മയക്കുവെടി വെക്കാനായില്ല; ദൗത്യം ഇന്നത്തേക്ക് നിര്‍ത്തി
മയക്കുവെടി വെക്കാനായില്ല; ദൗത്യം ഇന്നത്തേക്ക് നിര്‍ത്തി
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ അജീഷിന്റെ ജീവനെടുത്ത കാട്ടാനക്കായുള്ള ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിവെച്ചു. കാട്ടാനയെ ഇന്നും മയക്കുവെടിവെക്കാനായില്ല.
ആനയെ മയക്കുവെടിവെക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദൗത്യസംഘത്തെ തടഞ്ഞു. മണ്ണുണ്ടിയില്‍ പൊലിസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കബനിയില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദീപയെയും നാട്ടുകാര്‍ ഉപരോധിക്കുകയാണ്.
ദൗത്യസംഘം ആനക്ക് തൊട്ടടുത്തെത്തിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ വെടിവക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. ആനയെ മയക്കുവെടി വക്കാനുള്ള ദൗത്യം നാളെ വീണ്ടും തുടരും.
അനുയോജ്യമായ സാഹചര്യം ലഭിച്ചാല്‍ മയക്കുവെടി വെക്കാനായിരുന്നു ദൗത്യസംഘത്തിന്റെ നീക്കം. മയങ്ങുന്ന ആനയെ വാഹനത്തിലേക്ക് കയറ്റാന്‍ കുങ്കിയാനകളെയും വനത്തിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍, ബേലൂര്‍ മഖ്‌ന എന്ന കാട്ടാനയെ ദൗത്യ സംഘം രണ്ട് ഭാഗങ്ങളില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ച് മണ്ണുണ്ടി ഭാഗത്തുനിന്ന് സംഘം മടങ്ങുകയായിരുന്നു.
അതേസമയം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന് നാട്ടുകാര്‍ യാത്രാമൊഴിയേകി. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. നൂറുകണക്കിനാളുകള്‍ വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. വന്യമൃഗശല്യം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് സംസ്‌കാര ശുശ്രൂഷക്ക് നേതൃത്വം നല്‍കിയ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."