ഗസല്‍മഴ പെയ്‌തൊഴിഞ്ഞു, ഇനി പങ്കജ് സ്വരം ഓര്‍മ
ഗസല്‍മഴ പെയ്‌തൊഴിഞ്ഞു, ഇനി പങ്കജ് സ്വരം ഓര്‍മ
ബംഗളൂരു: ഭാവതീവ്രമായ ശബ്ദത്തിലും അനിതര സാധാരണമായ അവതരണശൈലിയിലും ഗസല്‍മഴ പെയ്യിച്ച് അനുഭൂതി നിറച്ച ഗസല്‍ മാന്ത്രികന്‍ ഇനി ഓര്‍മ. ഭാഷകളോ ദേശാതിര്‍ത്തികളോ വ്യത്യാസമില്ലാതെ പ്രണയാതുരമായ ഗാനങ്ങള്‍ സമ്മാനിച്ച പങ്കജ് ഉധാസ് മറയുമ്പോള്‍ ഇന്ത്യന്‍ സംഗീയ ശാഖയ്ക്ക് മറ്റൊരു യുഗാന്ത്യം കൂടിയാവുകയാണ്.
ഖയാലില്‍ നിന്ന് പിറവിയെടുത്തതെങ്കിലും അതിന്റെ സങ്കീര്‍ണതകള്‍ ഒട്ടുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഗസലിനെ ജനകീയമാക്കിയ ഗായകന്‍ കൂടിയാണ് പങ്കജ്. ആത്മാവിനോട് പാടുന്ന പാട്ടുകാരന്‍ എന്നാണ് ഗസല്‍ ആസ്വാദകര്‍ പങ്കജിനെ വിശേഷിപ്പിച്ചത്. അത്രമേല്‍ ഹൃദ്യമായിരുന്നു ആലാപനമികവ്.
സൈഗാള്‍, ജഗജിത് സിങ്, തലാത്ത് മുഹമ്മദ് എന്നീ ഗസല്‍ രാജാക്കന്‍മാരുടെ ഇടയിലാണ് തന്റെ സ്വരമാധുരി കൊണ്ടും ആലാപനത്തിലെ സവിശേഷമായ ശൈലികൊണ്ടും പങ്കജ് ഉധാസ് ഉയര്‍ന്നുവന്നത്. ഗസല്‍ അഭ്യസിക്കാനായി മാത്രം ഉറുദു പഠിച്ച പങ്കജ് ഉധാസ് പിന്നീട് ഹിന്ദിയിലും ഗസല്‍ ആലപിച്ചു. 1970കളുടെ തുടക്കത്തില്‍ ഉഷാ ഖന്ന ചിട്ടപ്പെടുത്തിയ ഗാനം കാമ്‌ന എന്ന ചലച്ചിത്രത്തിനു വേണ്ടി പങ്കജ് പാടിയെങ്കിലും ആ ചിത്രം റിലീസ് ചെയ്തില്ല. ഗാനം വേണ്ടവിധത്തില്‍ ശ്രദ്ധനേടാത്തതിനെ തുടര്‍ന്ന് പത്ത് വര്‍ഷത്തോളം പിന്നണി ഗാനശാഖയില്‍നിന്ന് പിന്‍വാങ്ങി. പിന്നീട് ലക്ഷ്മി കാന്ത് പ്യാരേലാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിട്ടി ആയി ഹൈ… എന്ന ഗാനത്തോടെ ബോളിവുഡില്‍ പങ്കജ് നിറസാന്നിധ്യമായി മാറി.
ആദ്യകാലങ്ങളില്‍ ആല്‍ബങ്ങളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയുമാണ് പങ്കജ് ഗസലുകള്‍ അവതരിപ്പിച്ചത്. പിന്നീട് സിനിമകളിലും ഗസല്‍ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പങ്കജിന്റെ ഗാനങ്ങള്‍ ഏറെ പ്രിയപ്പെട്ടവയായി മാറി. ചിട്ടി ആയി ഹൈ, കിസി നേ ഭി തോ ന ദേഖാ, ആയേ ഗം യേ സിന്തഗി കുച്ച് തോ ദേ മഷ്വര, തോഡി തോഡി പിയാ കരോ തുടങ്ങിയ ഗാനങ്ങള്‍ കാലാതീതമായ ആസ്വാദനസുഖമാണ് പകരുന്നത്. ചുപ്‌കെ ചുപ്‌കെ, യുന്‍ മേരെ ഖാത്ക, ക്യാ മുജ്‌സെ ദോസ്തി കരോഗെ, മൈഖാന സേ, ഗൂന്‍ ഗാത്, പീനേ വാലോ സുനോ, റിഷ്‌തെ ടൂതെ, ഏക് തരഫ് ഉസ്‌ക ഗര്‍ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ഗസല്‍ സംഗീതാസ്വാദകരുടെ മനസിലെ ഇഷ്ടഗാനങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."