ആലിപ്പഴം, മഴ, ഇടി, മിന്നൽ; ദുബൈ, അബുദാബി, റാസൽഖൈമ, ഫുജൈറ: മഴയിൽ കുളിച്ച് യുഎഇ - VIDEO
ആലിപ്പഴം, മഴ, ഇടി, മിന്നൽ; ദുബൈ, അബുദാബി, റാസൽഖൈമ, ഫുജൈറ: മഴയിൽ കുളിച്ച് യുഎഇ
ദുബൈ: തിങ്കളാഴ്ച പുലർച്ചെ ദുബൈയിലെ പലരും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത് ശക്തമായ ഇടിമുഴക്കം കേട്ടാകും. കൂടെ മിന്നലും ശക്തമായ മഴയും കൂടി ആയതോടെ കാലാവസ്ഥ മാറ്റം പ്രവചിക്കപ്പെട്ടത് പോലെ തന്നെ യാഥാർഥ്യമായി. ഇന്ന് പുലർച്ചെ 3.45 ഓടെ എമിറേറ്റിലുടനീളം കനത്ത മഴ പെയ്തതായാണ് റിപ്പോർട്ട്. അതേസമയം, അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അൽ ദഫ്ര മേഖല, അൽ വത്ബ, മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ ഐനിലെ സ്വീഹാൻ എന്നിവിടങ്ങളിൽ പുലർച്ചെ 3.36 നും 5.15 നും ഇടയിൽ ആലിപ്പഴ വർഷം രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യുഎഇയിൽ ഉടനീളം അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ചൂണ്ടിക്കാട്ടി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് വൈകുന്നേരം 6 മണി വരെ യുഎഇയുടെ മിക്ക ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ആന്തരിക, തീരപ്രദേശങ്ങളിൽ മിന്നൽ, ഇടി, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്‌ക്കൊപ്പം മഴയുമായി ബന്ധപ്പെട്ട സംവഹന മേഘങ്ങളും കാണാമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി.
എൻസിഎം വക്താവ് പറയുന്നതനുസരിച്ച്, ഉച്ചയോടെ മഴയുടെ തീവ്രത കുറയും. ഇന്ന് രാത്രിയോടെ മഴയുടെ സാധ്യതയും കുറഞ്ഞ് അന്തരീക്ഷം സാധാരണപോലെയാകും.
അതേസമയം, കനത്ത മഴ രാജ്യത്തെ ബാധിച്ചിട്ടും ദുബൈയിലെയും ഷാർജയിലെയും മിക്ക റോഡുകളിലും ഗതാഗതം സുഗമമായി നടന്നു. യുഎഇയിലെ ഫെഡറൽ, ലോക്കൽ ഗവൺമെൻ്റുകൾ നടപ്പാക്കിയ മുൻകരുതൽ നടപടികളാണ് റോഡുകളിലെ അപകടവും തിരക്കും ഒഴിവാക്കിയത്.
നിരവധി താമസക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചതിനാൽ ആഴ്ചയുടെ ആദ്യ ദിവസം റോഡുകളിൽ ഗതാഗതം കുറവായിരുന്നു. ഇത്തിഹാദ് റോഡിലും മുഹമ്മദ് ബിൻ സായിദ് റോഡിലും കനത്ത മഴയ്‌ക്കിടയിലും കാറുകൾ സ്ഥിരതയോടെ നീങ്ങുന്നതാണ് കാഴ്ച. റോഡുകളിലെ വൈദ്യുത സൈൻബോർഡുകളും വാഹനയാത്രക്കാർക്ക് വഴികാട്ടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."