നോട്ട് ഔട്ട്
ക്രിക്കറ്റിൽ എതിരാളികളുടെ പന്ത് അടിച്ച് അതിർത്തി കടത്തുന്നതിലും കുറ്റി എറിഞ്ഞു വീഴ്ത്തുന്നതിലും ഒരുപോലെ മികവ് കാട്ടിയ ലോക ക്രിക്കറ്റർ ഇമ്രാൻ ഖാന്റെ പാർട്ടിക്ക് ഇക്കുറി പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ബാറ്റുതന്നെ നിഷേധിച്ചു. പക്ഷേ കിട്ടിയ ചിഹ്നങ്ങൾവച്ച് ജനവിധി തേടിയ തെഹരീകെ ഇൻസാഫ് പാർട്ടി സ്ഥാനാർഥികൾ എതിരാളികളെ ഞെട്ടിച്ചതാണ് ഏറ്റവും ഒടുവിലെ പാകിസ്താൻ തെരഞ്ഞെടുപ്പ് ഫലം. 264 സീറ്റിലെ ഫലം വന്നപ്പോൾ തെഹരീകെ ഇൻസാഫ് പിന്തുണച്ചവരടക്കം 101 സ്വതന്ത്ര സ്ഥാനാർഥികൾ ജയിച്ചു കയറി. പട്ടാളത്തിന്റെ പിന്തുണയുള്ള പാകിസ്താൻ മുസ്‌ലിം ലീഗ് പാർട്ടി (നവാസ് ശരീഫ്) ജയിക്കുമെന്നായിരുന്നു പൊതുധാരണ. ജയിലിൽ കിടന്നു ബാറ്റു ചെയ്ത ഇമ്രാൻഖാന്റെ പാർട്ടി അധികാരം പിടിച്ചെടുക്കാതിരിക്കാൻ ബദ്ധവൈരികളായ നവാസിന്റെ പാർട്ടിയും ബിലാവൽ ഭൂട്ടോയുടെ പി.പി.പിയും കൈകോർക്കുകയാണ്. നവാസിന്റെ പാർട്ടിക്ക് 75ഉം പി.പി.പിക്ക് 51 സീറ്റുമാണ് കിട്ടിയത്. അധികാരം പിടിക്കുമെന്ന് പ്രഖ്യാപിച്ച ഇമ്രാൻ ഖാൻ ഇതോടെ സ്വരം മാറ്റി. തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും പ്രതിപക്ഷത്തിരുന്ന് പോരാടുമെന്നുമാണ് പുതിയ പ്രഖ്യാപനം.
അഴിമതിക്കേസിൽ അറസ്റ്റിലാവുമെന്ന് ഭയന്ന് വിദേശത്ത് കഴിഞ്ഞ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് ഇസ് ലാമാബാദിൽ വിമാനമിറങ്ങുമ്പോൾ മറ്റൊരു മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ അഴിമതിക്കേസിൽ ജയിലിലേക്ക് പോയതാണ് പാകിസ്താനിലെ രാഷ്ട്രീയം. ഇതിന് പിന്നാലെ നവാസിനെ കോടതി കുറ്റമുക്തനാക്കുകയും ചെയ്തു. 2022ൽ തന്നെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാൻ കരുനീക്കിയത് അമേരിക്കയാണെന്ന് ആക്ഷേപിച്ച ഇമ്രാൻ ഖാൻ, ഇപ്പോൾ പറയുന്നത് അമേരിക്ക ഇടപെടണമെന്നാണ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറും ചീഫ് ജസ്റ്റിസും ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ് പറയുന്നത്.
ക്രിക്കറ്റിൽ പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഇമ്രാൻ അഹമ്മദ് ഖാൻ നിയാസി ലോകം കണ്ട മികച്ച ഓൾ റൗണ്ടർമാരിലൊളാണ്. പതിനാറാമത്തെ വയസിൽ ലാഹോറിൽ കളിച്ചുതുടങ്ങിയ ഇമ്രാൻ 1970കളിൽ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ തെളിഞ്ഞു. 1971ൽ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റും മൂന്നു വർഷം കഴിഞ്ഞ് ഇംഗ്ലീഷുകാർക്കെതിരേ തന്നെ ഏകദിനവും കളിച്ചു തുടങ്ങിയ അദ്ദേഹം 1992ൽ ഇംഗ്ലണ്ടിനെതിരേ തന്നെ കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിടവാങ്ങി.
ക്രിക്കറ്റിൽ ഫാസ്റ്റ് ബൗളറായിരുന്ന ഇമ്രാന് രാഷ്ട്രീയം എളുപ്പമേയല്ലായിരുന്നു. 1987ൽ ജനറൽ സിയാവുൽ ഹഖും പിന്നീട് പർവേസ് മുഷറഫും പാകിസ്താന്റെ പ്രധാനമന്ത്രി പദംവരെ ഇമ്രാന് കൈവെള്ളയിൽ നൽകിയതാണ്. അന്ന് അത് നിഷേധിച്ചുവെങ്കിലും പിന്നീട് രാഷ്ട്രീയത്തിലെ ഇന്നിങ്സ് കഠിനമായി. സ്വയം ലിബറൽ എന്ന് വിശേഷിപ്പിച്ച ഇദ്ദേഹം, ആദ്യം ചേർന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു വിഭാഗത്തിലായിരുന്നു. 1996ലാണ് സ്വന്തം പാർട്ടിയായ തെഹരീകെ ഇൻസാഫുമായി വരുന്നത്. 1997ൽ രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ച ഇമ്രാൻ, രണ്ടിടത്തും തോറ്റുവെങ്കിൽ പാർട്ടി അധികാരത്തിലേറിയ 2018ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ചിടത്തും ജയിച്ചു. 2013ൽ ഗണ്യമായ വോട്ടും സീറ്റും നേടി പാകിസ്താൻ രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയാണെന്ന് തെളിയിച്ചു.
