പകർക്കുമോ കേരളം ഇൗ വിധിയുടെ പാഠം
രാഷ്ട്രീയ കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ച ടി.പി ചന്ദ്രശേഖരന്റെ അരുംകൊലയിൽ ഹൈക്കോടതിയുടെ നീതി തീർപ്പ്, കൊലപാതക രാഷ്ട്രീയത്തിന്റെ അന്ത്യമാകുമോ? വിചാരണ കോടതിയുടെ വിധിവന്ന് പത്ത് വർഷത്തിനുശേഷമുള്ള ഹൈക്കോടതിയുടെ ഈ വിധിയെഴുത്ത് രാഷ്ട്രീയ കേരളത്തിലെ കൊലപാതക പരമ്പരകൾക്ക് അന്ത്യംകുറിച്ചെങ്കിൽ എന്നാണ് സമാധാനകാംക്ഷികളുടെ പ്രാർഥന.
കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു വടകരയിലെ ടി.പി ചന്ദ്രശേഖരന്റേത്. സി.പി.എം വിട്ട് ആർ.എം.പി രൂപവത്കരിച്ച ടി.പി ചന്ദ്രശേഖരനെ 2012 മെയ് നാലാം തീയതിയാണ് അക്രമി സംഘം 51 വെട്ട് വെട്ടി ക്രൂരമായി കൊലപ്പെടുത്തിയത്. സംസ്ഥാന രാഷ്ട്രീയത്തേയും സി.പി.എമ്മിനേയും പിടിച്ചുലച്ചു ഈ അരുംകൊല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്ന അന്വേഷണത്തിനൊടുവിൽ കൊലയാളികളും കൂട്ടുനിന്നവരും അറസ്റ്റിലായി. വിചാരണാ വേളയിൽ 50 ലേറെ സാക്ഷികൾ കൂറുമാറി. ഒടുവിൽ കേസിൽ വിചാരണ നേരിട്ട 36 പേരിൽ 24 പേരെ വെറുതെ വിട്ടും 12 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുമായിരുന്നു വിചാരണക്കോടതി 2014ൽ വിധി പറഞ്ഞത്. ഇതിനെതിരേ ടി.പിയുടെ ഭാര്യയും എം.എൽ.എയുമായ കെ.കെ രമ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ തീർപ്പ്.
കേസിലെ ഒന്നു മുതൽ അഞ്ച് വരെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ശരിവച്ച കോടതി, ഗൂഢാലോചനാ കുറ്റംചുമത്തി മറ്റൊരു ജീവപര്യന്തംകൂടി വിധിച്ചു. വിചാരണാ കോടതി വെറുതെ വിട്ട സി.പി.എം നേതാക്കളായ കെ.കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തവും വിധിച്ചു. കെ.കെ രമക്ക് ഏഴര ലക്ഷവും മകന് അഞ്ചു ലക്ഷവും നഷ്ടപരിഹാരം നൽകാനും ഉത്തരവായി. രണ്ടു പ്രതികൾക്ക് പ്രായാധിക്യം പരിഗണിച്ച് പരോളിന് അർഹത നൽകിയപ്പോൾ ബാക്കി പ്രതികളെല്ലാം തടങ്കലിൽതന്നെ ശിക്ഷാകാലം കഴിയണമെന്നും കോടതി ഉറപ്പുവരുത്തി.
സി.പി.എം നേതാക്കളും പ്രവർത്തകരും പ്രതിയാക്കപ്പെട്ട കേസായിരുന്നുവെങ്കിലും കൊലപാതകം വ്യക്തിപരമെന്ന നിലപാടിലായിരുന്നു പാർട്ടി ഇക്കാലമത്രയും. പാർട്ടി വേദികളിലും പൊതുയോഗങ്ങളിലും മുതിർന്ന നേതാക്കൾ മുതൽ പലവുരു ഇത് ഉരുവിട്ടതാണ്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ ഉൾപ്പെടെയുള്ള നേതാക്കളെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധിയായിരുന്നു ഈ പാർട്ടിവാദത്തിന് ബലമേകിയതും. പി. മോഹനനെ വെറുതെ വിട്ടത് ഹൈക്കോടതിയും ശരിവച്ചുവെങ്കിലും ഒഴിവാക്കിയ പാർട്ടിയുടെ രണ്ട് നേതാക്കളെ കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവ് വിധിച്ചത് സി.പി.എം ബന്ധത്തിന്റെ അറുത്തുമാറ്റാനാകാത്ത കണ്ണിചേർക്കൽ തന്നെയാണ്. സി.പി.എം നേതാക്കളായ കെ.സി രാമചന്ദ്രൻ, പി.കെ കുഞ്ഞനന്തൻ, സി.എച്ച് അശോകൻ, കെ.കെ കൃഷ്ണൻ, ജ്യോതി ബാബു ഇങ്ങനെ നീളുന്നു പ്രതിപ്പട്ടിക. ഇതിൽ ഏരിയാ കമ്മിറ്റി അംഗം കൂടിയായ പി.കെ കുഞ്ഞനന്തൻ ശിക്ഷാകാലയളവിൽ മരിച്ചിരുന്നു. ഇവർക്കെല്ലാം ടി.പിയോടുണ്ടായിരുന്നത് വ്യക്തിപരമായ വിരോധമായിരുന്നുവെന്ന് വാദിച്ച സി.പി.എമ്മിനോടാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത് ഇത് രാഷ്ട്രീയ കൊല തന്നെയാണെന്ന്. ജനാധിപത്യത്തിന് ഒട്ടുംഭൂഷണമല്ല ഇത്തരം അരുംകൊലകൾ. രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്താൻ പ്രത്യയശാസ്ത്ര നിതീകരണം കാണുന്നവരുടെ കണ്ണുതുറപ്പിക്കണം ഈ വിധി. മറ്റൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിനുവേണ്ടി സി.പി.എം സ്ഥാനാർഥി പട്ടിക പുറത്തിറക്കിയ ദിവസം തന്നെ ഞെട്ടൽ മാറാത്ത ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ വിധി വന്നതും യാദൃച്ഛികമാകാം.
