'വംശഹത്യക്ക് കരുത്തു പകരുന്ന സാങ്കേതിക വിദ്യ നിര്‍മ്മിക്കാന്‍ സമ്മതമല്ല' ഇസ്‌റാഈല്‍ ടെക് കോണ്‍ഫറന്‍സിനിടെ ഗസ്സയിലെ നരവേട്ടക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ഗൂഗ്ള്‍ എഞ്ചിനീയര്‍മാര്‍
'വംശഹത്യക്ക് കരുത്തു പകരുന്ന സാങ്കേതി വിദ്യ നിര്‍മ്മിക്കാന്‍ സമ്മതമല്ല' ഇസ്‌റാഈല്‍ ടെക് കോണ്‍ഫറന്‍സിനിടെ ഗസ്സയിലെ നരവേട്ടക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ഗൂഗ്ള്‍ എഞ്ചിനീയര്‍മാര്‍
ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ഗൂഗ്ള്‍ എഞ്ചിനീയര്‍മാര്‍. ഗൂഗ്ള്‍ ഇസ്‌റാഈല്‍ മാനേജിങ് ഡയറക്ടര്‍ ബറാക് റെഗേവിന്റെ പ്രസംഗം തടസപ്പെടുത്തിയായിരുന്നു യുവ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ പ്രതിഷേധം.
തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഇസ്‌റാഈല്‍ ടെക് കോണ്‍ഫറന്‍സിനിടെയായിരുന്നു സംഭവം. ഇസ്‌റാഈല്‍ സൈന്യവുമായി ചേര്‍ന്നുള്ള ഗൂഗ്ളിന്റെ പദ്ധതികള്‍ക്കെതിരേയും അവര്‍ ശബ്ദമുയര്‍ത്തി.
'ഞാന്‍ ഗൂഗിള്‍ ക്ലൗഡ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. വംശഹത്യ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യ നിര്‍മ്മിക്കാന്‍ എനിക്ക് സമ്മതമല്ല' യുവ എന്‍ജിനീയര്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്തേക്ക് കൊണ്ടുപോയി. ഇസ്‌റാഈലിനെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
?️ ‘I refuse to build technology that powers genocide!’
— Anadolu English (@anadoluagency) March 4, 2024
Google software engineer interrupts speech by Google Israel managing director in apparent protest of project with Israeli military ⤵️ pic.twitter.com/40JyCir4eu
2017 മുതല്‍ ഗൂഗ്ളിന്റെ ഇസ്‌റാഈല്‍ മാനേജിങ് ഡയറക്ടറാണ് ബറാക് റെഗേവ്. ഇസ്‌റാഈലിന്റെ നിര്‍മിത ബുദ്ധി (എ.ഐ) വ്യവസായത്തെ കുറിച്ചാണ് റെഗേവ് പ്രഭാഷണം നടത്തിയത്. ഗസ്സ ആക്രമണത്തിന് ഇസ്‌റാഈല്‍ എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
സയണിസ്റ്റ് ഭരണകൂടത്തിനും സൈന്യത്തിനും ക്ലൗഡ് സര്‍വീസ് ലഭ്യമാക്കാനായി പ്രോജക്ട് നിംബസ് എന്ന പേരില്‍ 1.2 ദശലക്ഷത്തിന്റെ കരാറിലാണ് 2021ല്‍ ഗൂഗ്ള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. കരാറിന്റെ വിവരങ്ങള്‍ നേരത്തെ ഗാര്‍ഡിയന്‍ പുറത്തുവിട്ടിരുന്നു. ഗൂഗ്ള്‍ സാങ്കേതികവിദ്യ വഴി ഫലസ്തീനികളെ കൂടുതല്‍ നിരീക്ഷിക്കാനും നിയമവിരുദ്ധമായ ഡാറ്റ ശേഖരണത്തിനും ഫലസ്തീന്‍ ഭൂമിയില്‍ ഇസ്‌റാഈലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ വിപുലീകരിക്കാന്‍ സാധിക്കുമെന്നും ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇസ്‌റാഈലിന് സാങ്കേതിക സഹായം നല്‍കുന്ന ഗൂഗിളിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ഗൂഗിള്‍ ജീവനക്കാര്‍ നേരത്തേയും രംഗത്തെത്തിയിരുന്നു. ഡിസംബറില്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മൈ ഉബൈദ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഗൂഗ്ള്‍ ജീവനക്കാര്‍ ലണ്ടനില്‍ പ്രതിഷേധിച്ചത്.
2020ലെ ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ട് അപ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മെ ഉബൈദും കുടുംബവുമാണ് ഗസയില്‍ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗൂഗിള്‍ ഫണ്ട് ചെയ്യുന്ന കോഡിംഗ് ബൂട്ട് ക്യാമ്പായ ഗാസ സ്‌കൈ ഗീക്കില്‍ നിന്ന് ബിരുദം നേടിയ വ്യക്തികൂടിയാണ് ഉബൈദ്. ഒക്ടോബര്‍ 31 നാണ് ഉബൈദും കുടുംബവും കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."