രക്തസാക്ഷികളെ തേടിനടക്കുന്ന കൊലക്കത്തികള്‍
ചെറിയ ഒരിടവേളയ്ക്കുശേഷം ഒരു രാഷ്ട്രീയ കൊലപാതക വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നു. ഇത്തവണ രക്തസാക്ഷിയായത് കാഞ്ഞങ്ങാട്ടെ ഔഫ് എന്ന ചെറുപ്പക്കാരനാണ്. ഒരു രക്തസാക്ഷിയുടെ ചോര വീഴുന്ന ദേശത്തിന് പിന്നെയെന്ത് സംഭവിക്കുന്നു എന്നാണ് ചിന്തിക്കേണ്ടത്. രക്തസാക്ഷിത്വമുണ്ടാക്കിയ വേദന മറികടന്നുകൊണ്ട് അവിടെ പകയും വിദ്വേഷവും പടരും. സാമുദായികമോ, രാഷ്ട്രീയമോ, മതപരമോ ഒക്കെയായ ഐക്യത്തിന്റെ സാധ്യതകളെ അത് അടച്ചുകളയും. തുടക്കത്തിലെ ആഘോഷങ്ങളൊക്കെ കഴിഞ്ഞാല്‍ അവസാനിക്കാത്ത വിഷാദത്തിലേയ്ക്ക് രക്തസാക്ഷിയുടെ വീട് വീണുപോകും. രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് അവരുടെ പ്രസ്ഥാനം എന്ത് സഹായം ചെയ്തുകൊടുത്താലും അവന്റെ വീടിനെ ബാധിച്ച വേദനയ്ക്ക് ശമനമുണ്ടാവില്ല. രക്തസാക്ഷിയാവുന്നത് തീവ്രതയേറിയ കേഡര്‍ പാര്‍ട്ടികളുടെ അംഗങ്ങളാവുമ്പോള്‍ പക വീട്ടാനും തുടര്‍കൊലപാതകം നടക്കാനുള്ള സാധ്യതയും കൂടുതലാണ്. ആര്‍.എസ്.എസ്, സി.പി.എം, എന്‍.ഡി.എഫ് (ഇപ്പോഴത്തെ എസ്.ഡി.പി.ഐ.) തുടങ്ങിയ സംഘടനകള്‍ക്ക് മേല്‍പറഞ്ഞ തീവ്രതയേറും. എണ്‍പതുകളുടെ ആദ്യത്തില്‍ തലശ്ശേരി - പാനൂര്‍ മേഖലയില്‍ ആര്‍.എസ്.എസുകാരും സി.പി.എം.കാരും പരസ്പരം കൊന്നുതള്ളിയ മനുഷ്യരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. അതേത്തുടര്‍ന്ന് ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റേയും ഗ്രാമങ്ങള്‍ ആയുധപ്പുരകളായി മാറി. അത്തരം ആയുധപ്പുരകളില്‍ നിന്നുള്ള ബോംബ് സ്‌ഫോടനത്തിന്റെ വാര്‍ത്തകള്‍ നമ്മള്‍ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. മനുഷ്യരെ കൊല്ലാനുള്ള പലതരം ആയുധങ്ങള്‍ വികസിപ്പിച്ചെടുത്തു. അതിനുവേണ്ടി പലതരം ഗവേഷണങ്ങള്‍ നടന്നു എന്നാണ് കേട്ടിട്ടുള്ളത്. നാദാപുരത്ത് സി.പി.എം - മുസ്‌ലിം ലീഗ് സംഘട്ടനം നടന്നപ്പോള്‍ അവിടുത്തെ മുസ്‌ലിം വിഭാഗക്കാരുടെ സാമ്പത്തിക അടിത്തറ തന്നെ തകര്‍ക്കാനാണ് എതിര്‍ രാഷ്ട്രീയ പ്രസ്ഥാനം പദ്ധതിയിട്ടത് എന്ന് പില്‍ക്കാലത്ത് വെളിപ്പെടുത്തുകയുണ്ടായി മാധ്യമങ്ങള്‍. വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും കനത്ത പ്രഹരമേല്‍പ്പിക്കാന്‍ പോന്ന സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കപ്പെട്ടു. അത്തരം സ്‌ഫോടക വസ്തുക്കളെ സംബന്ധിച്ച പഠനം തന്നെ ഞെട്ടിക്കുന്നതായിരുന്നു. നാദാപുരം ഭാഗങ്ങളില്‍ അവയെങ്ങനെ വന്നുചേര്‍ന്നു എന്നതും ദുരൂഹമാണ്.
