരുകളും കേന്ദ്രസർക്കാരും തമ്മിൽ കടുത്ത ഭിന്നതകൾ നിലനിൽക്കുന്നുണ്ടെന്ന് തീർച്ചയാണ്.
അതിന്റെ ന്യായാന്യായതകളിലേക്കു വരുംമുമ്പ് എന്തുകൊണ്ടാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കുന്നതെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. കേന്ദ്രം പിരിക്കുന്ന വിവിധ നികുതികളിൽ സംസ്ഥാനങ്ങൾക്കുള്ള വിഹിതം നിശ്ചയിക്കുന്നത് അതതു കാലങ്ങളിൽ നിയമിക്കപ്പെടുന്ന ധനകാര്യ കമ്മിഷനുകളുടെ ശുപാർശകൾ അനുസരിച്ചാണ്. അതതു കാലങ്ങളിലെ പ്രകൃതിദുരന്തങ്ങൾ അടക്കമുള്ള വെല്ലുവിളികളും രാജ്യമെങ്ങും സമതുലിത വികസനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും സാമ്പത്തിക അച്ചടക്കത്തിന്റെ അനിവാര്യതയും ഒക്കെ കണക്കിലെടുത്തുകൊണ്ടാണ് ധനകാര്യ കമ്മിഷനുകൾ തങ്ങളുടെ ശുപാർശകൾ നൽകുന്നത്. രാജ്യത്തെ പ്രമുഖരായ സാമ്പത്തിക വിദഗ്ധരും മറ്റും ഉൾപ്പെട്ട ധനകാര്യ കമ്മിഷനുകളുടെ പ്രവർത്തനം
വഴിയാണ് സാമ്പത്തികരംഗത്തെ ഫെഡറൽ നയങ്ങൾ സർക്കാരുകൾ നടപ്പാക്കുന്നത്.
ഇതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഒരു പൊതു പരാതി, കഴിഞ്ഞ ഏതാനും ദശകങ്ങളായി മുൻകാലങ്ങളിൽ ലഭിച്ചുവന്ന വിഹിതത്തിൽ വലിയ ഇടിവുണ്ടായെന്നും അതിന്റെ ഫലമായി സാമൂഹികക്ഷേമ-വികസന മേഖലകളിൽ തൃപ്തികരമായ നിലയിൽ നിക്ഷേപം നടത്താനാവുന്നില്ല എന്നുമാണ്. കഴിഞ്ഞ ദിവസം സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന വേളയിൽ ധനമന്ത്രി കെ.എൻ ബാലഗോപാലും പിന്നീട് ഡൽഹിയിൽ സമരത്തിനു മുന്നോടിയായി നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയം പ്രത്യേകമായി ഉന്നയിക്കുകയുണ്ടായി.
പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് കേരളത്തിന് കിട്ടിയ വിഹിതം 3.8 ശതമാനം ആയിരുന്നത് പതിനാലാം ധനകാര്യ കമ്മിഷന്റെ കാലത്തു 2.5% ആയി കുറഞ്ഞു. നിലവിലെ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരം കേരളത്തിന്റെ വിഹിതം വീണ്ടും 1.9 % ആയി വെട്ടിക്കുറച്ചു. അതിനാൽ ദുർവഹമായ സാമ്പത്തിക ഭാരമാണ് സംസ്ഥാനത്തിനു മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്.
