'റഫയില്‍ കാണാന്‍ പോകുന്നത് ലോകം ഇന്നോളം കാണാത്ത മാനുഷിക ദുരന്തം' മുന്നറിയിപ്പ്; കൂട്ടകുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍, പോകാനിടമില്ലാതെ 19 ലക്ഷം ആളുകള്‍
'റഫയില്‍ കാണാന്‍ പോകുന്നത് ലോകം ഇന്നോളം കാണാത്ത മാനുഷിക ദുരന്തം' മുന്നറിയിപ്പ്; കൂട്ടകുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍, പോകാനിടമില്ലാതെ 19 ലക്ഷം ആളുകള്‍
ഗസ്സ: അഭയാര്‍ഥികള്‍ തമ്പടിച്ച ഗസ്സയിലെ റഫയില്‍ കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍ സൈന്യം. ശനിയാഴ്ച പ്രദേശത്ത് 28 പേരെ കൊലപ്പെടുത്തി. ഗസ്സയില്‍ ജനങ്ങളില്‍ പകുതിയും താമസിക്കുന്ന റഫയില്‍ ആക്രമണം നടത്തിയാല്‍ അവര്‍ക്ക് പോകാന്‍ മറ്റൊരു ഇടമില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റഫയിലെ 19 ലക്ഷം വരുന്ന ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഈ ജനങ്ങള്‍ക്ക് അഭയം തേടാന്‍ ഒരു ഇടമില്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. റഫയില്‍ കാണാന്‍ പോകുന്നത് ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത മാനുഷിക ദുരന്തമായിരിക്കുമെന്ന് ഇ.യു ഫോറിന്‍ പോളിസി ചീഫ് ജോസഫ ബോരല്‍ ചൂണ്ടിക്കാട്ടി. റഫയിലെ ഇസ്‌റാഈല്‍ ആക്രമണം തുടര്‍ന്നാല്‍ വന്‍ മാനുഷിക ദുരന്തത്തിന് സാക്ഷികളാകേണ്ടി വരുമെന്ന് ലോകനേതാക്കള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. റഫയിലെ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് അമേരിക്കക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി.
ഗസ്സയെ ഇസ്‌റാഈല്‍ സൈന്യം നിര്‍മിത ബുദ്ധി ആയുധങ്ങളുടെ പരീക്ഷണശാലയാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇസ്‌റാലി ടെക് സ്റ്റാര്‍ട്ടപ്പായ നാഷനല്‍ സെന്‍ട്രലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അവി ഹാസോണിനെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വയം ചുറ്റുപാട് നിരീക്ഷിച്ച് ആക്രമിക്കാന്‍ കഴിയുന്ന റോബോട്ടിക് ഡ്രോണുകളും മനുഷ്യന്റെ സഹായമില്ലാതെ തന്നെ വെടിയുതിര്‍ക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിര്‍മിത ബുദ്ധി ആയുധങ്ങളുടെ വ്യാപനം സര്‍വനാശത്തിന് കാരണമാകുമെന്ന് യു.എന്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗസ്സയില്‍ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 28,064 ആയി. 67,611 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ വെടിവെപ്പിനിടെ കാണാതായ ആറുവയസ്സുള്ള ഫലസ്തീനി കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."