കലിയടങ്ങാത്ത വന്യത
നിസാം കെ. അബ്ദുല്ല
വയനാട്, പ്രകൃതിയുടെ മനോഹാരികതകളെല്ലാം സംഗമിക്കുന്നയിടം. കാപ്പിയും കുരുമുളകും ഏലവും തേയിലയും തഴച്ചുവളരുന്ന ഫലഭൂയിഷ്ട പ്രദേശം. ലോകത്തുതന്നെ വിനോദസഞ്ചാരത്തിനു പേരുകേട്ട ഈ നാടിന് ഭീതിയുടെ ഒരു കഥകൂടി പറയാനുണ്ട്. അതു കാടിറങ്ങുന്ന വന്യതയുടേതാണ്. ആനയും കടുവയുംകരടിയും കാട്ടുപോത്തും പുലിയും പന്നിയും കുരങ്ങും മാനും മയിലും മലയണ്ണാനും തുടങ്ങിയവ കാടിറങ്ങുമ്പോള്‍ ഉണ്ടാകുന്നതാണ് ഈ ഭീതിയുടെ കഥ. മനുഷ്യജീവന്‍പോലും അപഹരിക്കുന്ന ഇവ അവന്റെ സമ്പത്ത് നശിപ്പിക്കുന്നത് ഇപ്പോള്‍ വാര്‍ത്ത പോലുമല്ലാതാവുകയാണ്. കര്‍ഷകന്റെ കണ്ണീരുപ്പിന്റെ രുചിയാണ് വയനാടിന്റെ ഇപ്പോഴത്തെ കാലാവസ്ഥക്ക്. കുടിയേറ്റകാലം മുതല്‍ മനുഷ്യ-_വന്യജീവി സംഘര്‍ഷങ്ങള്‍ ചുരത്തിനു മുകളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും 1980 മുതലാണ് ഇവിടെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു തുടങ്ങിയത്. 1980നു ശേഷം വയനാട്ടില്‍ കൊല്ലപ്പെട്ടത് 154 പേരാണ്. 10 വര്‍ഷത്തിനിടെ 54 മനുഷ്യജീവനുകളാണ് വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നഷ്ടമായത്. ഇതില്‍ കാട്ടാനകള്‍ 43 പേരെ കൊന്നു. കടുവ എട്ടും കാട്ടുപോത്ത് രണ്ടും ആളുകളെ കൊന്നു. കാട്ടുപന്നിയാണ് ഒരു ജീവനെടുത്തത്. നിരവധിയാളുകള്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ പരുക്കേറ്റത്. നാട്ടിലിറങ്ങുന്ന വന്യജീവികള്‍ വരുത്തുന്ന നാശം ഭീമമാണ്. മുന്‍കാലങ്ങളില്‍ വനത്തിനോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളിലായിരുന്നു വന്യജീവികളുടെ ആക്രമണങ്ങള്‍ ഏറെയും ഉണ്ടായിരുന്നത്. ഇന്ന് സ്ഥിതി മാറി. വയനാടിന്റെ എല്ലായിടങ്ങളിലും വന്യമൃഗങ്ങള്‍ വിഹരിക്കുകയാണ്. ആനയും കടുവയുമൊക്കെ നാടുചുറ്റുന്നു. ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൃഗങ്ങളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധനയും സ്വാഭാവിക വനത്തിനു പകരം ഏകവിളത്തോട്ടങ്ങളായി വനം പരിണമിച്ചതും അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റവുമെല്ലാം മനുഷ്യ- _വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടിയിട്ടുണ്ട്.
