അട്ടപ്പാടി മധുവുംജാതിയുടെ പുതുകാല വായനയും
ഇ.കെ ദിനേശൻ
ജാതിയുടെ പുതുകാല വായന ഭരണകൂടവ്യവസ്ഥിതിയുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുകയാണ്. നേരത്തെ അതിനെ നിയന്ത്രിച്ചത് സാമൂഹികാധികാര ഘടനയാണ്. അതാകട്ടെ സവർണവാഴ്ചയുടെ ഭാഗമാണ്. അവിടെ ദേശരാഷ്ട്രമെന്ന അർഥത്തിൽ ഇന്ത്യക്കുമേലുള്ള അധികാര മേൽക്കോയ്മക്ക് ഒരു കാലത്തും രാഷ്ട്രീയാധികാരം ആവശ്യമില്ലായിരുന്നു. കാരണം, അദൃശ്യമായ അധികാരത്താൽ നിയന്ത്രിക്കപ്പെട്ടതാണ് എക്കാലത്തും ജാതിമനുഷ്യർ. അവിടെ സവർണ ഹിന്ദുക്കളും അവർണ മനുഷ്യരും തമ്മിലുള്ള വിവേചനത്തിൻ്റെ ആഴം ജീവിക്കാനുള്ള അവകാശത്തിന്റെ ആഴംതന്നെയാണ്. സ്വാതന്ത്ര്യത്തിനുശേഷം പ്രഖ്യാപിക്കപ്പെട്ട ജനാധിപത്യവ്യവസ്ഥയിലും ജാതിമനുഷ്യർക്ക് രാഷ്ട്രീയമായി ശക്തിപ്പെടാൻ കഴിഞ്ഞില്ല.
അതിന്റെ ഫലമാവട്ടെ സാമൂഹിക വിവേചനത്തിനൊപ്പം സാമ്പത്തിക പിന്നോക്കാവസ്ഥയും ജാതിയുടെ അധഃസ്ഥിതാവസ്ഥയെ ബലപ്പെടുത്തി. അങ്ങനെ ഒരേസമയം ഭ്രഷ്ടുജീവിതം സൃഷ്ടിച്ച അയിത്തം അടിത്തട്ടിൽ ദാരിദ്ര്യത്തെ ശക്തിപ്പെടുത്തി. അതിന്റെ ഏറ്റക്കുറച്ചിൽ വിവിധ ദേശസമൂഹങ്ങളിൽ വ്യത്യസ്തമാണെങ്കിലും കേരളത്തിലും ഇത്തരം മനുഷ്യർ ജീവിക്കുന്നുണ്ട്. അട്ടപ്പാടിയിലെ മധു ആറുവർഷങ്ങൾക്കുമുമ്പ് ആൾക്കൂട്ട വിചാരണയ്ക്ക് വിധേയമായത് ഈ ഒരു പശ്ചാത്തലത്തിൽകൂടിയാണ്. മധുവിൽ ആരോപിക്കപ്പെട്ട പ്രധാന കുറ്റം മോഷണമാണ്. കട്ടെടുത്തത് അരിയാണെന്ന് തെളിഞ്ഞതോടെ മധുവിലൂടെ തുറന്നുകാണിക്കപ്പെട്ടത് അയാളുടെ വിശപ്പായിരുന്നു. അത് അയാളുടെ സ്വത്വംതന്നെയാണ്. അതിനെ രൂപപ്പെടുത്തിയ സാമൂഹികകാരണം, ജാതിയും രാഷ്ട്രീയകാരണം, സമ്പത്തുമാണ്.
അരികുവൽക്കരിക്കപ്പെട്ട മനുഷ്യർ എങ്ങനെ ദരിദ്രവൽക്കരിക്കപ്പെട്ടു എന്ന ചോദ്യം വേണ്ടരീതിയിൽ ഇപ്പോഴും കേരളത്തിൽ ഉയർന്നുവരുന്നില്ല. 69,000 അതി ദരിദ്രകുടുംബങ്ങൾ കേരളത്തിലുണ്ടെന്ന് ഭരണകൂടംതന്നെ സമ്മതിക്കുന്നുണ്ട്. അതിൽ തൊണ്ണൂറ് ശതമാനവും ജാതിയാൽ താഴ്ന്ന കുടുംബങ്ങളായിരിക്കും. അപ്പോഴാണ് ഭരണകൂടത്തിന്റെ ജാതിയുമായുള്ള ബന്ധം എന്താണെന്ന തിരിച്ചറിവ് ഉണ്ടാവുന്നത്. അതായത് ജാതിയെക്കുറിച്ച് പറയുമ്പോൾ ഉത്തരേന്ത്യയിലേക്ക് വിരൽ ചൂണ്ടുന്ന മലയാളിക്ക് സ്വന്തം വിരൽ തന്റെ മനസ്സാക്ഷിക്കുനേരെ ഉയർത്താൻ കഴിയുന്നില്ല. മധു വധക്കേസിലെ വിചാരണക്കാലത്ത് കണ്ട പല സമീപനങ്ങളും അരികുവൽക്കരിക്കപ്പെട്ട മനുഷ്യരോട് പൊതുസമൂഹം കാണിക്കുന്ന പൊതുബോധത്തിന്റെ ഭാഗമായിരുന്നു.
