സംസ്ഥാനത്ത് ചൂട് കൂടുന്നു; 9 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൂട് കൂടുന്നു; 9 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം 9 ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തലസ്ഥാനത്ത് പൊങ്കാലത്തിരക്കായതിനാല്‍ ക്രമീകരണങ്ങള്‍ സജ്ജമാണ്. പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."