സമാന പരാതിയാണ് കർണാടകവും തമിഴ്‌നാടും അടക്കമുള്ള മറ്റു സംസ്ഥാനങ്ങളും ഉന്നയിക്കുന്നത്. കർണാടകയിലെ കോൺഗ്രസ് നേതാവും ലോക്‌സഭാംഗവുമായ ഡി.കെ സുരേഷ് -കർണാടകാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ സഹോദരൻ-_ ഇതേപ്പറ്റി പറഞ്ഞത് ഇങ്ങനെ പോയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇന്ത്യൻ യൂനിയനിൽനിന്നു വിട്ടുപോരേണ്ട അവസ്ഥയാണ് സംജാതമാവുക എന്നാണ്. അതിനെ കോൺഗ്രസ് ദേശീയാധ്യക്ഷനും കർണാടകയിൽ നിന്നുതന്നെയുള്ള നേതാവുമായ മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ അപലപിച്ചുവെങ്കിലും രാജ്യത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും ഭീഷണിയായി മാറാനിടയുള്ള ഗുരുതര രാഷ്ട്രീയ പ്രശ്നമായി നികുതിവിഹിതം പങ്കുവയ്ക്കലിലെ ഇരട്ടത്താപ്പ് ഉയർന്നുവന്നിരിക്കുന്നു എന്ന കാര്യം വ്യക്തമാണ്.
നികുതിവിഹിതം പങ്കുവയ്പ്പിലെ ഇന്നത്തെ ഇരട്ടത്താപ്പിന് എന്താണ് കാരണം? അതിന്റെ പ്രധാന കാരണം അടിസ്ഥാന വികസന മേഖലയിലും സാമൂഹികക്ഷേമ മേഖലയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും സ്ഥിതി വളരെ മോശമാണ് എന്നതത്രേ. അത്തരം കാര്യങ്ങൾകൂടി കണക്കിലെടുത്തുകൊണ്ട് രാജ്യത്തിന്റെ സമതുലിത വികസനം സാധ്യമാക്കാൻ സഹായകമായ നിർദേശങ്ങളാണ് കാലാകാലങ്ങളിൽ ധനകാര്യ കമ്മിഷനുകൾ നൽകിവന്നത്.
ക്ഷേമകാര്യങ്ങളിൽ കേരളം രാജ്യത്ത് മുന്നിൽനിൽക്കുന്ന സംസ്ഥാനമായിരുന്നു. അതിനാലാണ് അമർത്യാസെൻ അടക്കമുള്ള അന്താരാഷ്ട്ര പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞർ കേരളത്തിന്റെ വികസന മാതൃകയെ പ്രശംസിച്ചത്. ആഗോളതലത്തിൽ തന്നെ കേരള വികസന മാതൃകയെക്കുറിച്ചു ചർച്ചകളും നടന്നു. സാമ്പത്തിക വികസനം ദുർബലമായി നിൽക്കുമ്പോൾ തന്നെ സാമൂഹികക്ഷേമ മേഖലകളിൽ വമ്പിച്ച നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും അതിന്റെ പ്രത്യക്ഷോദാഹരണമാണ് കേരളം എന്നുമുള്ള വാദങ്ങളാണ് അന്ന് ഉന്നയിക്കപ്പെട്ടത്.
ഇതു വാസ്തവത്തിൽ അർധസത്യം മാത്രമായിരുന്നു. കാരണം കേരളത്തിന്റ വികസന നേട്ടങ്ങളിൽ പലതിനും കാരണക്കാർ നമ്മുടെ സർക്കാരുകൾ ആയിരുന്നില്ല; അക്കാലത്തു നാടും വീടും വിട്ടു ഗൾഫ് മണലാരണ്യങ്ങളിൽ പോയി പണിയെടുത്തു നാട്ടിൽ ജീവിതം ഭദ്രമാക്കാൻ പണിപ്പെട്ട പ്രവാസികളാണ് അതിനൊരു പ്രധാന കാരണമായത്. അവർ വിവിധ മേഖലകളിൽ നൽകിയ നിക്ഷേപമാണ് നമ്മുടെ നേട്ടങ്ങൾക്ക് വലിയ പരിധിവരെ കാരണമായത്. സർക്കാരിന്റെ ക്ഷേമനയങ്ങൾക്ക് അവർ നൽകിയ പിന്തുണ അദ്വിതീയമാണ്. ഭൂപരിഷ്കരണവും വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യ പരീക്ഷണങ്ങളും അതിനു സഹായകമായ മറ്റു ഘടകങ്ങളാണ്.
എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലതും അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചതേയില്ല.
ഇന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ മുഖ്യ ശക്തികേന്ദ്രമായ പശുബെൽറ്റ് സംസ്ഥാനങ്ങളാണ് അതിൽ ഏറ്റവും പിന്നോക്കം നിന്നത്. അങ്ങനെ കാലക്രമേണ വികസന-സാമൂഹിക ക്ഷേമ മേഖലകളിൽ ഉത്തര-ദക്ഷിണ ഭിന്നതകൾ വളരെ പ്രത്യക്ഷമായിത്തന്നെ വികസിച്ചുവന്നു. അതിനുള്ള പരിഹാരമായി ഇത്തരം സൂചികകളിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് അതിന് അനുസൃതമായി കൂടുതൽ സഹായം നൽകുന്ന രീതി ആവിഷ്കരിക്കപ്പെട്ടു. അതിന്റെ ഫലം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയ പോലെ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വിഹിതത്തിൽ കാലക്രമത്തിൽ സംഭവിച്ച വെട്ടിക്കുറവാണ്.
അതായത് കേരളവും മറ്റു പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തങ്ങൾ കഠിനമായി അധ്വാനിച്ചു നേടിയ നേട്ടങ്ങളുടെ പേരിൽ ഇന്നു വലിയ വില കൊടുത്തു കൊണ്ടിരിക്കുകയാണ്. ജനക്ഷേമം മുൻനിർത്തി നയങ്ങൾ നടപ്പാക്കിയതിന്റെ ശിക്ഷയാണ് ഇന്ന് അവർ അനുഭവിക്കുന്നത്. ജനങ്ങളെ കന്നുകാലികളെപ്പോലെ കണക്കാക്കി അവരെ പിഴിയാൻ മാത്രം സമയം കണ്ടെത്തിയ സംസ്ഥാനങ്ങളുടെ ഭരണാധികാരികൾക്ക് ബോണസ് വിഹിതവും കിട്ടി.
അവയിൽ പലതും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്നതു വേറൊരു കാര്യം. ഉത്തരേന്ത്യയിൽ തന്നെ ബി.ജെ.പി ഇതര സർക്കാരുകൾക്കും ഇക്കാര്യത്തിൽ പരാതിയുണ്ട്. വിഹിതം വെട്ടികുറക്കുക മാത്രമല്ല, കിട്ടാനുള്ളതു വൈകിക്കുകയും ചെയ്യുന്നു എന്നാണ് അവരുടെ പരാതി.
അതിനാൽ ഇന്നത്തെ തർക്കങ്ങൾ ഭാവിയിൽ കൂടുതൽ തീക്ഷ്‌ണമാകും എന്നതിൽ തർക്കമില്ല. ഒരുപക്ഷേ അടുത്ത ധനകാര്യ കമ്മിഷൻ_ - അതിന്റെ അധ്യക്ഷനായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ അരവിന്ദ് പാനഗാരിയയെ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിശ്ചയിക്കുകയുണ്ടായി-_ ഈ വിഷയത്തെക്കുറിച്ച് സമഗ്ര പരിശോധന നടത്തുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഫെഡറൽ തത്വങ്ങൾ അനുസരിച്ചു രാജ്യത്തു സമതുലിത വികസനം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥമാണ്. അതു മാത്രമാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.
അതേസമയം, കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇന്ന് കിട്ടുന്ന വിഹിതത്തിൽ അസംതൃപ്തി പ്രകടിപ്പിക്കുന്നതിലും ന്യായങ്ങളുണ്ട്. നേരത്തെ കിട്ടിയ വിഹിതംപോലും അവർക്കു നിഷേധിക്കപ്പെടുന്നു. അതിനുള്ള ന്യായമായ പരിഹാരം രാജ്യത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും പോലും പ്രധാനമാണ് എന്നതിലും തർക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."