ആര്‍.എസ്.എസ് - സി.പി.എം രാഷ്ട്രീയ സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും തുടക്കം 1968ല്‍ ആര്‍.എസ്.എസുകാരനായ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകമാണ്. അതില്‍ പിന്നെ ഇന്നേവരെ ശമനമുണ്ടായിട്ടുമില്ല.
രാഷ്ട്രീയക്കൊലപാതകങ്ങള്‍ പലതരത്തില്‍ സംഭവിക്കാം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബോധപൂര്‍വമല്ലാത്ത ആക്രമണങ്ങളും മരണങ്ങളും സംഭവിക്കാം. ഇത് ആള്‍ക്കൂട്ടമുണ്ടാക്കുന്ന വൈകാരികതയുടെ സൃഷ്ടിയാണ്. ഇത് അത്രമേല്‍ അപകടകരമായ കൊലപാതകമല്ല. ആ വൈകാരികനിമിഷത്തെ മറികടക്കുന്നതോടെ കൊലപാതകത്തിനു കാരണമായവരേയും കുറ്റബോധം വന്നുമൂടും. എന്നാല്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഹോംവര്‍ക്കിനു ശേഷം കൃത്യമായ പദ്ധതി തയാറാക്കി കൊലപാതകം നടത്തും. ടി.പി ചന്ദ്രശേഖരന്‍ വധം അത്തരത്തിലൊന്നാണ്. കാസര്‍കോട്ടെ കൃപേഷ്, ശരത്‌ലാല്‍ വധവും ഉദാഹരിക്കാം. ആര്‍.എസ്.എസും എന്‍.ഡി.എഫും ഒക്കെ ഇത്തരം കൊലപാതകങ്ങള്‍ നടത്താന്‍ മിടുക്കരാണ്. യഥാര്‍ഥ പ്രതികള്‍ക്കുപകരം പ്രസ്ഥാനങ്ങള്‍ തന്നെ പ്രതികളെ നല്‍കും. യഥാര്‍ഥ പ്രതികള്‍ പരിശീലനം കിട്ടിയ ആളുകളായിരിക്കും. അവര്‍ക്ക് പിന്നെയും കൊലപാതകങ്ങള്‍ നടത്തേണ്ടതുണ്ടാവും. അതിനാലാണ് കള്ളപ്രതികളെ നല്‍കുന്നത്. എന്നാല്‍ ചിലപ്പോള്‍ പാര്‍ട്ടികള്‍ക്കുതന്നെ കാര്യങ്ങള്‍ കൈവിട്ടുപോകും. ടി.പി വധത്തില്‍ അതാണ് സംഭവിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ അഭിരമിക്കുന്നവര്‍ പ്രത്യേക കൊലയാളി സംഘങ്ങളെ തീറ്റിപ്പോറ്റും. പ്രതികളെ രക്ഷിക്കില്ലെന്ന് പുറമേയ്ക്ക് പറയുമെങ്കിലും പ്രതികളെ രക്ഷിക്കാന്‍ കോടികള്‍ ചെലവഴിക്കും. രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കും. ഭരണ സ്വാധീനവും ഉപയോഗിക്കും. കേഡര്‍ പാര്‍ട്ടികള്‍ ഇത്തരം കൊലപാതകങ്ങള്‍ തെറ്റാണെന്ന് കരുതില്ല. അണികളില്‍ നിന്നും പൂര്‍ണപിന്തുണ ലഭിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും രാഷ്ട്രീയക്കൊലപാതകങ്ങള്‍ തെറ്റാണെന്നു കരുതുന്നില്ല. ഉന്മൂലനം പ്രത്യയശാസ്ത്രമായി അവര്‍ സ്വീകരിക്കുന്നു.
കൊലപാതകങ്ങള്‍ കേഡര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഒരു പരുക്കും ഏല്‍പ്പിക്കാത്തതുകൊണ്ടാണ് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്. ടി.പി വധം കഴിഞ്ഞപ്പോള്‍ സി.പി.എം അതോടെ തകരുമെന്ന് എല്ലാവരും കരുതി. പക്ഷേ ഒരു ചുക്കും സംഭവിച്ചില്ല. ഭംഗിയായി അവര്‍ അധികാരത്തിലെത്തി. തുടര്‍കൊലപാതകങ്ങള്‍ അവര്‍ ധാരാളം നടത്തുകയും ചെയ്തു. സത്യം പറയണമല്ലൊ വലിയ സി.പി.എം നേതാക്കളും കൃത്യമായ പദ്ധതികളുടെ പേരില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. അഴീക്കോടന്‍ രാഘവനും നിലമ്പൂര്‍ കുഞ്ഞാലിയുമൊക്കെ ഉദാഹരണം.
