കാട്ടുപോത്തിനെ മയക്കു വെടിവെച്ച് പിടികൂടി
കാട്ടുപോത്തിനെ മയക്കു വെടിവെച്ച് പിടികൂടി
കാഞ്ഞങ്ങാട് : മടിക്കൈ മൂന്നുറോഡ് നാന്തം കുഴിയില്‍ കിണറ്റില്‍ വീണ കാട്ടുപോത്തിനെ മയക്കു വെടിവെച്ച് പിടികൂടി. തൃശൂരില്‍ നിന്നുമെത്തിയ ഡോക്ടറും സംഘവുമാണ് മയക്കുവെടിവച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു തവണ വെടിവച്ചെങ്കിലും കാട്ടുപോത്ത് വഴങ്ങിയില്ല. കുറച്ച് സമയത്തിനു ശേഷം വീണ്ടും മയക്കുവെടിവച്ചതിന് ശേഷമാണ് കാട്ടുപോത്തിനെ പിടികൂടിയത്. ഏറെ നേരത്തെ പരിശ്രമഫലമായി ടിപ്പര്‍ ലോറിയില്‍ കയറ്റി.
കാട്ടുപോത്തിനെ പള്ളഞ്ചി വനത്തിലെത്തിച്ച് ഉപേക്ഷിച്ചതായി ഡി.എഫ്.ഒ കെ. അഷറഫ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടുപോത്ത് കിണറ്റില്‍ വീണത്. ആളുകള്‍ തടിച്ചുകൂടിയതിനാല്‍ വൈകീട്ട് കാട്ടുപോത്തിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. ആളുകള്‍ മുഴുവന്‍ പിരിഞ്ഞ് പോയശേഷം രാത്രി ഏറെ വൈകിയാണ് കാട്ടുപോത്തിനെ കിണറ്റില്‍ നിന്നും കരയിലെത്തിച്ചത്. പുറത്തെത്തിക്കുന്ന സമയം വിരണ്ട് നില്‍ക്കുന്ന പോത്ത് ആളുകളെ ഉപദ്രവിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ദൗത്യം രാത്രിയിലേക്ക് മാറ്റിയത്. കിണറില്‍ നിന്നും ചാല് കീറിയാണ് പുറത്തെത്തിച്ചത്. പുറത്തെത്തിച്ച ഉടനെ ഡ്രൈവ് ചെയ്ത് പോത്തിനെ കാട് കയറ്റാനായിരുന്നു വനപാലകര്‍ പദ്ധതി തയാറാക്കിയത്.
മടിക്കൈ, അമ്പലത്തറ ഭാഗങ്ങളില്‍ പോത്ത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. നാന്തം കുഴിയിലെ വിജയന്റെ വീട്ടുപറമ്പിലെ കിണറ്റില്‍ ആണ് വീണത്. ബോവിക്കാനം ഭാഗത്ത് നിന്നും കൂട്ടംതെറ്റിയെത്തിയതാകാം കാട്ടുപോത്തെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."