ദുബൈയില്‍ ഓണ്‍ട്രപ്രണര്‍ഷിപ് മേകേഴ്‌സ് ഫോറം സംഘടിപ്പിച്ചു
ദുബൈ: യുവസംരംഭകരെ പിന്തുണക്കാനും അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ട് ദുബൈയില്‍ ഓണ്‍ട്രപ്രണര്‍ഷിപ് മേകേഴ്‌സ് ഫോറം സംഘടിപ്പിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബൈ (ജിഡിആര്‍എഫ്എഡി) ആഭിമുഖ്യത്തില്‍ അല്‍ ഖവാനീജ് മജ്‌ലിസില്‍ നടന്ന ഫോറത്തില്‍ സാമ്പത്തിക വിദഗ്ധര്‍, വ്യവസായികള്‍, വനിതാ സംരംഭകര്‍ പങ്കെടുത്തു. ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി ഉദ്ഘാടനം ചെയ്ത ഫോറത്തില്‍ യുവ സംരംഭകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍, സംരംഭകത്വം വികസിപ്പിക്കാനുള്ള നൂതന മാര്‍ഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. കൂടാതെ, വിജയിച്ച സംരംഭകരുടെ അനുഭവങ്ങളും ആശയങ്ങളും പങ്കിടുന്ന വിവിധ സെഷനുകളുമുണ്ടായിരുന്നു.
ജിഡിആര്‍എഫ്എഡിക്ക് പുറമെ, ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി (സിഡിഎ), ദുബൈ എകണോമിക് ആന്‍ഡ് ടൂറിസം അഥോറിറ്റി (ഡിഎടിഎ), നാചുറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി പ്രോസിക്യൂഷന്‍ (എന്‍ആര്‍പി), മുഹമ്മദ് ബിന്‍ റാഷിദ് എസ്റ്റാബ്‌ളിഷ്‌മെന്റ് (എംബിആര്‍ഇ) തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത മേധാവികള്‍ ചടങ്ങില്‍ സംസാരിച്ചു.
ഒരു ദശാബ്ദത്തിലേറെയായി ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സംരംഭകരെയും ജിഡിആര്‍എഫ്എഡി സജീവമായി പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തു വരുന്നുണ്ടെന്ന് അല്‍ മര്‍റി പറഞ്ഞു. സംരംഭക മേഖലയിലെ വളര്‍ച്ചക്കും സ്ഥിരതക്കും ഉദ്യോഗസ്ഥ പിന്തുണ ആവശ്യമാണ്. സാമൂഹികവും ദേശീയവുമായ ആശങ്കകള്‍ അഭിസംബോധന ചെയ്യുന്നതില്‍ വാണിജ്യ മേഖല വഹിക്കുന്ന സുപ്രധാന പങ്കിനെ അടിവരയിട്ട്, സംരംഭകത്വ ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും സ്വാധീനം വര്‍ധിപ്പിക്കാനും ശാക്തീകരിക്കാനും കാര്യമായ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ചടങ്ങില്‍ കൂട്ടിച്ചേര്‍ത്തു.
ദുബായിലെ എല്ലാ ബിസിനസുകളെയും പിന്തുണക്കാന്‍ തങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നുവെന്ന് സിഡിഎ ഡയറക്ടര്‍ ജനറല്‍ ഹിസ്സ ബൂ ഹുമൈദ് അഭിപ്രായപ്പെട്ടു. ഫോറത്തില്‍ ഉന്നയിക്കപ്പെട്ട ശുപാര്‍ശകള്‍, നിര്‍ദേശങ്ങള്‍, പ്രവര്‍ത്തന തടസ്സങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുമായി ആശയ വിനിമയം നടത്താനുള്ള തന്റെ താല്‍പര്യം ബൂ ഹുമൈദ് ആവര്‍ത്തിച്ചു. ബിസിനസിലെ ലാഭവും സാമൂഹിക ലക്ഷ്യങ്ങളും അവരുടെ ബിസിനസ് മോഡലുകളില്‍ എങ്ങനെയാണ് പ്രാവര്‍ത്തികമാക്കേണ്ടതെന്ന് സംരംഭകരെ ഫോറത്തില്‍ ഉണര്‍ത്തി.
വിജയിച്ച സ്ത്രീ, പുരുഷ സംരംഭകരുടെ സംഭാഷണങ്ങളും ബിസിനസ് പ്രദര്‍ശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."