അബുദാബി സായിദ് എയര്‍പോര്‍ട്ടില്‍ ആരോഗ്യ സേവനങ്ങള്‍ക്ക് ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സിനെ തെരഞ്ഞെടുത്തു
യാത്രക്കാര്‍ക്ക് സൗജന്യമായി മികച്ച ചികിത്സ നല്‍കുന്ന ക്‌ളിനിക് ബുര്‍ജീല്‍ തുറക്കും.
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൊന്നായ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കൈ കോര്‍ത്ത് അബുദാബി എയര്‍പോര്‍ട്‌സ് കമ്പനിയും ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സും. പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള ശേഷിയും ഏറ്റവും പുതിയ ബയോമെട്രിക്, സ്‌ക്രീനിംഗ് സാങ്കേതിക വിദ്യയുമുള്ള വിമാനത്താവളത്തില്‍ മുഴുവന്‍ സമയ ആരോഗ്യ സേവനങ്ങളിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ കമ്പനികളുടെ പങ്കാളിത്തം. എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനലില്‍ 24 മണിക്കൂറും, എല്ലാ ദിവസവും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ക്‌ളിനിക് ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സിന് കീഴിലുള്ള ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി (ബിഎംസി) ഉടന്‍ തുറക്കും. ഇതിനായുള്ള കരാറില്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു.
വിമാനത്താവളത്തില്‍ നിന്ന് പുറത്തു പോകാതെ തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും യാത്രാ തടസ്സങ്ങള്‍ കുറയ്ക്കാനുമാണ് ക്‌ളിനിക്കിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് യാത്രക്കാരുടെ ആരോഗ്യനില മെച്ചപ്പെടുത്താനുള്ള സൗജന്യ ചികിത്സ ഇവിടെ ലഭ്യമാക്കും. ആശുപത്രി പ്രവേശനം ആവശ്യമുള്ളവരെ എയര്‍പോര്‍ട്ടിനടുത്തുള്ള ബിഎംസിയിലേക്ക് മാറ്റും.
ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സിലെ ആരോഗ്യ രംഗത്തെ വൈദഗ്ധ്യത്തിലൂടെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ അത്യാധുനിക ആരോഗ്യ ശൃംഖലയുമായി ബന്ധിപ്പിക്കാനും യാത്രക്കാരുടെ അനുഭവം പുനര്‍നിര്‍വചിക്കാനുമാണ് ശ്രമം. സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സുമായും ബിഎംസിയുമായും പങ്കാളികളാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അബുദാബി എയര്‍പോര്‍ട്ട്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എലീന സോര്‍ലിനി പറഞ്ഞു. വിമാനത്താളവത്തിലെത്തുന്ന യാത്രക്കാര്‍ക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുമെന്ന് ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ വ്യക്തമാക്കി.
എലീന സോര്‍ലിനിയും ഡോ.ഷംഷീറുമാണ് സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ചടങ്ങില്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് സിഇഒ ജോണ്‍ സുനില്‍, ഗ്രൂപ് സിഒഒ സഫീര്‍ അഹമ്മദ്, ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഉംറാന്‍ അല്‍ ഖൂരി, ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ചീഫ് കോര്‍പറേറ്റ് ഓഫീസര്‍ ഹമദ് അല്‍ ഹൊസാനി, ബിഎംസി ഡെപ്യൂട്ടി സിഇഒ ആയിഷ അല്‍ മഹ്‌രി എന്നിവര്‍ പങ്കെടുത്തു.
സഹകരണത്തിന്റെ ഭാഗമായി അബുദാബി എയര്‍പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ബുര്‍ജീലിന്റെ യുഎഇയിലെ ആശുപത്രികളില്‍ മികച്ച ആരോഗ്യ സേവനങ്ങളും പരിശോധനകളും ലഭ്യമാക്കാനും ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."