മൃഗശാലപോലെ
മൃഗശാലപോലെയാണ് നിലവില്‍ വയനാടുള്ളത്. എവിടെയും വന്യമൃഗങ്ങളുടെ സാമീപ്യം പ്രതീക്ഷിക്കാം. വനം വനമല്ലാതാകുന്നതാണ് വയനാട്ടിലെ വര്‍ധിച്ച വന്യമൃഗ സാന്നിധ്യത്തിനു കാരണമെന്ന് പരിസ്ഥിതി രംഗത്തെ വിദഗ്ധര്‍ പറയുന്നു. വനത്തിന്റെ നൈസര്‍ഗിക സവിശേഷതള്‍ തിരിച്ചുപിടിക്കാനും വന്യജീവികളെ വനത്തില്‍ത്തന്നെ നിര്‍ത്താനും ശാസ്ത്രീയ പദ്ധതികളൊന്നും ഉണ്ടാകാത്തത് സംഘര്‍ഷം രൂക്ഷമാക്കുകയാണ്. വനത്തെ അധിനിവേശ സസ്യങ്ങള്‍ കീഴടക്കി. ഹെക്ടറുകളോളം സ്വാഭാവികവനം ഏകവിളത്തോട്ടമാക്കി കാട് നശിപ്പിക്കപ്പെട്ടു. വ്യാവസായിക വികസത്തിന് 1950 മുതല്‍ 1980കളുടെ തുടക്കംവരെ സ്വാഭാവിക വനങ്ങള്‍ വെട്ടിത്തെളിച്ച് ഉണ്ടാക്കിയ ഏകവിളത്തോട്ടങ്ങള്‍ ഇന്ന് മനുഷ്യന്റെയും വന്യമൃഗങ്ങളുടെയും നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ്.
വയനാട്ടില്‍ സൗത്ത്, നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് ഡിവിഷനുകളിലായി 200 ചതുരശ്ര കിലോമീറ്ററോളം തേക്ക്, യൂക്കാലിപ്‌സ്, കാറ്റാടി തോട്ടങ്ങളാണുള്ളത്. വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രം 101.48 ചതുരശ്ര കിലോമീറ്റര്‍ ഏകവിളത്തോട്ടമുണ്ട്. വന്യജീവി ശല്യത്തിനും വേനലിലെ ജലക്ഷാമത്തിനും മുഖ്യ കാരണങ്ങളിലൊന്ന് ഈ ഏകവിളത്തോട്ടങ്ങളുടെ ആധിക്യമാണ്. ഇവ വെട്ടിമാറ്റി സ്വാഭാവികവനം വച്ചുപിടിപ്പിക്കണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യത്തോട് ഭരണകൂടം മുഖംതിരിക്കുകയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഉതകുന്ന അത്രയും തേക്ക്, ഈട്ടിമരങ്ങള്‍ വയനാടന്‍ വനങ്ങളില്‍ മാത്രമുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
വനമില്ലാതാക്കുന്ന
അധിനിവേശക്കാര്‍
23 ഇനം അധിനിവേശ സസ്യങ്ങളാണ് വയനാട് വന്യജീവി സങ്കേതത്തില്‍ തഴച്ചുവളരുന്നത്. നീലഗിരി ജൈവമണ്ഡലത്തിലെ അധിനിവേശ സസ്യങ്ങളിലധികവും 344.4 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള വയനാട് വന്യജീവി സങ്കേതത്തിലാണ്. മഞ്ഞക്കൊന്ന, അരിപ്പൂ (കൊങ്ങിണി), കമ്മ്യൂണിസ്റ്റ് പച്ച, ആനത്തൊട്ടാവാടി, ധൃതരാഷ്ട്രപ്പച്ച, പാര്‍ത്തീനിയം, കമ്മല്‍പ്പൂ ഇങ്ങനെ നീളുകയാണ് അധിനിവേശ സസ്യയിനങ്ങളുടെ നിര. മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് എന്നീ നാല് റേഞ്ചുകള്‍ ഉള്‍പ്പെടുന്ന വയനാട് വന്യജീവി സങ്കേതത്തില്‍ കുറിച്യാട് ഒഴികെയുള്ള റേഞ്ചുകളില്‍ മഞ്ഞക്കൊന്ന വ്യാപകമാണ്. മുത്തങ്ങ റേഞ്ചിലെ കാക്കപ്പാടം, തകരപ്പാടി പ്രദേശങ്ങളില്‍ ഹെക്ടര്‍ കണക്കിനു നൈസര്‍ഗിക അടിക്കാടാണ് മഞ്ഞക്കൊന്നയുടെ വ്യാപനം മൂലം നശിച്ചത്. വന്യജീവി സങ്കേതത്തിന്റെ ആകെ വിസ്തൃതിയില്‍ ഏകദേശം 10 ശതമാനവും മഞ്ഞക്കൊന്ന കീഴടക്കി.
