HOME
DETAILS

ഭക്ഷണവും ജാതിവിവേചനവും ബി.ജെ.പി അകപ്പെട്ട ഊരാക്കുടുക്കും

  
backup
February 26 2024 | 18:02 PM

food-and-caste-discrimination-are-the-pitfalls-of-bjp

എ.പി കുഞ്ഞാമു

ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പ്രചാരണ പോസ്റ്റർ വിവാദമായത് കോഴിക്കോട്ട് നടത്താനിരുന്ന ഒരു ചടങ്ങിന്റെ പേരിലായിരുന്നു. എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെട്ട നേതാക്കളോടൊപ്പം കെ. സുരേന്ദ്രൻ ഏതോ ദിവസം ഭക്ഷണം കഴിക്കും എന്നായിരുന്നു പോസ്റ്ററിൽ. ഇത് പട്ടികജാതി/പട്ടിക വർഗക്കാരെ അപമാനിക്കുന്ന പരാമർശമാണെന്നാണ് ഒരു കൂട്ടരുടെ പക്ഷം. പട്ടികജാതിക്കാർക്ക് സുരേന്ദ്രൻ നൽകുന്ന ഔദാര്യമാണോ മുന്തിയ ഹോട്ടലിൽവച്ചു നൽകുന്ന ഈ ഭക്ഷണം എന്നാണ് ചോദ്യം. പട്ടികജാതിക്കാരോടൊപ്പം ആഹാരം കഴിക്കുന്നത് സുരേന്ദ്രന്റെ വകയായുള്ള മഹാദാനമാണോ? അവരെ പ്രത്യേകം മാറ്റിനിർത്തുന്നത് വിവേചനമല്ലാതെ മറ്റെന്താണ്? പണ്ടും ഉന്നതകുലജാതർ അധഃസ്ഥിതർക്ക് കുഴികുത്തി അതിൽ കഞ്ഞി വിളമ്പിയിരുന്നുവല്ലോ എന്ന്. അതിൽ നല്ല തന്ത്രമുണ്ടായിരുന്നു, വിവേചനമുണ്ടായിരുന്നു, ജാത്യാഹങ്കാരമുണ്ടായിരുന്നു. അതുതന്നെയല്ലേ സുരേന്ദ്ര സദ്യയിലൂടെയും ആവിഷ്കരിക്കപ്പെടുന്നത് എന്ന ചോദ്യത്തിൽ കഴമ്പില്ലെന്ന് പറഞ്ഞുകൂടാ.


എന്നാൽ ഇത്തരം വിമർശനങ്ങളെ കെ. സുരേന്ദ്രൻ പ്രതിരോധിക്കുന്നത് ഞാനുമൊരു പിന്നോക്കക്കാരനല്ലേ, പിന്നെയെന്ത് വിവേചനം എന്ന് ചോദിച്ചുകൊണ്ടാണ്. സംഗതി ശരിയാണ്. സുരേന്ദ്രൻ ഒ.ബി.സി. നരേന്ദ്ര മോദി ഒ.ബി.സി. ഗുജറാത്ത് വംശഹത്യക്കാലത്ത് മുസ് ലിംകളെ അതിഭീകരമായി കൊലപ്പെടുത്തുന്നതിനും അവരുടെ വീടുകൾ തീവെക്കുന്നതിനും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനും നേതൃത്വം നൽകിയ അശോക് മോച്ചി ഒ.ബി.സിയിലും താണ ചെരിപ്പ് കുത്തി. അതായത് ഈ പിന്നോക്കക്കാരുടെ കൈകളിൽ ത്രിശൂലവും തീപ്പന്തവും വെച്ചു കൊടുത്താണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സനാതനധർമ സംസ്ഥാപനം. ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കിക്കൊണ്ടാണ് സവർണാധിപത്യത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രനിർമിതിയിലേക്കുള്ള പ്രയാണം. ഇത് കണക്കിലെടുക്കുമ്പോൾ ഞാൻ പിന്നോക്കാരനല്ലേ എന്ന സുരേന്ദ്ര വിലാപത്തിന്ന് അർഥമില്ല. അതൊരു വില കുറഞ്ഞ രാഷ്ട്രീയതന്ത്രം മാത്രം.


