സിദ്ധാര്‍ഥിന്റെ മരണം: 12 പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും
സിദ്ധാര്‍ഥിന്റെ മരണം: 12 പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും
വൈത്തിരി: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ബി.വി.എസ്.സി വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ 12 പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കും. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് നീക്കം. കോളജ് യൂണിയന് പ്രസിഡന്റും എസ്.എഫ്.ഐ സെക്രട്ടറിയും ഇതിലുള്‍പ്പെടും. കോളജ് യൂണിയന് പ്രസിഡന്റ് കെ. അരുണ്‍, യൂണിയന് അംഗം ആസിഫ് ഖാന്, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍ എന്നിവര്‍ ഒളിവിലാണ്.
ചോദ്യം ചെയ്യാന്‍ വേണ്ടി സര്‍വകലാശാല വിദ്യാര്‍ഥികളായ എട്ടുപേരെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതില്‍ ആറ് പേരെ ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒളിവിലുള്ള 12 പേരില്‍ പെടാത്തവരാണ് അറസ്റ്റിലായത്. ബത്തേരി സ്വദേശി ബില്‍ഗേറ്റ് ജോഷ്വാ (23), ഇടുക്കി സ്വദേശി അഭിഷേക് എസ് (23), തിരുവനന്തപുരം സ്വദേശി ആകാശ് എസ്.ഡി. (22), തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായി (23), തിരുവനന്തപുരം സ്വദേശി രഹന് ബിനോയ് (20), തിരുവനന്തപുരം സ്വദേശി ശ്രീഹരി ആര്.ഡി (23) എന്നിവരെയാണ് കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. എല്ലാവരും എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. അന്യായമായി തടഞ്ഞുവെക്കല്‍, അടിച്ചു പരിക്കേല്പിക്കല്, റാഗിങ്ങ്, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് അറസ്റ്റ്.
പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെന്ന് സിദ്ധാര്‍ത്ഥന്റെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു. കഴിഞ്ഞ 18നാണ് രണ്ടാം വര്‍ഷ ബി.വി.എസ്.സി വിദ്യാര്‍ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാര്‍ഥനെ ക്യാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കും മുമ്പ് സിദ്ധാര്ഥന് ക്രൂര മര്‍ദനത്തിനിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."