ഇക്കഴിഞ്ഞ 19ന് പ്രതികളുടെ ശിക്ഷാവിധി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ആരംഭിച്ചത് നോബേൽ ജേതാവ് അമർത്യാസെന്നിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു. ‘അക്രമോത്സുകമായ വിശ്വാസ കടന്നുകയറ്റത്തിലൂടെയല്ല, സമാധാനപരമായ ആശയപ്രസരണങ്ങളിലൂടെയാണ് ജനാധിപത്യം പരിപോഷിക്കുക. രാഷ്ട്രീയാതിക്രമങ്ങൾ ജനാധിപത്യമൂല്യങ്ങളെ ഹനിക്കുന്ന വിഷമാണ്’. ഈ വരികളുടെ തുടർച്ചയായി വിധി പ്രസ്താവിച്ചു ഹൈക്കോടതി പറഞ്ഞു: ‘വിയോജിപ്പിനുള്ള പൗരാവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണിത്’. ചന്ദ്രശേഖരന്റെ കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ അക്രമമാണെന്ന കോടതി നിരീക്ഷണം ആരുടെയെങ്കിലും കണ്ണുതുറപ്പിക്കുമെങ്കിൽ രാഷ്ട്രീയത്തിൽ അത് ഗുണപരമായ മാറ്റങ്ങൾക്കായിരിക്കും വഴിവെക്കുക. രാഷ്ട്രീയ കൊലപാതകങ്ങളെ നിസാരമായി കാണാനാകില്ലെന്നും ഇത്തരം കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകി കൊലപാതകങ്ങൾ എന്നേക്കുമായി അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വധശിക്ഷയിലേക്ക് കടക്കാതെ പ്രതികൾക്ക് മാനസാന്തരത്തിനുള്ള അവസരം തുറന്നിട്ടുള്ള ശിക്ഷ നീതിപീഠത്തിന്റെ പൗരാവകാശബോധത്തിന്റെ തെളിവുകൂടിയാണ്. അതേസമയം, രാഷ്ട്രീയ കൊലപാതകങ്ങൾ അസാധാരണമല്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തിലെ ആപൽക്കരം കാണാതിരിക്കരുത്.
കേരളത്തിൽ ഒന്നിടവിട്ടായിരുന്നു ഭരണത്തിലേറിയിരുന്നതെങ്കിലും പ്രതിപക്ഷത്തായിരിക്കുമ്പോഴും ഭരണപക്ഷത്തായിരിക്കുമ്പോഴുമെല്ലാം രാഷ്ട്രീയാതിക്രമത്തിന്റെ ഒരുപക്ഷത്ത് സി.പി.എമ്മായിരുന്നുവെന്ന് കാണാതിരിക്കാനാവില്ല. എല്ലാ കൊലപാതകങ്ങളിലും നേതൃത്വത്തിന്റെ ആസൂത്രണവും മേൽനോട്ടവുമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇപ്പോൾ സി.ബി.ഐ അന്വേഷണ പരിധിയിലുള്ള യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിന്റെ കൊലപാതകത്തിലുൾപ്പെടെ സി.പി.എം നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്. പക്ഷേ കൊലപാതകങ്ങളിലെ ഗൂഢാലോചന ഒരിക്കലും വെളിപ്പെടാറില്ല. എന്നാൽ ടി.പി ചന്ദ്രശേഖരൻ കേസിൽ ഈ ഗൂഢാലോചന കൂടിയാണ് കോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നത്. ടി.പി വധത്തിനു ശേഷം നടന്ന ഒരു ഡസനോളം രാഷ്ട്രീയ കൊലക്കേസുകൾ ഇപ്പോഴും വിചാരണ കാത്ത് കിടക്കുന്നുണ്ട്. അവയിലേറെയും സി.പി.എം ഭരണകാലത്ത് നടന്നതാണ്.
ആശയഭിന്നതയിൽ ഏറ്റുമുട്ടിയവർ സഖ്യത്തിലേർപ്പെട്ട് അനുരഞ്ജനത്തിലേക്ക് കൂടുമാറുന്നതാണ് വർത്തമാനകാല രാഷ്ട്രീയം. ഇത്തരം നേതാക്കളുടെ നീണ്ടനിര നമുക്ക് കാണാനാകും. വിപ്ലവശ്രമങ്ങൾ പ്രതിവിപ്ലവ ശക്തികൾക്ക് അടിയറവച്ച് ശിഷ്ടകാല രാഷ്ട്രീയജീവിതം സമ്പന്നമാക്കിയവരും ഏറെയുണ്ട്. ഇതിനെല്ലാം തികച്ചും വ്യത്യസ്തനായി നിലപാടുകൾ മുറുകെപിടിച്ചതിന് ക്രൂരമായി കൊലചെയ്യപ്പെട്ടയാളാണ് ടി.പി ചന്ദ്രശേഖരൻ. അതിനാൽതന്നെ രാഷ്ട്രീയ കേരളത്തിന്റെ മനസ്സാക്ഷിക്ക് ആ 51 വെട്ട് ഏൽപ്പിച്ച ആഘാതം ചെറുതല്ല. കൊന്നവർക്ക് തക്ക ശിക്ഷയെന്ന ഒത്തുതീർപ്പിലേ ടി.പിയെന്ന പേരിനൊപ്പമുള്ള രക്തക്കറ മായുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."