ഉള്ളി കയറ്റുമതി നിരോധനം പിൻവലിച്ചെന്ന് വ്യാജ വാർത്ത; പിന്നാലെ കുതിച്ചുയർന്ന് ഉള്ളി വില, നിരോധനമുണ്ടെന്ന് കേന്ദ്രം
ഉള്ളി കയറ്റുമതി നിരോധനം പിൻവലിച്ചെന്ന് വ്യാജ വാർത്ത; പിന്നാലെ കുതിച്ചുയർന്ന് ഉള്ളി വില, നിരോധനമുണ്ടെന്ന് കേന്ദ്രം
ഉള്ളി വിലവർധന പിടിച്ചുനിർത്താനായി കൊണ്ടുവന്ന കയറ്റുമതി നിരോധനം പിൻവലിച്ചെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്ത്യയിൽ ഉള്ളി വില കുതിച്ചുയർന്നു. ഫെബ്രുവരി 17 ന് ക്വിൻ്റലിന് 1,280 രൂപയായിരുന്ന ഉള്ളിവില ഫെബ്രുവരി 19 ന് ക്വിൻ്റലിന് 40.62 ശതമാനം ഉയർന്ന് 1,800 രൂപയായി. രാജ്യത്തെ ഏറ്റവും വലിയ മൊത്ത ഉള്ളി വിപണിയായ ലാസൽഗോണിലാണ് ഈ തരത്തിൽ വിലക്കയറ്റം ഉണ്ടായത്. സമാനമായി രാജ്യത്തിന്റെ വിവിധ മാർഗങ്ങളിൽ അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾക്കൊടുവിൽ ഉള്ളിക്ക് തീവിലയായി.
ഇതിനുപിന്നാലെ ഉള്ളി കയറ്റുമതി നിരോധനം പിൻവലിച്ചിട്ടില്ലെന്നും ഇത് പ്രാബല്യത്തിലാണെന്നും മാർച്ച് 31 വരെ നിലനിൽക്കുമെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് അറിയിച്ചു. രാജ്യത്തെ ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഉള്ളിയുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുക എന്നതാണ് സർക്കാരിൻ്റെ പരമമായ മുൻഗണന എന്ന് രോഹിത് കുമാർ സിംഗ് പറഞ്ഞു.
അതേസമയം, മാർച്ച് 31 ന് ശേഷവും നിരോധനം നീക്കാൻ സാധ്യതയില്ല എന്നാണ് പുറത്തുവരുന്ന വിവരം. കാരണം ശീതകാലത്ത് ഉള്ളി ഉത്പാദനം വീണ്ടും കുറയാനാണ് സാധ്യത.2023 ശീതകാലത്ത് ഉള്ളി ഉൽപാദനം 22.7 ദശലക്ഷം ടൺ ആയിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ പ്രധാന സംസ്ഥാനങ്ങളിലെ ഉള്ളി ഉത്പാദനം വരും ദിവസങ്ങളിൽ കൃഷി മന്ത്രാലയ ഉദ്യോഗസ്ഥർ വിലയിരുത്തും. ഇതിന് പിന്നാലെയാകും ഉള്ളിവിലയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."