നോര്‍ത്ത്, സൗത്ത് വയനാട് വനം ഡിവിഷനുകളുടെ സ്ഥിതിയും മറിച്ചല്ല. വന്യജീവി സങ്കേതം പരിധിയില്‍ വരുന്നതടക്കമുള്ള വയനാടന്‍ വനത്തെ അധിനിവേശ സസ്യങ്ങളുടെ പിടിയില്‍നിന്നു മോചിപ്പിക്കാന്‍ പര്യാപ്തമായ പദ്ധതികള്‍ സര്‍ക്കാരോ വനംവന്യജീവി വകുപ്പോ നടപ്പാക്കുന്നില്ല. അപ്‌റൂട്ടിങ്, ബാര്‍ക്കിങ് രീതികളിലുടെ മഞ്ഞക്കൊന്നയെ നശിപ്പിക്കാന്‍ നടത്തുന്ന ശ്രമം ഫലവത്തല്ല. സ്വാഭാവിക സസ്യലതാദികളെ നശിപ്പിക്കുന്ന അധിനിവേശ സസ്യങ്ങള്‍ കാടിന്റെ സന്തുലനം തകര്‍ക്കുകയാണ്.
കണക്കുതെറ്റിച്ച് കടുവയും ആനയും
ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ 2018ലെ കണക്കനുസരിച്ച് വയനാട്ടില്‍ 154 കടുവകളാണുള്ളത്. വയനാട് ഉള്‍പ്പെട്ട നീലഗിരി ജൈവമണ്ഡലത്തില്‍ കടുവയുടെ എണ്ണം കൂടിവരുന്നതായും കടുവാസംരക്ഷണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്. 2022ല്‍ കടുവാ സെന്‍സസ് നടത്തിയെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. 1997ല്‍ 73, 2002ല്‍ 71, 2006ല്‍ 46, 2010ല്‍ 71, 2014ല്‍ 136, 2018ല്‍ 190 എന്നിങ്ങനെയാണ് കേരളത്തിലാകെ കടുവകളുടെ എണ്ണത്തിലുണ്ടായ വര്‍ധന. രാജ്യത്തെ കടുവകളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം ആറു ശതമാനം വര്‍ധനയുണ്ടെന്നാണു കണക്ക്. ഇതിനൊപ്പം കടുവയുടെയും ആനകളുടെയും പ്രത്യുല്‍പാദന രീതിയിലുണ്ടായ മാറ്റവും ഭക്ഷണംതേടി അയല്‍സംസ്ഥാന കാടുകളില്‍നിന്ന് വന്‍തോതിലുള്ള കടന്നുവരവും ഉള്‍പ്പെടെ കണക്കാക്കിയാല്‍ കുറഞ്ഞത് 200 - 250 കടുവകളെങ്കിലും വയനാട്ടില്‍ ഉണ്ടാകും.
