ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല; പ്രക്ഷോഭം കൂടുതല്‍ കരുത്തോടെ തുടരുമെന്ന് കര്‍ഷക സംഘടനകള്‍; നാലാംഘട്ട ചര്‍ച്ച ഞായറാഴ്ച
ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല; പ്രക്ഷോഭം കൂടുതല്‍ കരുത്തോടെ തുടരുമെന്ന് കര്‍ഷക സംഘടനകള്‍; നാലാംഘട്ട ചര്‍ച്ച ഞായറാഴ്ച
ന്യൂഡല്‍ഹി: പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളും കേന്ദ്രമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല. ഞായറാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ മുണ്ടെ അറിയിച്ചു.വിഷയത്തില്‍ സമാധാനപരമായി പരിഹാരം കാണുമെന്നും മുണ്ടെ വ്യക്തമാക്കി.
കേന്ദ്രമന്ത്രിമാരും 14 കര്‍ഷക സംഘടനാ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ച അഞ്ച് മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്.
ചണ്ഡീഗഡില്‍ നടന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ നീക്കം.
അതിര്‍ത്തി പൂര്‍ണമായി അടച്ചതിലും ഇന്റര്‍നെറ്റ് റദ്ദാക്കിയതിലും കര്‍ഷക സംഘടനാ നേതാക്കള്‍ യോഗത്തില്‍ പ്രതിഷേധമറിയിച്ചു. കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും അമിതമായി ഉപയോഗിക്കുന്നെന്ന് പരാതിപ്പെട്ടു. കണ്ണീര്‍വാതക ഷെല്ലുകള്‍ കര്‍ഷകര്‍ കാണിച്ചു.
അതിനിടെ കര്‍ഷക പ്രക്ഷോഭത്തിന് നേരെ പൊലിസ് ഇന്നലെയും ശക്തമായ നടപടികള്‍ തുടര്‍ന്നു. മൂന്നാംഘട്ട ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു ഇത്. പഞ്ചാബ് -ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ കര്‍ഷകര്‍ക്കുനേരെ ഹരിയാന പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഹരിയാനയില്‍ ചില മേഖലകളില്‍ ശനിയാഴ്ച വരെ ടെലികോം സേവനങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഞായരാഴ്ച നടക്കുന്ന ചര്‍ച്ചയിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ നീക്കം. പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ തടിച്ചു കൂടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."