മിക്ക രാഷ്ട്രീയക്കൊലപാതകങ്ങളും മേല്‍ക്കൈ ഉറപ്പിക്കുന്നതിനുവേണ്ടി നടത്തുന്നതാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന് നമ്മള്‍ വിളിക്കുന്നത് പാര്‍ട്ടി ആധിപത്യ പ്രദേശങ്ങളെയാണ്. എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള കാംപസുകളും ഈ ഗണത്തില്‍പ്പെടും. ഒരുതരത്തിലുള്ള ജനാധിപത്യവും അവിടെ ഉണ്ടാവില്ല. പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍ശബ്ദങ്ങള്‍ ഉണ്ടാവാന്‍ അനുവദിക്കില്ല. പാര്‍ട്ടിക്ക് അനിഷ്ടകരമായ യാതൊന്നും അനുവദിക്കില്ല. ചീമേനിയില്‍ എസ്.കെ.എസ്.എസ്.എഫിന്റെ പതാക ഉയര്‍ത്തുന്നത് തടയപ്പെടാന്‍ കാരണമതാണ്. ആധിപത്യം നഷ്ടപ്പെടുകയാണോ എന്ന ഭയമാണ് പ്രകോപനത്തിനു കാരണമാവുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് നാമനിര്‍ദേശ പത്രിക നല്‍കാന്‍പോലും സി.പി.എം അധിനിവേശ പ്രദേശങ്ങളില്‍ അനുവാദമില്ല. ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കടക്കാത്ത പ്രദേശങ്ങളാണവ. അവിടുത്തെ ജനങ്ങല്‍ക്കിടയില്‍ ഹിംസാ വാസന പതിയിരിക്കും. അവസരം വരുമ്പോള്‍ അത് പുറത്തുചാടും. ആര്‍.എസ്.എസും ഇത്തരം പാര്‍ട്ടി ഗ്രാമങ്ങള്‍ പരിപാലിക്കുന്നു.
കൊലപാതകങ്ങളെക്കാള്‍ അപകടകരമാണ് ന്യായീകരണങ്ങള്‍. സി.പി.എം നടത്തുന്ന രാഷ്ട്രീയക്കൊലപാതകങ്ങളെ എം.എന്‍ വിജയന്‍ മാഷ് പോലും എത്രയോ തവണ ന്യായീകരിച്ചിട്ടുണ്ട്. കൊലപാതകത്തെ ഒരു രാഷ്ട്രീയാദര്‍ശമായി സ്വീകരിക്കുന്നത് കൊണ്ടാണത്. ടി.പി ചന്ദ്രശേഖരന്‍ വധം കഴിഞ്ഞപ്പോള്‍ അതിനെ അപലപിച്ച ധാരാളം പേരെ സി.പി.എം പുറത്താക്കുകയാണ് ചെയ്തത്.
ജനാധിപത്യ പ്രക്രിയയില്‍ രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഒരശ്ലീലം തന്നെയാണ്. ഇത് തിരിച്ചറിയുന്ന നേതാക്കളും അപൂര്‍വമാണ്. അബ്ദുറഹിമാന്‍ ഔഫിന്റെ വീട് സന്ദര്‍ശിക്കാന്‍ മുനവ്വറലി തങ്ങള്‍ കാണിച്ച ധൈര്യവും ആര്‍ജ്ജവവും പുതിയൊരു രാഷ്ട്രീയപാഠമാണ്. നാം അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് നല്‍കിയേ പറ്റൂ. കൊലയാളികളെ അതാതു പാര്‍ട്ടികളില്‍ നിന്ന് നിഷ്‌കരുണം പുറത്താക്കണം. അവര്‍ പാര്‍ക്കുന്ന ദേശങ്ങളില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കണം. കേസ് നടത്താന്‍ ഒരു സഹായവും നല്‍കരുത്. ജനാധിപത്യ പാര്‍ട്ടികള്‍ക്ക് അത് സാധിക്കും. പക്ഷേ കേഡര്‍ പാര്‍ട്ടികള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഇനിയും തുടരും. രക്തം ഇറ്റു വീഴുന്ന നിലവിളികള്‍ ഒടുങ്ങില്ല. മുനവ്വറലി ശിഹാബ് തങ്ങളെപ്പോലുള്ളവര്‍ കൊലനിലങ്ങളിലൂടെ ഏകാകികളായി സമാശ്വാസത്തിന്റെ വാക്കുകള്‍ ഉരുവിട്ടുകൊണ്ട് നടന്നുപോകും. ഇരുട്ടില്‍ ഇത്തരം വെളിച്ചങ്ങളെങ്കിലും ഉണ്ടല്ലൊ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."