എന്നാൽ ഹിന്ദുത്വ തീവ്രതയുടെ ആശയങ്ങൾക്ക് ഭക്ഷണത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കൃത്യമായ നിർബന്ധങ്ങളുണ്ട്. പുറമേക്ക് എന്തുപറഞ്ഞാലും അണ്ടിയോടടുക്കുമ്പോൾ മാങ്ങ പുളിക്കും. ഭവർ മെഘ് വൻഷിയുടെ ‘എനിക്ക് ഹിന്ദുവാകാൻ കഴിഞ്ഞില്ല’ എന്ന പുസ്തകത്തിൽ ഈ ഭക്ഷണ രാഷ്ട്രീയത്തെപ്പറ്റി പ്രതിപാദിക്കുന്നത് കാണാം. ആർ.എസ്.എസിൽ നിന്നു വിട്ടുപോന്ന ദലിത് കർസേവകനാണ് മെഘ് വൻഷി ആർ.എസ്.എസിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ നേതാക്കൾക്കും സന്യാസിമാർക്കും അയാൾ സ്വന്തം വീട്ടിൽ ഭക്ഷണം ഏർപ്പാടാക്കിയിരുന്നു. എന്നാൽ ഭക്ഷണത്തിന് ക്ഷണിച്ചപ്പോൾ ജില്ലാ പ്രമുഖ് പറഞ്ഞതിങ്ങനെ:- ‘ സുഹൃത്തേ, ഈ സമൂഹത്തിലെ അസമത്വത്തെക്കുറിച്ച് നിനക്കറിയാമല്ലോ. സംഘം ഇത്രയൊക്കെ പ്രയത്നിച്ചിട്ടും ഹിന്ദുസമൂഹത്തെ ഒന്നാക്കിത്തീർക്കാൻ കഴിഞ്ഞിട്ടില്ല. ഞങ്ങളാണെങ്കിൽ എന്നു വേണമെങ്കിലും നിന്റെ കൂടെ ഇരിക്കാനും ഒരേ പാത്രത്തിൽ നിന്ന് കഴിക്കാനും തയാറാണ്. പക്ഷേ ഇന്ന് കുറച്ച് നേതാക്കളും സന്ന്യാസിമാരും മറ്റും കൂടെയുണ്ട്. മുൻകൂട്ടി അറിയിക്കാതെ കീഴ്ജാതിക്കാരന്റെ ഭക്ഷണം നൽകിയാൽ അവർ അസ്വസ്ഥരാവും’.


അതിനാൽ ഭക്ഷണം പായ്ക്ക് ചെയ്തു കൊടുത്തയക്കാമെന്ന് തീരുമാനിക്കപ്പെട്ടു. ഭഗവാൻ പുര എന്ന സ്ഥലത്തെത്തുന്നതിന് മുമ്പ് അവർ അത് കഴിച്ചുകൊള്ളും എന്നാണ് വിചാരിച്ചത്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. അവർ ആ ഭക്ഷണം വഴിയിൽ വലിച്ചെറിഞ്ഞു. രാം സ്വരൂപ് ശർമ്മയെന്ന ബ്രാഹ്മണന്റെ വീട്ടിലായിരുന്നു അവരുടെ ആഹാരം. അയിത്തത്തിലും ജാതിവിവേചനത്തിലും വിശ്വസിക്കുന്നില്ലെന്ന് പറയുകയും ഒറ്റക്കെട്ടായ ഹിന്ദു സമൂഹത്തെപ്പറ്റി വാചകക്കസർത്ത് നടത്തുകയും ചെയ്യുന്ന സംഘ്പരിവാറിന്റെ കാപട്യം ഭവർ മെഘ് വൻഷി ഇത്തരം അനുഭവങ്ങളിലൂടെയാണ് വ്യക്തമാക്കുന്നത്. പട്ടികജാതി /വർഗക്കാർക്ക് പ്രത്യേക ഭക്ഷണമൊരുക്കുമ്പോൾ പിന്നോക്ക ജാതിക്കാരനായ കെ. സുരേന്ദ്രൻ വിവേചനത്തിന്റെ മതിൽ പണിയുകയാണ് ചെയ്യുന്നത്. പിന്നോക്ക ജാതിക്കാരനായ കെ. സുരേന്ദ്രനും ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന രാമരാജ്യത്തിലെ സനാതനികൾക്കുമിടയിൽ മറ്റൊരു മതിലുമുണ്ട് എന്നുകൂടി പറയണം. ഇരു കൂട്ടർക്കും പൊതുശത്രു വേറേയുണ്ടുതാനും.