ഇതിനെ നിർണയിക്കുന്നത് ശ്രേണീബന്ധിത ജാതിബോധമാണ്. അവിടെയാണ് ശൂദ്രന് താഴെയുള്ള ഈഴവൻ തനിക്ക് താഴെയുള്ളവരോടുള്ള സമീപനത്തെ അഭിമാനമായി കാണുന്നത്. ഇതൊക്കെ പൊതുബോധത്തിൽ എന്നോ അടിഞ്ഞുകൂടിയ ജീർണതയുടെ ഭാഗമാണ്. എന്നാൽ ഇന്നതിന് മറ്റൊരു പ്രതലംകൂടി രൂപപ്പെട്ടിട്ടുണ്ട്. അത് ഭരണകൂടത്തിന്റെ സവർണതയാണ്.
ഭരണകൂടത്തിൽ അദൃശ്യമായ സവർണാധികാരത്തിന്റെ ഇടപെടൽ എക്കാലത്തും നിലനിന്നിട്ടുണ്ട്. ബ്രാഹ്മണിക്കൽ അടിത്തറയിൽ പിറവികൊണ്ട ദേശരാഷ്ട്രം എല്ലാ അർഥത്തിലും മേൽജാതിക്കാണ് മുൻതൂക്കം നൽകിയത്. അധികാരം ഇല്ലെങ്കിലും കീഴ്ജാതി മനുഷ്യരെ നിയന്ത്രിക്കാൻ ഭരണവർഗത്തിന് കഴിഞ്ഞിരുന്നു. ഇന്ത്യ ഒരു ദേശരാഷ്ട്രമായി രൂപപ്പെട്ടതോടുകൂടി ഭരണകൂടത്തിന് നേരിട്ട് മേൽജാതി അധികാരത്തെ ദൈനംദിന വ്യവഹാരങ്ങളിൽ പ്രഖ്യാപിക്കാൻ കഴിഞ്ഞു.
2014നുശേഷം ഭരണവർഗത്തിലെ അദൃശ്യജാതി ചിഹ്നങ്ങൾ മറയില്ലാതെ പുറത്തു ചാടി. അതോടെ ജാതികൊണ്ട് നിർമിച്ച അടിമമനുഷ്യർ അക്രമണോത്സുകമായി നഗരങ്ങളിലും ഗ്രാമങ്ങളിലും ആൾക്കൂട്ട വിചാരണക്ക് വിധേയമായി. കേരളത്തെ സംബന്ധിച്ച് ഇതൊരു പൊതുബോധത്തിന്റെ ഭാഗംകൂടിയാണ്. ഈ പൊതുബോധ നിർമിതിയിൽ പുരോഗമന രാഷ്ട്രീയപ്രസ്ഥാനവും സാംസ്കാരിക നായകരും ബുദ്ധിജീവികളും കലാകാരന്മാരുമുണ്ട്.
സുരേഷ് ഗോപിക്ക് ബ്രാഹ്മണനാകാൻ ഇഷ്ടം തോന്നുന്നതും കവി സച്ചിദാനന്ദൻ മാഷെ വർഗീയവാദിയാക്കുന്നതും ഇതിന്റെ ഭാഗമാണ്. നേരത്തെ ഇത്തരം വിമർശനങ്ങൾ പ്രകടിപ്പിക്കാൻ ഉണ്ടായിരുന്ന തടസത്തെ ഇപ്പോൾ പരിഹരിച്ചത് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയാധികാരമാണ്.