കേരളത്തിലെ വനങ്ങളിലാകെ 1000 ആനകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയേ ഉള്ളൂവെന്നാണ് നിയമസഭാരേഖകള്‍ പറയുന്നത്. എന്നാല്‍ 2011ലെ കണക്കനുസരിച്ച് കേരളത്തില്‍ ആകെയുള്ളത് 7490 ആനകളാണ്. അതായത് 6.5 മടങ്ങ് കൂടുതലാണെന്നര്‍ഥം. 2005ല്‍ വയനാട്ടില്‍ ആകെ 882 കാട്ടാനകളാണ് ഉണ്ടായിരുന്നത്. 2007ല്‍ ഇത് 1240 ആയും 2012ല്‍ 1155 ആയും ഉയര്‍ന്നു. ഇപ്പോഴിത് 2000 കടന്നുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
വന്യജീവികളെ ഉള്‍ക്കൊള്ളാനാവാതെ കാട്
വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രം കുറഞ്ഞത് 120 _130 കടുവകള്‍ ഉണ്ടാകുമെന്നാണ് വനംവകുപ്പിലെ ഉന്നതര്‍ തന്നെ പറയുന്നത്. എന്നാല്‍ ഇത്രയും കടുവകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി 344 ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള വനത്തിനില്ല. സൈബീരിയയില്‍ 3000 ചതുരശ്രകിലോമീറ്റര്‍ ആണ് ഒരു കടുവയ്ക്കു വേണ്ടത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വയനാട് വന്യജീവി സങ്കേതത്തിലെ ഒരു കടുവയ്ക്കു വിഹരിക്കാന്‍ കിട്ടുന്നത് പരമാവധി നാലു സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലം മാത്രമാണ്. 70 മുതല്‍ 100 ചതുരശ്രകിലോമീറ്റര്‍ വരെയാണ് ഒരു ആണ്‍കടുവയുടെ അധീനപ്രദേശം. ഭക്ഷണലഭ്യത കുറയുമ്പോള്‍ അധീനപ്രദേശത്തിന്റെ വിസ്തൃതിയും കൂടും.
പെണ്‍കടുവകള്‍ 25 ചതുരശ്രകിലോമീറ്ററാണ് അടക്കിവാഴുക. ആണ്‍കടുവയുടെ പരിധിയില്‍ പല പെണ്‍കടുവകള്‍ ഉണ്ടാകാമെങ്കിലും മറ്റൊരു ആണ്‍കടുവ പ്രവേശിക്കില്ല. പ്രവേശിച്ചാല്‍ ഇവ തമ്മില്‍ പോരു നടക്കും. ഇതില്‍ വിജയിക്കുന്നവന്റെ അധീനതയിലാവും പിന്നീട് ആ ടെറിട്ടറി. ഇതോടെ പുറത്താക്കപ്പെടുന്നവന്‍ തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് മാറും. ഇത് അധികവും തൊട്ടടുത്ത ജനവാസ കേന്ദ്രങ്ങളിലേക്കാവും. പ്രായാധിക്യം അടക്കമുള്ള കാരണങ്ങള്‍കൊണ്ട് ഇരതേടാന്‍ ബുദ്ധിമുട്ട് നേരിടുമ്പോഴാണ് കടുവകള്‍ ഏറ്റവും എളുപ്പത്തില്‍ ഇരപിടിക്കാനുള്ള സാഹചര്യങ്ങള്‍ തിരയുന്നത്. കെട്ടിയിട്ട മൃഗങ്ങളടക്കം കടുവകള്‍ ഇരയാക്കുന്നത് അതുകൊണ്ടാണ്.