പൊതുശത്രുവിനെ നേരിടാൻ


ഈ പൊതുശത്രുവിനെ നേരിടാൻ ബി.ജെ.പി വലിയൊരളവോളം ഉപയോഗിക്കുന്ന സൂത്രമാണ് പിന്നോക്ക വിഭാഗങ്ങളേയും ദലിതരേയും ഹിന്ദുത്വത്തിന്റെ കുടക്കീഴിലേക്ക് കൊണ്ടുവരിക എന്നത്. ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ ഹിന്ദുമതത്തിലേക്കുള്ള എൻട്രി പാസ് കിട്ടാനുള്ള സമരമായി പല ദലിതരും കരുതുന്നു. അത് കിട്ടിയാൽ തീരുമോ പ്രശ്നങ്ങൾ. ഭവർ മെഘ്‌വൻഷി തന്നെയും തന്റെ പുസ്തകത്തിൽ ചോദിക്കുന്നത് ഇങ്ങനെയാണ്:


‘നമുക്ക് ഒരിടവുമില്ലാത്ത ഹിന്ദുരാഷ്ട്ര നിർമിതിയിൽ നാം പങ്കാളികളാവുന്നതെന്തിനാണ്? ഹിന്ദു- ഹിന്ദു ഭായി ഭായി എന്ന കപട മുദ്രാവാക്യത്തിനപ്പുറം സംഘവും അതിന്റെ സഹ സംഘടനകളും തങ്ങൾക്ക് കീഴിലുള്ള സ്വയം സേവകരിലും പ്രചാരകന്മാരിലും ദേശീയ നിർവാഹക സമിതിയിലും എത്ര ദലിതരും ആദിവാസികളുമുണ്ടെന്ന കണക്ക് രാജ്യത്തിന് മുന്നിൽ വെക്കട്ടെ’.


എന്നാൽ അത്ര ലളിതമല്ലല്ലോ പ്രശ്നം. ഹിന്ദുത്വ മണ്ഡലങ്ങളിൽ പിന്നോക്കക്കാർക്ക് സ്ഥാനം ലഭിക്കുന്ന സംവരണ പ്രക്രിയകൾകൊണ്ട് ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമാവില്ല. സംഘ്പരിവാറിന്റെ വിഷപ്പല്ല് ഊരാൻ അത് പര്യാപ്തവുമല്ല. മറിച്ച് താഴ്ന്ന ജാതിക്കാരെക്കൂടി ഹിംസാത്മക ഹിന്ദുത്വത്തിന്റെ ഭാഗമാക്കാനേ അതുപകരിക്കുകയുള്ളു. അമ്പലത്തിൽ കയറാനുള്ള അവകാശത്തിനുവേണ്ടി പൊരുതുന്നതും അമ്പലക്കമ്മിറ്റിയിൽ സ്ഥാനം കിട്ടാൻ വേണ്ടി പൊരുതുന്നതും രണ്ടും രണ്ടാണ്. പൊതു ശത്രുവിനെതിരേ വിപുലമായ ഹിന്ദുഐക്യനിര രൂപപ്പെടുകയായിരിക്കും അതിന്റെ ഫലം. അതിനാൽ എസ്.സി/എസ്.ടി നേതാക്കളെ പ്രത്യേകമായി ഭക്ഷണത്തിന് ക്ഷണിച്ചതിലെ ജാതിവിവേചനത്തിലേറെ നമുക്ക് ബേജാറ് തോന്നേണ്ടത് ഡിന്നർ ഡിപ്ലോമസിയിലൂടെ അവരെ ഹിംസാത്മക ഹിന്ദുത്വത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നതിലെ അപകടത്തിലേക്കാണ്. കൂടുതൽ അശോക് മോച്ചിമാർ ഇനിയും കുത്ത്ബുദ്ദീൻ അൻസാരിമാർക്ക് നേരെ ത്രിശൂലമോങ്ങുകയായിരിക്കും അതിന്റെ ഫലം.