വലിയ പ്രതീക്ഷയോടെ 2018ൽ പ്രധാനമന്ത്രി പദത്തിലെത്തിയ ഇമ്രാന് അധികാരം മുൾക്കിരീടമാണെന്ന് ബോധ്യപ്പെടാൻ അധികകാലം വേണ്ടിവന്നില്ല. അന്താരാഷ്ട്ര നാണയനിധിക്ക് അടക്കം നൽകേണ്ട വായ്പാതിരിച്ചടവായിരുന്നു വലിയ വിഷയങ്ങളിലൊന്ന്. പ്രവാചക കാലത്തെ മദീന പോലെ മികച്ച രാഷ്ട്രമാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പ്രഖ്യാപനം. തകർന്ന സമ്പദ് വ്യവസ്ഥയെ പുനർനിർമിക്കുമെന്ന പ്രതീക്ഷ ഉയർത്തിയെങ്കിലും കൊവിഡുകൂടി വന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പിന്നാലെ ഭരണമുന്നണിയിൽ പെട്ട പാർട്ടികൾതന്നെ കുത്തിത്തിരുപ്പും തുടങ്ങി. ഒടുവിൽ അവിശ്വാസത്തിലൂടെ പുറത്തായ ആദ്യ പ്രധാനമന്ത്രിയെന്ന സ്ഥാനം സ്വന്തമാക്കി ഇറങ്ങിപ്പോകുകയായിരുന്നു.
പ്രധാനമന്ത്രിയെന്ന നിലയിൽ തനിക്ക് വിവിധ രാജ്യങ്ങളിൽനിന്ന് ലഭിച്ച സമ്മാനങ്ങൾ തോഷാഖാനക്ക് നൽകാതെ സ്വന്തം നിലയിൽ കൈവശപ്പെടുത്തിയെന്നതാണ് ഇമ്രാനെതിരായ ഒരു കേസ്. സുപ്രധാന ഭരണഘടനാ സ്ഥാനങ്ങൾ ഏൽക്കുന്നതിൽനിന്ന് അഞ്ചു വർഷത്തേക്ക് വിലക്കിയത് ഈ കേസിലാണ്. 2024 ജനുവരി മുപ്പതിനാണ് പ്രത്യേക കോടതിയുടെ വിധിയനുസരിച്ച് ഇമ്രാനെ ജയിലിലടക്കുന്നത്. ഫെബ്രുവരി എട്ടിനായിരുന്നു പൊതു തെരഞ്ഞെടുപ്പ് എന്നോർക്കണം.
2018ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഇമ്രാൻ ഖാന്റെ മുൻ ഭാര്യയും മാധ്യമപ്രവർത്തകയുമായ റഹംഖാന്റെ പുസ്തകം വന്നു. ഇന്ത്യക്കാരികളിലടക്കം നിരവധി മക്കൾ ഇമ്രാനുണ്ടെന്ന് പുസ്തകത്തിൽ പറഞ്ഞത് പക്ഷേ തെരഞ്ഞെടുപ്പിൽ ഏശിയില്ല. ഇമ്രാന്റെ യൗവനം ക്രിക്കറ്റിന്റെ പളപളപ്പിലായിരുന്നു. സ്‌കൂൾ പഠനം പൂർത്തിയാക്കാൻ ഇംഗ്ലണ്ടിലെത്തിയ ഇമ്രാൻ അവിടെ ബിരുദം പൂർത്തിയാക്കുമ്പോഴേക്ക് ക്രിക്കറ്റിൽ താരമായിരുന്നുവല്ലോ. നൈറ്റ് ക്ലബിലെ സ്ഥിരസാന്നിധ്യവും. 1982ൽ എമ്മ സർജന്റാണ് ഇമ്രാന്റെ അറിയപ്പെടുന്ന ആദ്യത്തെ കാമുകി. പിന്നെ അനേകം പേർ ആ പട്ടികയിലുണ്ട്. ഇതിൽ സീത വൈറ്റിൽ ഒരു മകളുണ്ടെന്നത് കോടതി കയറിയതാണ്. പാകിസ്താനിൽ പിതൃത്വ പരിശോധനക്ക് തയാറാണെന്ന് ഇമ്രാൻ അറിയിച്ചെങ്കിലും കാലിഫോർണിയ കോടതി ഈ കുട്ടിയുടെ പിതാവ് ഇദ്ദേഹം തന്നെയെന്ന് വിധിച്ചു.
ഒരുപാട് കേസുകളിൽ പ്രതിയായ ഷഹബാസ് ശരീഫാണ് ഇമ്രാനെ പുറത്താക്കിയ ശേഷം വന്നത്. പാകിസ്താനിലെ ജനാധിപത്യം പൂത്തും തളിർത്തും വിസ്മയമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."