കൃഷിപാഠത്തിലും എ പ്ലസ് നേടി പൊതുപ്രവര്‍ത്തകരായ ദമ്പതികള്‍
കൊപ്പം: പൊതുപ്രവര്‍ത്തനത്തോടൊപ്പം കൃഷിപാഠത്തിലും എപ്ലസ് നേടി ജൈത്രയാത്ര തുടരുകയാണ് വിളയൂര്‍ പഞ്ചായത്തംഗങ്ങളായ ഈ ദമ്പതികള്‍. പാടത്തും പറമ്പിലും മട്ടുപാവിലുമായി ഒരേക്കറോളം സ്ഥലത്താണ് മുസ്ലിം ലീഗ് വിളയൂര്‍ പഞ്ചായത്ത് ജന. സെക്രട്ടറിയും നാലാം വാര്‍ഡ് മെമ്പറുമായ ഹുസൈന് കണ്ടേങ്കാവും ഭാര്യയും മൂന്നാം വാര്‍ഡ് മെമ്പറുമായ സക്കീന ഹുസൈനും ചേര്‍ന്ന് കൃഷി ചെയ്യുന്നത്.
വിളയൂര്‍ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ ജൈവവളം ഉപയോഗിച്ച് ചെയ്ത കൃഷിയില്‍ പടവലം, കുമ്പളം, പയര്‍, ചീര, വഴുതന തുടങ്ങി കപ്പയും വാഴയും വരെയുണ്ട്. ഓണത്തിന് വിളവെടുക്കാന്‍ ഉദ്ദേശിക്കുന്ന കൃഷിയിലേക്കുള്ള ഏറെക്കുറെ വിത്തുകള്‍ ലഭിച്ചതും കൃഷിഭവന് മുഖേനെയാണ്. പൊതു പ്രവര്‍ത്തനത്തോടൊപ്പം ജീവകാരുണ്യ രംഗത്തും സജീവ സാനിധ്യമായ ഹുസൈന് കണ്ടേങ്കാവ് പട്ടാമ്പി മേഖലയിലെ പ്രഗത്ഭനായ ലീഗ് നേതാവാണ്. ഭാര്യ സക്കീന ഹുസൈന് വനിതാ ലീഗ് ഭാരവാഹിയും ജനപ്രതിനിധി എന്ന നിലയില്‍ മികച്ച പ്രതിഛായയുള്ള വ്യക്തിയാണ്. രണ്ടാം തവണയാണ് പഞ്ചായത്തംഗമായി തെരഞ്ഞടുക്കപ്പെട്ടത്. മാസം തോറും നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും ചികിത്സാ സഹായവും മറ്റു ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തുന്ന വിളയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനാണ് ഹുസൈന് കണ്ടേങ്കാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."