ജാതിബോധത്തെ നിലനിർത്തിക്കൊണ്ട് ഇന്ന് ഒരാൾക്ക് പൊതുജീവിതത്തിൽ ജാതിക്കെതിരേ ശബ്ദിക്കാൻ കഴിയും. ഇൗ മനുഷ്യരെയും നാം പുരോഗമനവാദികളെന്ന് പറയും. ഇത്തരക്കാരെ ഏറ്റവും കൂടുതൽ കാണുന്നത് കേരളത്തിലാണ്.
അതുകൊണ്ടാണ് ജാതിയില്ല എന്ന് പറയുമ്പോഴും വീട്ടിനകത്ത് ജാതിയെ കെട്ടിയിട്ട് തെരുവിൽ ജാതിക്കെതിരേ സംസാരിക്കാൻ കഴിയുന്നത്. അത്തരം രക്ഷിതാക്കളാണ് മക്കൾ അന്യവിഭാഗത്തിൽപ്പെട്ടവരെ വിവാഹം കഴിക്കുമ്പോൾ അവരെ കൊന്നുതള്ളുന്നത്. ഇത് തീവ്ര ജാതിബോധത്തിന്റെ ഭാഗമാണെങ്കിൽ സാധാരണ മനുഷ്യരുടെ ജാതിബോധം വിവാഹ പരസ്യക്കോളത്തിൽ കാണാം. ഇതൊക്കെ ജാതിയുടെ പുതുവായനയിൽ ചേർക്കാവുന്നതാണ്.
കുടുംബത്തിൽ ജാതിവാദിയായി ജീവിക്കുന്നത് വ്യക്തിപരമാണെന്നും അതിനെ പൊതുജീവിതത്തിന്റെ ഭാഗമായി കാണേണ്ടെന്നും വാദിക്കുന്നവരുണ്ട്. ഈ വാദം സാമൂഹിക വിവേചനത്തിന്റെ പഴക്കംകൊണ്ട് പൊതുസമ്മതം നേടിയതാണ്. മധുവിനെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കിയവർ ജാതിമനുഷ്യരല്ല എന്ന യുക്തിയിലേക്കാണ് ഈ ന്യായം ചെന്ന് അവസാനിക്കുന്നത്. എന്നാൽ പുതുകാല ജാതി ആക്രമണോത്സകമായി രൂപപ്പെടുന്നതിന് പിന്നിലെ ജ്ഞാനപരിസരം കുടുംബത്തിൽ നിശബ്ദമായി വ്യാപിച്ചുകിടക്കുന്ന മേൽക്കോയ്മാബോധത്തിന്റെ ഭാഗമാണ്.
മേൽക്കോയ്മയിൽ ജാതി പ്രത്യക്ഷത്തിൽ പ്രകടമാകുന്നില്ലെങ്കിലും അധികാരം മുന്നിൽ നടക്കും. മധു ആദിവാസി യുവാവാണ്. അയാളെ പരസ്യമായി ആൾക്കൂട്ട വിചാരണയ്ക്ക് പിടിച്ചുനിർത്താം. അതിനെ ചോദ്യം ചെയ്യാനോ പ്രതിരോധിക്കാനോ അയാൾക്ക് പിന്നിൽ അധികാരത്തിന്റെ ശക്തിയില്ല. ഇത് വിചാരണമനുഷ്യർക്ക് അറിയാം. ഈ അറിവിനെ അധികാരാവകാശമായി ഉപയോഗിക്കുമ്പോഴാണ് അരികുവൽക്കരിക്കപ്പെട്ട, അസ്പൃശ്യരായ മനുഷ്യർ തന്നെക്കാൾ താഴെയാണെന്നും അത്തരം മനുഷ്യരെ ചോദ്യം ചെയ്യാനുള്ള സാമൂഹികാധികാരം ജന്മാവകാശമാണെന്നുമുള്ള ബോധം അവരിൽ പ്രവർത്തിക്കുന്നത്.
ഈ ബോധത്തെയാണ് ജാതി നിരന്തരം ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഇത്തരം സാധാരണ നിരീക്ഷണങ്ങൾ നിലനിൽക്കെ പുതുകാല ജാതിയുടെ നീതിബോധം തികച്ചും രാഷ്ട്രീയ ബന്ധിതമാണ്. ഒരു ദലിതനെ ഹിന്ദുവായി പ്രഖ്യാപിക്കുന്നത് ഹിന്ദുത്വത്തിന്റെ വർഗ താൽപര്യമാണ്. അതേസമയം അയാളെ ജാതീയമായി ഉൾക്കൊള്ളാൻ ഹിന്ദുത്വം തയാറുമല്ല.