ഉള്ളിലേക്ക് കഴിക്കുന്നതും പുറത്തേക്ക് വിസർജിക്കുന്നതുമായ വസ്തുക്കൾ ഉയർച്ചതാഴ്ച്ചകളെ നിർണയിക്കുന്നു എന്നതൊരു വസ്തുതയാണ്. ദലിതർക്കും മുസ് ലിംകൾക്കും നിന്ദ്യത കൽപിക്കപ്പെടാൻ പ്രധാന കാരണം അവരുടെ ആഹാരം തന്നെയാണ്. ഈ ആഹാരവുമായി ബന്ധപ്പെടുത്തിയാണ് അവരുടെ ശുചിത്വ നിലവാരത്തേയും സാംസ്ക്കാരിക ബോധത്തേയും കുറിച്ചുള്ള ധാരണകൾ രൂപപ്പെടുന്നത്. ഇന്ത്യയിൽ വ്യാപകമായി പടർന്നുപിടിക്കുന്ന വെജിറ്റേറിയനിസത്തിന്റെ അടിത്തട്ടിൽ ഇങ്ങനെയൊരു സാംസ്കാരിക വിവേചനവും വിഭജനവുമുണ്ട്. വൻ നഗരങ്ങളിൽ പലപ്പോഴും മാംസാഹാരം കഴിക്കുന്നവർക്ക് താമസസ്ഥലം കിട്ടുന്നില്ല. എന്ന് മാത്രമല്ല ഫ്ലാറ്റ് സമുച്ചയങ്ങളിലും മറ്റും താമസക്കാർ മാംസം പാകം ചെയ്യുന്നുണ്ടോ എന്ന് കണ്ടുപിടിക്കാൻ ജാഗ്രതാ സമിതികളുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ ജാഗ്രതാ സമൂഹത്തിന്റെ ദൃഷ്ടിയിൽപ്പെടാത്ത തരത്തിൽ നാഴികകളോളം സഞ്ചരിച്ചാണ് ഉപേക്ഷിക്കുന്നത്. മാംസാഹാരം/സസ്യാഹാരം എന്ന ദ്വന്ദം മധ്യവർഗക്കാർക്കിടയിൽ സൃഷ്ടിക്കപ്പെട്ടതിനൊപ്പം സാംസ്കാരികമായ ഔന്നത്യം/അധമത്വം എന്നൊരു ദ്വന്ദവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുസ് ലിംകൾക്കും ദലിതർക്കുമിടയിലേക്ക് വെജിറ്റേറിയനിസം ശക്തമായി കടത്തിവിടുന്ന പ്രവണതക്ക് പിന്നിൽ അവരെ സംസ്കരിച്ചെടുക്കാനുള്ള സനാതനധർമികളുടെ വ്യഗ്രതതന്നെയാണുള്ളത്.


