റമദാനിൽ ഭക്ഷണ വിൽപന നടത്താൻ പ്രത്യേക അനുമതി വേണമെന്ന് ഷാർജ മുനിസിപ്പാലിറ്റി
ഷാർജ: റമദാനിൽ പകൽ സമയത്ത് ഭക്ഷണം വിൽപന നടത്താനും ഇഫ്‌താർ വിഭവങ്ങൾ കച്ചവടം ചെയ്യാനും പ്രത്യേക അനുമതി നിർബന്ധമാണെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. മാളുകളിലും ഷോപ്പിങ് സെൻ്ററുകളിലും പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കും ഈ നിയമം ബാധകമാണ്.
റമദാനിൽ പകൽ സമയത്ത് വ്യവസ്ഥകൾ പാലിച്ച് ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകാനും, വൈകുന്നേരങ്ങളിൽ ഇഫ്‌താർ വിഭവങ്ങൾ കടകൾക്ക് മുന്നിൽ വെച്ച് വിൽപന നടത്താനും പ്രത്യേക അനുമതി നൽകുന്ന നടപടി ഷാർജ മുനിസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്. പകൽ സമയത്ത് ഭക്ഷണം വിൽപന നടത്താനുള്ള അനുമതിക്ക് 3000 ദിർഹം ഫീസ് ഈടാക്കും. വൈകുന്നേരം ഇഫ്‌താർ വിഭവങ്ങൾ വിൽക്കാനുള്ള അനുമതിക്ക് 500 ദിർഹം ഫീസ് നൽകണം.
പകൽ സമയത്ത് ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾ പ്രത്യേകം മറച്ച സ്ഥലങ്ങളിലാണ് അവ കൈമാറേണ്ടത്. ഡൈനിങ് ഏരിയയിൽ ഭക്ഷണം വിളമ്പാൻ പാടില്ല.
റെസ്റ്റോറന്റിന്റെ അടുക്കളയിൽ മാത്രമേ ഭക്ഷണം പാകം ചെയ്യാൻ പാടുള്ളു. ഇഫ്താറിന് വിഭവങ്ങൾ പ്രദർശിപ്പിക്കുന്നവർ ഗ്ലാസ് അലമാരയിൽ നിശ്ചിത താപനിലയിലാണ് അവ സൂക്ഷിക്കേണ്ടത്. പൊടിതട്ടാതെ അലുമിനിയം ഫോയിലിലോ പ്ലാസ്റ്റിക് കവറിലോ പൊതിഞ്ഞിരിക്കണമെന്നും നഗരസഭ നിർദേശിക്കുന്നു.
Content Highlights:Sharjah Municipality requires special permission to sell food during Ramadan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."