ഇത് ഹിന്ദുത്വ ദേശീയതയുടെ നിലനിൽപ്പിന് ആവശ്യമായ ഘടകമാണ്. 15 ശതമാനത്തിന് കീഴെ വരുന്ന ബ്രാഹ്മണിക്കൽ ശക്തിക്ക് പുറത്ത് ഹിന്ദുത്വദേശീയതയെ നിലനിർത്താൻ കീഴ്ജാതി മനുഷ്യരെ ഹിന്ദുവായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഇത് വളരെ പഴക്കം ചെന്ന നിരീക്ഷണമാണെങ്കിലും പുതിയകാലത്ത് ഹിന്ദുത്വം 100% രാഷ്ട്രീയവൽക്കരിക്കപ്പെടുമ്പോഴും രാഷ്ട്രീയഹിന്ദു ജാതിക്കോളത്തിൽ തന്നെയാണ്. ഇവിടെയൊന്നും കീഴ്ജാതി മനുഷ്യരുടെ സാമൂഹികാധികാരം പരിഗണനാ വിഷയമേയല്ല.
ഇവിടെ ധാർമികത മതത്തിന്റെ ഭാഗമാണ്. മതം ജാതിയാൽ നിർമിക്കപ്പെട്ടതുകൊണ്ട് ഹിന്ദുത്വം സമത്വത്തെ പൂർണമായി നിഷേധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഹിന്ദുത്വം സനാതന ധർമത്തെക്കുറിച്ച് പറയുമ്പോഴും അത് അപമാനവികൃതമാണെന്ന വാദം ശക്തിപ്പെടുന്നത്. ഇവിടെ മാനവികത പരാജയപ്പെടുകയും അധികാരം ശക്തിപ്പെടുകയും ചെയ്യുന്നു. ഉയർന്ന ജാതിയിൽപ്പെട്ട ഒരാൾക്ക് മധുവിന് അനുഭവിക്കേണ്ടിവന്ന വിശപ്പുണ്ടായാൽ അത് പരിഹരിക്കപ്പെടുന്നത് സാമൂഹിക ഉത്തരവാദിത്വമായി മാറും. ഈ ഉത്തരവാദിത്വത്തിന് പുറത്താണ് കീഴ്ജാതി മനുഷ്യർ. പഴയതുപോലെ പേരിൽ ജാതിമുദ്രണം ഇല്ലെങ്കിലും സവർണമനുഷ്യന് സാന്നിധ്യംകൊണ്ട് ജാതിയെ പ്രഖ്യാപിക്കാൻ കഴിയും. അവിടെ ഉയർന്ന ജാതിക്കാരന് അതൊരു സാമൂഹിക അംഗീകാരവും കീഴ്ജാതിമനുഷ്യർക്ക് അപമാനവുമാണ്. ഈ അപമാനത്തെ മറികടക്കാനുള്ള തത്രപ്പാടിലാണ് ജാതി പറഞ്ഞുകൊണ്ടുതന്നെ പ്രതിരോധം തീർക്കേണ്ടതിന്റെ രാഷ്ട്രീയം പ്രസക്തമാകുന്നത്.
അതൊരു സ്വത്വപ്രതിസന്ധിയായി പുരോഗമന രാഷ്ട്രീയ ബുദ്ധിജീവി മണ്ഡലം കാണുന്നുണ്ട്. എന്നാൽ ഇത്തരം മനുഷ്യരെ തുല്യതയിലേക്ക് നയിക്കാനുള്ള പുതിയ രീതിശാസ്ത്രം ഇപ്പോഴും ഇന്ത്യയിലെ ഇടതുപക്ഷത്തിനോ പുരോഗമന പ്രസ്ഥാനങ്ങൾക്കോ അവതരിപ്പിക്കാൻ കഴിയുന്നില്ല. ഇവിടെയാണ് നവ ദലിത് ചിന്താ മണ്ഡലം കേരളത്തിൽ സജീവ സാന്നിധ്യമായി മാറിയതിനെ തിരിച്ചറിയേണ്ടത്. ഈ മാറ്റത്തെ ഉൾക്കൊള്ളാൻ എത്രമാത്രം കേരളം ഇപ്പോഴും സന്നദ്ധമായിട്ടുണ്ട് എന്ന് പരിശോധിക്കേണ്ടതുണ്ട്. മധുവിന്റെ കൊലപാതകം അത്തരം ആലോചനകളെ ബലപ്പെടുത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."