HOME
DETAILS
MAL
വാഹനങ്ങളില്‍ കാതടപ്പിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാല്‍ ഇനി ജയില്‍
backup
January 01 2021 | 20:01 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വാഹനങ്ങളില്‍ കാതടപ്പിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാല്‍ ജയില്‍ ശിക്ഷ നല്‍കാനൊരുങ്ങി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 2000ലെ ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ ശിക്ഷ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുക. സാധാരണ കാതടിപ്പിക്കുന്ന ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴയില്‍ കാര്യങ്ങള്‍ അവസാനിക്കുമായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ശബ്ദ മലിനീകരണ തോത് ഉയര്‍ന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടികള്‍ കടുപ്പിക്കാനൊരുങ്ങുന്നത്.
എയര്‍ ഹോണുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപവരെയും നിരോധിത മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവര്‍ക്ക് 500 രൂപ വരെയുമാണ് നിലവില്‍ പിഴ ഈടാക്കുന്നത്. സംസ്ഥാനത്ത് ശബ്ദമലിനീകരണം കൂടിയതോടെ ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പൊലിസിനും മോട്ടോര്‍ വാഹന വകുപ്പിനും നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയും ഇതിനായി ട്രൈബ്യൂണല്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പൊലിസിന് പരിശീലനം നല്‍കുന്നതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ആദ്യഘട്ട പരിശീലനം എറണാകുളം ഗാന്ധിനഗറിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റീജിയണല്‍ ഓഫിസില്‍ നടന്നു. തിരുവനന്തപുരം, കോഴിക്കോട് മേഖലകളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം അടുത്ത ദിവസങ്ങളില്‍ നടക്കും.
സംസ്ഥാനത്തെ പല സ്വകാര്യ ബസുകളിലും ലക്ഷ്വറി ബസുകളിലും 125 ഡെസിബല്‍ വരെ ശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ഹോണുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. വാഹനങ്ങള്‍ ടെസ്റ്റിനു പോകുമ്പോള്‍ സാധാരണ ഹോണുകള്‍ ആയിരിക്കും അവയില്‍ സ്ഥാപിച്ചിട്ടുണ്ടായിരിക്കുക. ടെസ്റ്റ് കഴിഞ്ഞു വന്നാല്‍ അവ അഴിച്ചുമാറ്റി വന്‍ ശബ്ദം പുറപ്പെടുവിക്കുന്ന തരം ഹോണുകള്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
ദൂരയാത്ര ചെയ്യുന്ന സ്വകാര്യ ബസുകളിലെ യാത്രക്കാരാണ് ശബ്ദമലിനീകരണത്തിന്റ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത്. നഗരത്തിലെ തിരക്കുള്ള ജങ്ഷനുകളിലെ ശരാശരി ശബ്ദകോലാഹലം 80 ഡെസിബലിന് മുകളിലാണ്. ഗതാഗത കുരുക്കുണ്ടാകുമ്പോള്‍ ഒരു വാഹനം ഒരു മിനിറ്റില്‍ ശരാശരി അഞ്ചു മുതല്‍ 10വരെ തവണ ഹോണ്‍ മുഴക്കും. 70 ഡെസിബലില്‍ കൂടുതലുള്ള ശബ്ദം കേള്‍വിക്ക് തകരാര്‍ ഉണ്ടാക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."