ഇത്തരം കാഴ്ചപ്പാടുകളുടെ സാംസ്കാരിക വിവക്ഷകളെക്കുറിച്ച് ആഴത്തിൽ പഠിക്കുമ്പോൾ ഭക്ഷണം അപരനിന്ദയുടെ ഉപാധിയായി വർത്തിക്കുന്നത് കാണാം. നമ്പൂതിരി അച്ചാറിനും ബ്രാഹ്മിൻസ് കറിപ്പൊടിക്കുമുള്ള വരേണ്യത ആദിവാസി റെസിപ്പികൾക്കുണ്ടാവില്ലല്ലോ. എന്നു മാത്രമല്ല എം.പി ശങ്കുണ്ണി നായരെപ്പോലെയുള്ള വരേണ്യ വിമർശകർ ഭക്ഷണശീലത്തെ സാഹിത്യത്തിന്റെ ഗുണമേന്മയിലേക്കുപോലും പരിവർത്തിപ്പിച്ചിട്ടുണ്ട്. കവിതയിൽ മുസ് ലിംകളും അധഃസ്ഥിതസമൂഹങ്ങളും മികവുകാട്ടുന്നില്ലെന്നും അതിനു കാരണം അത് ബിരിയാണി വിളമ്പുന്ന വിരുന്നല്ല സവർണ സദ്യയാണ് എന്നുമാണ് ശങ്കുണ്ണി നായരുടെ പണ്ഡിതോചിതമതം.


ഉള്ളിലേക്കു കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലുള്ള വിവേചനംപോലെ തന്നെ പ്രധാനമാണ് പുറത്തേക്ക് വിസർജിക്കുന്ന വസ്തുക്കൾ അടിച്ചേൽപ്പിക്കുന്ന അസ്പൃശ്യതയും. തോട്ടികൾക്കും അലക്ക് തൊഴിലിലേർപ്പെടുന്ന സമൂഹങ്ങൾക്കും പ്രസവ ശുശ്രൂഷ നടത്തുന്ന സമുദായങ്ങൾക്കുമുള്ള അസ്പൃശ്യത. തോട്ടികൾ മലമെന്ന വിസർജ്യം കൈകാര്യം ചെയ്യുന്നു. അലക്കുകാർ വിയർപ്പ് എന്ന വിസർജ്യത്തിന്റെ നിറവും മണവും കഴുകി വെളുപ്പിച്ച് ഇല്ലാതാക്കുന്നു. വയറ്റാട്ടിമാർ പേറ്റു ചോര കൈകാര്യം ചെയ്യുന്നു. മലം,വിയർപ്പ്, ചോര എന്നീ വിസർജ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഉച്ചനീചത്വങ്ങൾ നിർണയിക്കപ്പെടുന്നതെന്ന് ചുരുക്കം. അതനുസരിച്ച് ചില സമുദായങ്ങൾ അയിത്തജാതിക്കാരായി. ഇറച്ചി തിന്നുന്നവർ മോശക്കാരായി. മാംസം കഴിക്കുന്നതിനാൽ മുസ് ലിംകൾ ക്രൂരസ്വഭാവികളാണെന്നു കരുതുന്ന പോലെയുള്ള അസംബന്ധയുക്തി ഈ വിസർജ്യാധിഷ്ഠിത വിവേചനത്തിലുമുണ്ട്.


പിൻകുറി: ഒരു സാംസ്കാരിക ജാഥ, അല്ലെങ്കിൽ പാർട്ടി ജാഥ; നഗരത്തിലെ സാംബവ കോളനിയിൽ സ്വീകരണം. സാംബവരെന്നാൽ പറയർ. പണ്ടു ചത്ത മൃഗങ്ങളുടെ മാംസം കഴിച്ചിരുന്നു എന്ന് പറയപ്പെടുന്നവർ, പലരും തോട്ടിപ്പണിക്കാർ. ജാഥാംഗങ്ങൾക്ക് ഉച്ചഭക്ഷണം കോളണിയിൽ ഏർപ്പാടാക്കിയിരുന്നു. പക്ഷേ ഊണ് വിളമ്പാൻ നേരമായപ്പോൾ പല നേതാക്കന്മാർക്കും വയറ്റിനു സുഖമില്ല, വേറെ ചിലർക്ക് വിശപ്പില്ല, ഇനിയും ചിലർക്ക് ഡയറ്റിങ്. ഭക്ഷണത്തിന്റെ രാഷ്ട്രീയത്തെപ്പറ്റി ഇനി കൂടുതൽ പറയണോ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  13 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  13 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  13 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  13 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  13 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  13 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  13 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  13 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  13 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  13 days ago