എസ്.ഇ.യു ജില്ലാ സമ്മേളനം സമാപിച്ചു
പുതിയ ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണം: എസ്.ഇ.യു
അരീക്കോട്: സംസ്ഥാനത്ത് കാലങ്ങളായി തുടർന്ന് പോരുന്ന പഞ്ചവർഷ തത്വമനുസരിച്ച്, സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 2024 ജൂലൈ ഒന്ന് മുതൽ പുതിയ ശമ്പളം അനുഭവവേദ്യമാക്കേണ്ടതായിട്ടു പോലും കാര്യപ്രാപ്തിയുള്ള ഒരു ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാൻ ഇനിയും തയ്യാറാകാത്ത ഇടതുസർക്കാർ നിലപാട് അത്യന്തം നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി. ഒട്ടേറെ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ട സുപ്രധാനമായ ഈ പ്രക്രിയയോട് പുറംതിരിഞ്ഞു നിൽക്കുന്ന സർക്കാർ നിലപാട് ദൂരൂഹമാണെന്നും, എത്രയും വേഗം കമ്മീഷനെ നിയമിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജീവനക്കാരുടെ അടിസ്ഥാന പ്രശ്നമായ ക്ഷാമബത്ത എണ്ണം പറഞ്ഞ ഏഴ് ഗഡു കുടിശികയാക്കി വെച്ച് ഓരോ ജീവനക്കാരനും പ്രതിമാസം വലിയ സാമ്പത്തിക നഷ്ടം വരുത്തുന്ന സർക്കാർ, അതിൽ കേവലം ഒരു ഗഡു മാത്രം ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇനിയും ഉത്തരവാക്കിയിട്ടില്ല. കൂടാതെ, പങ്കാളിത്ത പെൻഷൻ വിഷയത്തിൽ പുതിയ സ്കീം എന്ന ആശയം പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന തട്ടിപ്പ് മാത്രമാണെന്നും, എൻ.പി.എസ് പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന അടിസ്ഥാന ആവശ്യത്തിൽ നിന്നും ഒളിച്ചോടാനും, പുതിയ സമിതിയെ വെച്ച് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയി പറഞ്ഞു പറ്റിക്കാനുമുള്ള കുതന്ത്രമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാറിൻ്റെ ശത്രുതാപരമായ സമീപനത്തിനെതിരെ രാജ്യത്ത് നടക്കുന്ന കർഷകപ്രക്ഷോഭത്തോടും, സംസ്ഥാന സർക്കാറിൻ്റെ നിരുത്തവാദ സമീപനം മൂലം വന്യമൃഗാക്രമണ ഭീതിയിൽ ദിനരാത്രങ്ങൾ തള്ളിനീക്കുന്ന കുടുംബങ്ങളോടും സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സംഘടനാ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഫക്രുദ്ദീൻ വള്ളിക്കുന്ന് അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഗഫൂർ കുറുമാടൻ, വൈസ് പ്രസിഡന്റ് കെ. അബ്ദുൽ ബഷീർ, സെക്രട്ടറി ഹമീദ് കുന്നുമ്മൽ, അലി കരുവാരക്കുണ്ട്, ജില്ലാ പ്രസിഡൻ്റ് വി.പി സമീർ, ജനറൽ സെക്രട്ടറി എ.കെ ഷരീഫ്, ട്രഷറർ സലീം ആലിക്കൽ, കെ.പി അനിൽ കുമാർ, ഷരീഫ് കാടേരി, നാസർ പൂവത്തി, ആബിദ് അഹമ്മദ്, സജീർ പന്നിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ ഉദ്ഘാടനം ചെയ്തു. ഹാഷിം കടുങ്ങല്ലൂർ, ശിഹാബ് കൊളത്തൂർ, അമീർ പട്ടർകുളം, സിൽജി അബ്ദുല്ല, മുഹമ്മദ് ഷാഫി, ഹക്കീം വാക്കാലൂർ, എഎംകെ റഹീം, കെ മുഹമ്മദ്, റിയാസ് വണ്ടൂർ, അർസൽ, പി. അബ്ദുൽ ഗഫൂർ, അലി കരുവാരക്കുണ്ട്, എൻ.കെ അഹമ്മദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."