സാമ്പത്തിക പ്രതിസന്ധി; സ്‌പൈസ് ജെറ്റ് 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു
സാമ്പത്തിക പ്രതിസന്ധി; സ്‌പൈസ് ജെറ്റ് 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു
ന്യൂഡല്‍ഹി: പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. 1400 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ആലോചിക്കുന്നത്. മൊത്തം ജീവനക്കാരുടെ 15 ശതമാനത്തോളമാണിത്.
ചെലവ് ചുരുക്കി നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് 60 കോടി രൂപയാണ് ചെലവ് വരുന്നത്. ശമ്പളത്തിന് ഭീമമായ തുക കണ്ടെത്തേണ്ടി വരുന്നത് കൊണ്ടാണ് ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പിരിച്ചുവിട്ടു കൊണ്ടുള്ള നോട്ടീസ് ജീവനക്കാര്‍ക്ക് ലഭിച്ച് തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നത് വൈകുന്നുണ്ട്. വിമാനക്കമ്പനി നിരവധി മാസങ്ങളായി ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്നു. പല ജീവനക്കാർക്കും ജനുവരിയിലെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ല. സ്‌പൈസ്‌ജെറ്റ് 2200 കോടി രൂപയുടെ ഫണ്ട് ഇൻഫ്യൂഷൻ നേടുന്ന പ്രക്രിയയിലാണ് എന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ 9000 പേർ ജോലിയെടുക്കുന്ന എയർലൈൻസിൽ 30 വിമാനങ്ങൾ സർവിസ് നടത്തുന്നുണ്ട്. ഇതില്‍ എട്ടെണ്ണം വിദേശ വിമാന കമ്പനികളില്‍ നിന്ന് പാട്ടത്തിന് എടുത്തതാണ്. ജീവനക്കാരെ അടക്കമാണ് വാടകയ്ക്ക് എടുത്തത്. എന്നിരുന്നാലും, 2019 ൽ അതിൻ്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ, 16,000 ജീവനക്കാരും 118 വിമാനങ്ങളും ഉണ്ടായിരുന്നു. നിലവിൽ, ബജറ്റ് കാരിയറിന് ഏകദേശം 4% വിപണി വിഹിതമുണ്ട്, ഈ മുന്നണിയിലെ അതിൻ്റെ ഏറ്റവും അടുത്ത എതിരാളി ആകാശ എയർ ആണ്. ആകാശ എയറിനു 3500 ജീവനക്കാരും 23 വിമാനങ്ങളും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."