ആന്ധ്ര ട്രെയിന്‍ ദുരന്തം: ലോക്കോ പൈലറ്റുമാര്‍ മൊബൈലില്‍ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നുവെന്ന് റെയില്‍വേ മന്ത്രി
ആന്ധ്ര ട്രെയിന്‍ ദുരന്തം: ലോക്കോ പൈലറ്റുമാര്‍ മൊബൈലില്‍ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നുവെന്ന് റെയില്‍വേ മന്ത്രി
ന്യൂഡല്‍ഹി: 2023 ഒക്ടോബറില്‍ ആന്ധ്രപ്രദേശില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കൂട്ടിയിടിച്ച രണ്ടു ട്രെയിനുകളില്‍ ഒന്നിന്റെ ലോക്കോ പൈലറ്റും കോ-ലോക്കോ പൈലറ്റും സംഭവസമയത്ത് മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് കാണുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന പുതിയ സുരക്ഷാ നടപടികളേക്കുറിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
2023 ഒക്‌ടോബര്‍ 29ന് വൈകിട്ട് 7 മണിയോടെയാണ് വിജയനഗരം ജില്ലയിലെ കണ്ടകപ്പള്ളിയില്‍ ഹൗറചെന്നൈ പാതയില്‍ രായഗഡ പാസഞ്ചര്‍ ട്രെയിനും വിശാഖപട്ടണം പലാസ ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അന്ന് 14 പേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
'അടുത്തകാലത്ത് ആന്ധ്രപ്രദേശിലുണ്ടായ അപകടത്തിനു കാരണം ലോക്കോ പൈലറ്റും കോ പൈലറ്റും ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരുന്നതാണ്. ലോക്കോ പൈലറ്റുമാരുടെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെയും ശ്രദ്ധ ട്രെയിന്‍ ഓടിക്കുന്നതില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിനും, ഏതെങ്കിലും തരത്തില്‍ ശ്രദ്ധ പാളുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനുമായി പ്രത്യേക സംവിധാനങ്ങള്‍ സ്ഥാപിക്കും.'' മന്ത്രി പറഞ്ഞു.
അപകടത്തിന് തൊട്ടുപിന്നാലെ റെയില്‍വേ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. റായഗഡ പാസഞ്ചര്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെയും കോ പൈലറ്റിന്റെയും വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ആ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഇവര്‍ സിഗ്‌നലുകള്‍ അവഗണിച്ചുവെന്നും സുരക്ഷാമുന്‍കരുതലുകള്‍ ലംഘിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."