വികസനം പറഞ്ഞ് വനവും കൊള്ളയടിച്ചു
വികസനം പറഞ്ഞ് വനം കൊള്ളയടിക്കപ്പെട്ടത് നിലവിലെ മനുഷ്യ -_വന്യജീവി സംഘര്‍ഷങ്ങളുടെ കാരണങ്ങളിലൊന്നാണ്. വനത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന മുളങ്കാടുകള്‍ വെട്ടിവെളിപ്പിച്ചതോടെ വനത്തിലെ വിശാലമായ ചതുപ്പുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതായി. മുളങ്കാളുകള്‍ വെട്ടിയതിനു പിന്നാലെ യൂക്കാലിപ്‌സ് നട്ടതും വനത്തിന്റെ നശീകരണത്തിനു കാരണമായി. ഇതോടെ തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങള്‍ കാടിറങ്ങിത്തുടങ്ങി. 1957 മുതല്‍ നടന്നുവന്ന മുളങ്കാട് വെട്ടലും ഏകവിളത്തോട്ടങ്ങള്‍ നിര്‍മിക്കലും ദൂരവ്യാപക പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. പതിയെപ്പതിയെ വനനശീകരണം നടപ്പില്‍ വരുത്തുകയായിരുന്നു ഈ പ്രവൃത്തികളിലൂടെ ഭരണകൂടങ്ങള്‍. ഒരു ലക്ഷം ഹെക്ടര്‍ വിസ്തൃതിയുള്ള വയനാടന്‍ കാടുകളുടെ 36,000 ഹെക്ടര്‍ യൂക്കാലി അടക്കമുള്ള ഏകവിളത്തോട്ടങ്ങളാണിന്ന്.
ഏറെ പരാധീനതകളിലൂടെ നീങ്ങുകയാണ് വയനാടിന്റെ ജീവിതം. അതിനൊപ്പമാണ് മനുഷ്യ -_വന്യമൃഗ സംഘര്‍ഷവും. ഇതു പരിഹരിക്കാന്‍ എന്തുണ്ട് മാര്‍ഗമെന്ന വയനാട്ടുകാരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അധികൃതര്‍ ഉത്തരമില്ലാതെ കൈമലര്‍ത്തുകയാണ് പലപ്പോഴും. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ ഫയലിലുറങ്ങുകയല്ലാതെ ജനങ്ങള്‍ക്ക് ഉപകാരപ്പെടാറില്ല. കാടും നാടും വേര്‍തിരിക്കാനുള്ള പദ്ധതികള്‍ കൊണ്ടുവന്നെങ്കിലേ ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിന് അല്‍പമെങ്കിലും അയവു വരുത്താന്‍ സാധിക്കൂ. ഒപ്പം വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പുവരുത്താനും സാധിക്കണം. വനത്തിനോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ മൃഗങ്ങള്‍ കാടിറങ്ങാതിരിക്കാന്‍ പല പദ്ധതികളും നടപ്പില്‍ വരുത്താറുണ്ടെങ്കിലും എല്ലാം മുളയിലേ പരാജയപ്പെടുകയാണ് പതിവ്.
വൈദ്യുതി വേലി, റെയില്‍ ഫെന്‍സിങ്, കിടങ്ങ്, കല്‍മതില്‍ അങ്ങനെ എണ്ണമില്ലാത്ത പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന് ഇതൊന്നും പരിഹാരം കണ്ടിട്ടില്ല. വനത്തിനുള്ളില്‍ അവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും ഒരുക്കാത്തിടത്തോളം കാലം അവര്‍ ഇരതേടി ജനവാസ കേന്ദ്രങ്ങളിലെത്തുമെന്നുറപ്പാണ്. ഇതിനു പരിഹാരം വേണമെങ്കില്‍ അധിനിവേശ സസ്യങ്ങളെ അടക്കം വനത്തില്‍ നിന്ന് പിഴുതുമാറ്റേണ്ടതുണ്ട്. നൈസര്‍ഗിക വനത്തിന്റെ വീണ്ടെടുപ്പ് മാത്രമാണ് സംഘര്‍ഷത്തിന്റെ വ്യാപ്തി കുറക്കാനുള്ള ഏകപോംവഴി. സൈനര്‍ഗിക വനത്തിന്റെ വീണ്ടെടുപ്പിനു വനം വന്യജീവി വകുപ്പ് സമര്‍പ്പിച്ച നയരേഖ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായത് പ്രതീക്ഷ നല്‍കുന്നു, അപ്പോഴും ഏകവിളത്തോട്ടങ്ങള്‍ സ്വാഭാവിക വനമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് മന്ദഗതിയാെണന്നത് പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."