ബാങ്ക് ലോക്കറില്‍ നിന്നും 3 കോടി മൂല്യമുള്ള സ്വര്‍ണം കവര്‍ന്നു;എസ്.ബി.ഐ മാനേജര്‍ അറസ്റ്റില്‍
മുംബൈ: ബാങ്ക് ലോക്കറില്‍ നിന്നും മൂന്ന് കോടിയോളം മൂല്യം വരുന്ന സ്വര്‍ണം മോഷ്ടിച്ച മാനേജര്‍ അറസ്റ്റില്‍. മുംബൈ മുളുന്ദ് വെസ്റ്റില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ മോഷണം നടത്തിയ ബാങ്ക് സര്‍വ്വീസ് മാനേജര്‍ മനോജ് മാരുതിയാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസമാണ് ബാങ്കിലെ മോഷണവിവരം പുറത്തറിയുന്നത്. മനോജിന്റെയും കാഷ് ഇന്‍ ചാര്‍ജ് ആയ ശ്വേത സൊഹാനിയുടെയും കൈയിലായിരുന്നു ലോക്കറിന്റെ രണ്ടു താക്കോലുണ്ടായിരുന്നത്. മനോജ് അവധിയിലായിരുന്ന ദിവസം ബാങ്ക് അഡ്മിനിസ്ട്രേറ്ററായ അമിത് കുമാര്‍ പണവും സ്വര്‍ണാഭരണങ്ങളും സൂക്ഷിക്കാന്‍ ചെന്നപ്പോഴാണ് ലോക്കറില്‍ അസ്വാഭാവികത തോന്നി പരിശോധന നടത്തിയത്.
തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണം മോഷണം പോയതായി വ്യക്തമാകുകയായിരുന്നു. ബാങ്കിലെ രേഖകള്‍ പരിശോധിച്ചതില്‍ 63 ഗോള്‍ഡ് ലോണുകളാണ് അനുവദിച്ചിരുന്നത്. ഇതില്‍ നാല് പാക്കറ്റുകള്‍ മാത്രമാണു ലോക്കറില്‍ അവശേഷിച്ചിരുന്നത്. ബാക്കി 59 പാക്കുകളും കാണാനില്ലായിരുന്നു. തുടര്‍ന്ന് മനോജ് മാരുതിയെ വിളിച്ചു ചോദ്യംചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. വ്യക്തിപരമായ ആവശ്യത്തിനായി തത്ക്കാലം സ്വര്‍ണം ഉപയോഗിച്ചതാണെന്നും ഒരാഴ്ച്ചക്കകം തിരിച്ചെത്തിക്കുമെന്നും മനോജ് പറഞ്ഞെങ്കിലും സംഭവത്തില്‍ ബാങ്ക് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഐ.പി.സി 409 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."